30 ദിവസത്തെ തടവ് ശിക്ഷയില്‍ കഴിയുന്ന അലക്സി നവാല്‍നിയെ ജയില്‍ അധികൃതരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
റഷ്യയില്‍ തടവിലായ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നി രാസവാതകം ശ്വസിച്ച് ആശുപത്രിയില്‍. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ജനങ്ങളെ വിളിച്ചതിന് അദ്ദേഹത്തെ കഴിഞ്ഞയാഴ്ച അറസ്റ്റുചെയ്തിരുന്നു. 30 ദിവസത്തെ തടവ് ശിക്ഷയില്‍ കഴിയുന്ന നവാല്‍നിയെ ജയില്‍ അധികൃതരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ നവാല്‍നിയുടെ അനുയായികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പതിറ്റാണ്ടുകള്‍ക്കിടയില്‍ റഷ്യ കണ്ട ഏറ്റവുംവലിയ ജനകീയ പ്രക്ഷോഭത്തിനാണ് അദ്ദേഹം കഴിഞ്ഞ ശനിയാഴ്ച നേതൃത്വം നല്‍കിയത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത 1,300-ല്‍ അധികം ആളുകളെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. സെപ്റ്റംബറില്‍ നടക്കുന്ന മോസ്കോ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യപ്പെടുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ അപേക്ഷ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് അധികൃതര്‍ വിസമ്മതിച്ചതിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.
കടുത്ത അലര്‍ജി ബാധിതനായ നവാല്‍നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അദ്ദേഹത്തിന്റെ വക്താവ് കിര യര്മിഷാണ് പുറത്തുവിടുന്നത്. ഇതിന് മുമ്പ് അദ്ദേഹത്തിന് അലര്‍ജിയുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നവാല്‍നിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹത്തിന്റെ ഡോക്ടര്‍മാരില്‍ ഒരാളായ അനസ്താസിയ വാസിലീവ ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘താനും ഒരു സഹപ്രവര്‍ത്തകനും ആശുപത്രിയില്‍ നവാല്‍നിയെ സന്ദര്‍ശിച്ചിരുന്നുവെന്നും, ആദ്യം പ്രവേശനം നിഷേധിച്ചുവെങ്കിലും ഒടുവില്‍ അദ്ദേഹത്തെ പരിശോധിക്കാന്‍ കഴിഞ്ഞുവെന്നും’ അവര്‍ പറയുന്നു.
നവാല്‍നിയുടെ ജീവന് ഇപ്പോള്‍ സുരക്ഷിതമാണെങ്കിലും ആരോഗ്യ നിലയെകുറിച്ചുള്ള വാര്‍ത്ത ഒരു മുന്നറിയിപ്പാണ്. റഷ്യയിലെ പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ ബോറിസ് നെംത്സോവിനെ 2015-ല്‍ ക്രെംലിനു പുറത്ത് വെടിവച്ച് കൊന്നിരുന്നു. ‘തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി’ എന്നാരോപിച്ച് മറ്റ് നിരവധി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും ജയിലിലടക്കപ്പെട്ടിട്ടുണ്ട്.