UPDATES

വിപണി/സാമ്പത്തികം

വ്യാപാരയുദ്ധം: ചൈന ‘നോട്ടുതട്ടിപ്പുകാരെന്ന്’ യുഎസ്

കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്ന വ്യാപാരയുദ്ധത്തിനു തയാറെടുക്കുകയാണ് ചൈന ഇപ്പോള്‍ ചെയ്യേണ്ടതെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ അഭിപ്രായം

ചൈനയൊരു കറന്‍സി മാനിപ്പുലേറ്ററാണെന്ന് യു.എസ്. ‘കടുത്ത മത്സരം നടക്കുന്ന അന്താരാഷ്ട്ര വ്യാപാരത്തില്‍ അന്യായമായ നേട്ടം കൈവരിക്കുന്നതിനായി’ ചൈന അവരുടെ കറന്‍സിയില്‍ കൃത്രിമം കാണിക്കുകയാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍ ആരോപിച്ചു. ഈ പ്രവണത അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര നാണയ നിധിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്യായമായ വ്യാപാര രീതികളും കറന്‍സി കൃത്രിമത്വവും ഉപയോഗിച്ച് യുഎസില്‍ നിന്ന് നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ ലാഭമാണ് ചൈന ഉണ്ടാക്കുന്നതെന്നും, അത് നേരത്തേ അവസാനിപ്പിക്കേണ്ടതായിരുന്നു എന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ഒരു ദശകത്തിനിടെ ആദ്യമായി ഡോളറുമായി ബന്ധപ്പെട്ട് ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം ചൈന മനപ്പൂര്‍വ്വം കുറച്ചിരുന്നു. ചൊവ്വാഴ്ച നടന്ന ഓഫ്ഷോര്‍ ഏഷ്യന്‍ വ്യാപാരത്തില്‍ ഒരു ഡോളറിന് 7.1397 എന്ന നിലയിലായിരുന്നു യുവാന്‍. കറന്‍സിയുടെ ഈ മൂല്യത്തകര്‍ച്ച ചൈനയ്ക്കെതിരായ ഏകപക്ഷീയമായ വാണിജ്യ-സംരക്ഷണ നടപടികളുടെ ഫലമാണെന്ന് ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.

അതിനാല്‍ അമേരിക്കയില്‍നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്തുകയാണെന്നും പുതുതായി വാങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ നിരസിക്കുകയില്ലെന്നും ബീജിംഗ് പിന്നീട് വ്യക്തമാക്കി. നേരത്തെ, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്ലി അമേരിക്കന്‍ നിലപാടുകള്‍ക്കെതിരെ ശക്തമായ ലേഖനം എഴുതിയിരുന്നു.

‘നിലവിലെ അന്താരാഷ്ട്ര വാണിജ്യ ക്രമത്തെ യു.എസ് മനപൂര്‍വ്വം നശിപ്പിക്കുകയാണെന്നും, അമേരിക്കയിലെ ചിലര്‍ അന്താരാഷ്ട്ര നിയമങ്ങളും സംവിധാനങ്ങളും നശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും’ കറന്‍സി മാനിപ്പുലേഷന്‍ എന്ന ആരോപണം പരാമര്‍ശിക്കാതെ ലേഖനം വിമര്‍ശിച്ചു. ട്രംപ് ആഗ്രഹിക്കുന്ന തരത്തില്‍ ഇരു രാജ്യങ്ങളും വേഗത്തില്‍ ധാരണയിലെത്തുന്നതിനെക്കാള്‍ കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്ന വ്യാപാരയുദ്ധത്തിനു തയാറെടുക്കുകയാണ് ചൈന ഇപ്പോള്‍ ചെയ്യേണ്ടതെന്നാണു ചൈനീസ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.

ചൈനയുമായുള്ള വ്യാപാരയുദ്ധം കൂടുതല്‍ സങ്കീര്‍ണമാകുമെന്നു സൂചന നല്‍കിയും ചൈനയെ സമ്മര്‍ദത്തിലാക്കാന്‍ ലക്ഷ്യമിട്ടും ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് 10 ശതമാനം ഇറക്കുമതിച്ചുങ്കം കൂടി ചുമത്തിയിരുന്നു. രണ്ട് വാണിജ്യ ശക്തികള്‍ തമ്മിലുള്ള ഈ സംഘര്‍ഷം അന്താരാഷ്ട്ര ഓഹരി വിപണികളെയും ബാധിച്ചിട്ടുണ്ട്. ഡോ ജോണ്‍സ് സൂചിക തിങ്കളാഴ്ച മാത്രം 3 ശതമാനത്തോളമാണ് ഇടിഞ്ഞത്. ഏഷ്യയിലേയും യൂറോപ്പിലേയും വിപണികള്‍ സമാനമായ അവസ്ഥ നേരിടുകയാണ്.

EDITORIAL70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നു തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയിലെ ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്ന് തകരുകയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍