UPDATES

വിദേശം

കാശ്മീരില്‍ സമാധാനവും സ്ഥിരതയും വേണം, ജനങ്ങളുമായി ചര്‍ച്ചചെയ്തുകൊണ്ടു വേണമായിരുന്നു തീരുമാനം നടപ്പാക്കേണ്ടിയിരുന്നത്: അമേരിക്ക

കാശ്മീരിലെ ജനങ്ങളുമായി ചര്‍ച്ചചെയ്തുകൊണ്ടുമാണ് ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കേണ്ടതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ്

കാശ്മീരില്‍ ‘സമാധാനവും സ്ഥിരതയും’ വേണമെന്ന് അമേരിക്ക. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിനു തൊട്ടുപിറകെയാണ് അമേരിക്കയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട പ്രമേയം രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിനു മുന്‍പുതന്നെ ജമ്മു കാശ്മീരില്‍ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

മേഖലയിലുടനീളം സൈന്യത്തെ വിന്യസിച്ച സര്‍ക്കാര്‍ പ്രധാന നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കുകയും, ശ്രീനഗറിലും മറ്റ് ജില്ലകളിലും അനിശ്ചിതകാല നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും, ജനങ്ങള്‍ സംഘടിപ്പിക്കുന്നതിനും യോഗങ്ങള്‍ നടത്തുന്നതിലും വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീരിലെ സംഭവവികാസങ്ങള്‍ സാകൂതം വീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് പറഞ്ഞു. ആളുകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും, വ്യക്തികളുടെ മൗലികാവകാശങ്ങളെ ബഹുമാനിച്ചുകൊണ്ടും അവിടുത്തെ ജനങ്ങളുമായി ചര്‍ച്ചചെയ്തുകൊണ്ടുമാണ് ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കേണ്ടതെന്നും അവര്‍ ഒരു പ്രസ്താവനയിലൂടെ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും പാക്കിസ്ഥാനും ഒരേപോലെ അവകാശപ്പെടുന്ന ഭൂമികയാണ് കാശ്മീര്‍. 1947-ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം ഇരുരാജ്യങ്ങളും പ്രത്യേക ഭാഗങ്ങളിലായി അപ്രമാദിത്വം സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന മൂന്ന് യുദ്ധങ്ങളില്‍ രണ്ടും ഈ പ്രദേശത്തെ ചൊല്ലി ഉണ്ടായതാണ്.

അതേസമയം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ വിമര്‍ശിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. കാശ്മീര്‍ സംബന്ധിച്ച തര്‍ക്കത്തിലെ കക്ഷി എന്ന നിലയില്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കത്തെ തടയാന്‍ സാധ്യമായ നടപടികളെല്ലാം പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകും. സ്വയംഭരണാധികാരം സംബന്ധിച്ച അവകാശത്തിന്റെ കാര്യത്തില്‍ കാശ്മീരിലെ ജനങ്ങള്‍ക്ക് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് എല്ലാവിധ നയതന്ത്ര പിന്തുണയും ഉറപ്പുനല്‍കുന്നതായും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.

ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. പ്രാദേശിക സമൂഹങ്ങളുമായി ചര്‍ച്ച നടത്തി തീരുമാനമേടുക്കണമെന്നു ജര്‍മ്മനിയും, പൊടുന്നനെയുള്ള ഈ തീരുമാനം കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകാന്‍ ഇടവരുത്തുമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും പറഞ്ഞു.

Read: ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വന്നതെങ്ങനെ? ചരിത്രവസ്തുതകള്‍ ഇതാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍