UPDATES

വിദേശം

മ്യാന്‍മറിലെ 500 ദിവസത്തെ തടവ് ജീവിതത്തിന് ശേഷം റോയിട്ടേഴ്‌സിന്റെ പുലിറ്റ്‌സര്‍ ജേതാക്കളായ രണ്ട് മാധ്യമപ്രവര്‍ത്തകരും മോചിതരായി

മോചിതനായതിന് ശേഷം വാ ലോണ്‍ ബിബിസിയോട് പറഞ്ഞത് താന്‍ ഒരിക്കലും മാധ്യമപ്രവര്‍ത്തനം നിര്‍ത്തില്ലെന്നാണ്.

മ്യാന്‍മറിലെ ജയിലിലെ 500 ദിവസത്തെ തടവ് ജീവിതത്തിന് ശേഷം റോയിട്ടേഴ്‌സിന്റെ പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാക്കളായ രണ്ട് മാധ്യമപ്രവര്‍ത്തകരും മോചിതരായി. മ്യാന്‍മറിന്റെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്നാരോപിച്ചുള്ള കേസില്‍ ഏഴ് വര്‍ഷത്തെ തടവുശിക്ഷയാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടര്‍മാരായ വാ ലോണ്‍ (33), ക്യോ സോ ഓ (29) എന്നിവര്‍ക്ക് ലഭിച്ചത്. 2017 ഡിസംബറിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മോചിതനായതിന് ശേഷം വാ ലോണ്‍ ബിബിസിയോട് പറഞ്ഞത് താന്‍ ഒരിക്കലും മാധ്യമപ്രവര്‍ത്തനം നിര്‍ത്തില്ലെന്നാണ്. ‘ഞാന്‍ ശരിക്കും സന്തോഷവാനാണ്. സഹപ്രവര്‍ത്തകെയും കുടുംബത്തെയും വീണ്ടും കാണാന്‍ സാധിക്കുന്നതില്‍ അകാംക്ഷഭരിതനാണ്. എന്റെ ന്യൂസ് റൂമിലേക്ക് പോകുന്നതിനായി ഇനിയും കാത്തിരിക്കാന്‍ കഴിയില്ല.’ എന്നായിരുന്നു വാ ലോണിന്റെ പ്രതികരണം.

പരമ്പരാഗത പുതുവത്സര ദിനത്തോട് (ഏപ്രില്‍ 17) അനുബന്ധിച്ച് ആയിരത്തോളം തടവുകാരെ മ്യാന്‍മാര്‍ വിട്ടയച്ചതിന്റെ ഭാഗമായിട്ടാണ് ഇവരും മോചിതരായത്. ‘മ്യാന്‍മാര്‍ ഞങ്ങളുടെ ധീരമാരായ മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചതില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു’, എന്നാണ് റോയിട്ടേഴ്‌സിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീഫന്‍ ജെ അഡ്‌ലര്‍ തങ്ങളുടെ ജീവനക്കാര്‍ മോചിതരായിതില്‍ പ്രതികരിച്ചത്.

രാഖിന്‍ പ്രവിശ്യയില്‍ 10 റോഹിംഗ്യ മുസ്ലീങ്ങളെ ബുദ്ധമത തീവ്രവാദികളും സൈന്യവും ചേര്‍ന്ന് കൂട്ടക്കൊല നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയവേയാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഒമ്പത് മാസത്തെ വിചാരണയ്ക്ക് ശേഷമായിരുന്നു ശിക്ഷാവിധി. തുടര്‍ന്ന് പൗരാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ശക്തമായ പ്രതിഷേധമായിരുന്നു നടത്തിയത്.

ഓങ് സാന്‍ സൂ ചിക്കെതിരെയും മ്യാന്‍മാര്‍ പ്രസിഡന്റ് വിന്‍ മിയന്റിനെതിരെയും ശക്തമായ സമ്മര്‍ദ്ദവുണ്ടായിരുന്നു. മ്യാന്‍മര്‍ ഭരണത്തെ നിയന്ത്രിക്കുന്ന സൂ ചിയും അവരുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയും (എന്‍എല്‍ഡി) അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനവും പ്രതിഷേധവുമാണ് മാധ്യമസ്വാതന്ത്യവും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തുന്നതില്‍ നേരിടുന്നത്.

മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവിശ്യപ്പെട്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വിവിധ വിദേശ ഗവണ്‍മെന്റുകളും യുഎന്നും ആവശ്യപ്പെട്ടിരുന്നു. 2013ലെ ടെലികമ്മ്യൂണിക്കേഷന്‍ ലോ അടക്കമുള്ള സെന്‍സര്‍ഷിപ്പ് കരിനിയമങ്ങള്‍ വലിയ തോതിലുള്ള ജനാധിപത്യ ധ്വംസനമാണ് മ്യാന്‍മറിലുണ്ടാക്കുന്നത്.

*ചിത്രം – റോയിട്ടേഴ്‌സ്‌

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍