UPDATES

വിദേശം

ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചതിന് സ്നോഡനെതിരെ അമേരിക്കയില്‍ കേസ്

സ്‌നോഡന്റെ പുസ്തകത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ സിഎഎയുമായും എന്‍എസ്എയുമായും അദ്ദേഹം ഒപ്പുവച്ച കരാറുകളുടെ ലംഘനമാണ് എന്നാണ് ആരോപണം.

മുന്‍ സിഐഎ ഉദ്യോഗസ്ഥനും നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) വിസില്‍ബ്ലോവറുമായ എഡ്വേര്‍ഡ് സ്‌നോഡനെതിരെ യുഎസ് സര്‍ക്കാര്‍ മറ്റൊരു സിവില്‍ കേസുകൂടി ഫയല്‍ ചെയ്തു. തന്റെ ജീവിതം വിവരിക്കുന്ന ‘പെര്‍മനെന്റ് റെക്കോഡ്’ എന്ന ആത്മകഥ രൂപത്തിലുള്ള പുസ്തകം പ്രസിദ്ധീകരിച്ചതാണ് കാരണം. പുസ്തകത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ സിഎഎയുമായും എന്‍എസ്എയുമായും അദ്ദേഹം ഒപ്പുവച്ച കരാറുകളുടെ ലംഘനമാണ് എന്നാണ് ആരോപണം.

കരാര്‍ പ്രകാരം പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് കൂടുതല്‍ അവലോകനത്തിനായി ഏജന്‍സികള്‍ക്ക് അത് സമര്‍പ്പിക്കണമായിരുന്നു എന്നാണ് പറയുന്നത്. കൂടാതെ, രഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്‌നോഡന്‍ പരസ്യ പ്രസംഗങ്ങള്‍ നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രസിദ്ധീകരണം തടയാന്‍ ശ്രമിക്കുന്നില്ലെങ്കിലും, അതുവഴി നേടിയ എല്ലാ വരുമാനവും പിടിച്ചെടുക്കാനാണ് കേസുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

‘എഡ്വേര്‍ഡ് സ്‌നോഡന്‍ സിഎഎയിലെ ജോലിയുടെ ഭാഗമായും എന്‍എസ്എ കരാറുകാരനെന്ന നിലയിലും ഒപ്പുവച്ച കരാറുകള്‍ ലംഘിച്ചതിലൂടെ അമേരിക്കയോടുള്ള ബാധ്യതയുമാണ് ലംഘിച്ചതെന്ന്’ നീതിന്യായ വകുപ്പിന്റെ സിവില്‍ ഡിവിഷനിലെ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ജോഡി ഹണ്ട് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

പുസ്തകം വാങ്ങാനുള്ള ആമസോണ്‍ ലിങ്ക് ട്വീറ്റ് ചെയ്തുകൊണ്ടാണ് സ്‌നോഡന്‍ അതിനു മറുപടി പറഞ്ഞത്. ‘ഇന്ന് ലോകമെമ്പാടും പുറത്തിറങ്ങിയ എന്റെ ഓര്‍മ്മക്കുറിപ്പിനെതിരെ അമേരിക്കന്‍ സര്‍ക്കാര്‍ കേസേടുത്തിരിക്കുകയാണ്. ഈ പുസ്തകം നിങ്ങള്‍ വായിക്കരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്’ എന്ന് അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു.

മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍, ഫേസ്ബുക്ക്, സ്‌കൈപ്പ്, യുട്യൂബ്, ആപ്പിള്‍ എന്നിവയടക്കം ഒന്‍പത് അമേരിക്കന്‍ ടെക് കമ്പനികളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത 2013-ലാണ് സ്നോഡന്‍ പുറത്തുവിടുന്നത്. പ്രിസം എന്ന രഹസ്യ നാമത്തില്‍ അറിയപ്പെട്ട ഈ പദ്ധതി അമേരിക്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രഹസ്യചോര്‍ച്ചയാണെന്നാണ് കരുതപ്പെടുന്നത്.

അതോടെ അമേരിക്കയില്‍ നില്‍ക്കാന്‍ കഴിയാതെവന്ന സ്നോഡന്‍ ഹോങ്കോങ്ങില്‍ അഭയം തേടി. അവിടെനിന്നും ക്യൂബയിലേക്ക് പോകാന്‍ റഷ്യയില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് അമേരിക്ക റദ്ദാക്കുന്നത്. തുടര്‍ന്ന് റഷ്യയില്‍ കുടുങ്ങിയ സ്‌നോഡന്‍ അവിടെ ഇരുന്ന് രചിച്ച പുസ്തകമാണ് ‘പെര്‍മനെന്റ് റെക്കോഡ്’.

Read: ദക്ഷിണേന്ത്യയെ വൈകാരികമായി മുറിവേല്‍പ്പിച്ച് ഏകഭാഷാ സിദ്ധാന്തം വീണ്ടും പൊടിതട്ടിയെടുക്കുന്നതിനു പിന്നില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍