UPDATES

വിദേശം

രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ഒരു ഖത്തര്‍ വിമാനം സൗദിയിലിറങ്ങി, ജി.സി.സി രാജ്യങ്ങളുടെ സുപ്രധാന യോഗത്തില്‍ ഖത്തര്‍ പങ്കെടുക്കും

അമേരിക്കയുടെ ഇടപെടലുകളാണ് ഖത്തറിനും സൗദിക്കുമിടയിലെ മഞ്ഞുരുകലിനു വഴിവെച്ചത്.

നാളെ നടക്കാന്‍ പോകുന്ന ജി.സി.സി രാജ്യങ്ങളുടെ സുപ്രധാന യോഗത്തില്‍ ഖത്തര്‍ പങ്കെടുക്കും. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സാധ്യതകളുടെ പശ്ചാത്തലത്തിലിലാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്. അമേരിക്കയുടെ ഇടപെടലുകളാണ് ഖത്തറിനും സൗദിക്കുമിടയിലെ മഞ്ഞുരുകലിനു വഴിവെച്ചത്.

പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി-യാണ് ഖത്തറിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുകയെന്ന് ‘അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അനുരഞ്ജന ശ്രമങ്ങളുടെ ഏറ്റവും വലിയ സൂചനയായിട്ടായിരിക്കും ഈ യോഗത്തെ വിലയിരുത്തപ്പെടുക. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഖത്തര്‍ വിമാനം സൗദിയിലിറങ്ങിയത്. ഉപരോധത്തെ തുടര്‍ന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിന് മുന്നില്‍ വ്യോമപാത അടച്ചിരുന്നു.

ഖത്തര്‍ – സൗദി അറേബ്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും, പശ്ചിമേഷ്യയില്‍ ഉടനീളം സ്ലീം ബ്രദര്‍ഹുഡിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കാനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സൗദിയിലെ സല്‍മാന്‍ രാജാവിന്റെ ക്ഷണം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

ഇറാനും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള പ്രതിസന്ധിയാവും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി ഇറാന്റെ ആണവ പദ്ധതികളെ പിന്തുണക്കുന്ന രാജ്യമാണ് ഖത്തര്‍. വളരെ സ്വതന്ത്രമായ വിദേശനയമാണ് അവര്‍ പിന്തുടരുന്നത്. മേഖലയിലേക്കുള്ള ഇറാന്റെ കടന്നുകയറ്റം അവസാനിപ്പിക്കാന്‍ അമേരിക്ക പരമാവധി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഖത്തര്‍ അതൊന്നും കാര്യമാക്കുന്നില്ല. അതേസമയം, ഗള്‍ഫിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനികത്താവളം ഉള്ളത് ഖത്തറിലാണ്.

ഇറാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഖത്തറിനെതിരായി നിലനില്‍ക്കുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന് മറ്റ് ജി.സി.സി രാഷ്ട്രങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഉപരോധ കാലത്താണ് ഖത്തര്‍ ഇറാനുമായി കൂടുതല്‍ അടുത്തത് എന്നാണു അമേരിക്കയുടെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ ഇറാനെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ അമേരിക്കക്ക് ഖത്തറിന്റെ സഹായവും അറബ് ഐക്യവും അനിവാര്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍