UPDATES

വിദേശം

മതനിന്ദ ആരോപിച്ച് ഹിന്ദു അധ്യാപകനെതിരെ കേസ്; പാകിസ്താനിലെ സിന്ധ് പബ്ലിക് സ്‌കൂള്‍ അടിച്ചു തകര്‍ത്തു

പ്രതിഷേധക്കാര്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാകിസ്താനിലെ മനുഷ്യാവകാശ കമ്മീഷനാണ് പുറത്തുവിട്ടത്.

മതനിന്ദ ആരോപിച്ച് ഹിന്ദുവായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തതിനെ തുടര്‍ന്ന് പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട്. രക്ഷിതാവായ അബ്ദുല്‍ അസീസ് രജ്പുത്തിന്റെ പരാതിയില്‍ സിന്ധ് പബ്ലിക് സ്‌കൂളിന്റെ പ്രിന്‍സിപ്പലിനെതിരെയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രതിഷേധക്കാര്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാകിസ്താനിലെ മനുഷ്യാവകാശ കമ്മീഷനാണ് പുറത്തുവിട്ടത്. സംഭവത്തില്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ‘ഘോട്കിയില്‍ മതനിന്ദ ആരോപണവും തുടര്‍ന്ന് ആള്‍കൂട്ട അക്രമവും പൊട്ടിപ്പുറപ്പെട്ടുവെന്ന ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്’ എന്ന് മനുഷ്യാവകാശ കമ്മീഷന്‍ ട്വീറ്റ് ചെയ്തു.

പ്രതിഷേധക്കാരുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതില്‍ ഒരു ഹിന്ദു ക്ഷേത്രം നശിപ്പിക്കുകയും സംഭവം നടന്ന സ്‌കൂള്‍ ആക്രമിക്കുകയും ചെയ്യുന്നതായി കാണാം. ന്യൂനപക്ഷ ഹിന്ദു സമുദായത്തെ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സിന്ധ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

പ്രദേശത്തെ ക്രമസമാധാന നിലവില്‍ പോലീസിന്റെ നിയന്ത്രണത്തിലാണെന്ന് ഘോട്കി സീനിയര്‍ പോലീസ് സൂപ്രണ്ട് ഫാറൂഖ് ലഞ്ചര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗുരുതരമായ സാഹചര്യമാണ് പ്രദേശത്തുള്ളത് എന്ന് സ്ഥിരീകരിച്ച സുകൂര്‍ അഡീഷണല്‍ ഐ.ജി.പി ജമീല്‍ അഹമ്മദ് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പോലീസ് പരമാവധി ശ്രമിക്കുന്നുണ്ടെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

Read: സൗദിയിലെ അരാംകോ പ്ലാന്റുകള്‍ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണം – എണ്ണവില കുതിച്ചുയരുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍