UPDATES

വിദേശം

മയക്കുമരുന്ന് സംഘത്തിനൊപ്പം വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ്; വിവാദങ്ങള്‍ക്ക് പിന്നില്‍ മഡുറോ ഭരണകൂടത്തിന്റെ കിരാത കരങ്ങളെന്ന് ജുവാന്‍ ഗ്വീഡോ

കൊളംബിയന്‍ ക്രിമിനല്‍ സംഘത്തിലെ അംഗങ്ങളായ റാസ്‌ട്രോജോസ് എല്‍ ബ്രദര്‍, എല്‍ മേനര്‍ എന്നിവര്‍ക്കൊപ്പമാണ് ഗ്വീഡോ ഫോട്ടോയെടുത്തത്.

നിക്കോളാസ് മഡുറോയെ അട്ടിമറിക്കാന്‍ പോരാടുന്ന വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് ജുവാന്‍ ഗ്വീഡോ കൊളംബിയന്‍ ക്രിമിനല്‍ സായുധസംഘത്തിന്റെ കൂടെനിന്ന് എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ വെനസ്വേലയില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. കൊളംബിയന്‍ ക്രിമിനല്‍ സംഘത്തിലെ അംഗങ്ങളായ റാസ്‌ട്രോജോസ് എല്‍ ബ്രദര്‍, എല്‍ മേനര്‍ എന്നിവര്‍ക്കൊപ്പമാണ് ഗ്വീഡോ ഫോട്ടോയെടുത്തത്.

വെനസ്വേലയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി കടന്ന് കൊളംബിയയില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹം. ‘അന്നു ഞാന്‍ നൂറുകണക്കിന് ഫോട്ടോകള്‍ക്ക് പോസ് ചെയ്തിട്ടുണ്ട്. ആരാണ് ഫോട്ടോ എടുക്കാന്‍ വരുന്നത് എന്നൊന്നും നോക്കാന്‍ കഴിയില്ല. ഈ ഫോട്ടോകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ മഡുറോ ഭരണകൂടത്തിന്റെ കിരാത കരങ്ങള്‍ ഉണ്ടാകും’ എന്നാണ് ഗ്വീഡോ പ്രതികരിച്ചത്.

എന്തായാലും, ഫോട്ടോകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വെനസ്വേലയുടെ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു. ഗ്വീഡോയുടെ വിശ്വാസ്യതയ്ക്കും, മഡുറോയെ അധികാരത്തില്‍നിന്നും താഴെയിറക്കാനുള്ള അദ്ദേഹത്തിന്റെ ഒന്‍പത് മാസത്തെ ശ്രമങ്ങള്‍ക്കും മങ്ങലേല്‍പ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് പുറത്തുവന്നതെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കൊളംബിയ-വെനിസ്വേല അതിര്‍ത്തിയിലുടനീളം പ്രവര്‍ത്തിക്കുന്ന അര്‍ദ്ധസൈനിക – മയക്കുമരുന്ന് കടത്ത് ഗ്രൂപ്പാണ് റാസ്ട്രോജോസ്. കൊക്കെയ്ന്‍ വിപണനത്തോടൊപ്പം അനധികൃത ഖനനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും സദാ വ്യാപൃതരാണ് അവര്‍. അത്തരക്കാരുമായി ഗ്വീഡോ എന്ത് ഇടപാടാണ് നടത്തിയത് എന്നാണ് രാഷ്ട്രീയ എതിരാളികള്‍ ചോദിക്കുന്നത്.

സംഗതി അത്ര നിഷ്‌കളങ്കമല്ല എന്ന് അദ്ദേഹത്തിനെ അനുകൂലിക്കുന്നവര്‍പോലും കരുതി തുടങ്ങിയിരിക്കുന്നു. ഇടതുപക്ഷ ഗറില്ലകളുമായും മയക്കുമരുന്ന് കടത്തു സംഘങ്ങളുമായും ഗ്വീഡോക്ക് ബന്ധമുണ്ടെന്ന ആരോപണം നേരത്തേതന്നെ മഡുറോ സര്‍ക്കാര്‍ ഉന്നയിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുറത്തുവന്ന ഫോട്ടോകള്‍ ആ ആരോപണത്തിന് കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുന്നു.

‘ഭീകരവാദികളും കൊലപാതകികളും മയക്കുമരുന്നു സംഘങ്ങളുമായും ഗ്വീഡോക്കുള്ള ബന്ധത്തിന്റെ വ്യക്തമായ തെളിവാണ് പുറത്തുവന്നിരിക്കുന്നത്’ എന്ന് മഡുറോ പറഞ്ഞു കഴിഞ്ഞു. ‘വെനിസ്വേലന്‍ വലതുപക്ഷവും കൊളംബിയന്‍ മയക്കുമരുന്നു സംഘങ്ങളും തമ്മിലുള്ള ബന്ധം ആ ഫോട്ടോയില്‍ നിന്നും വ്യക്തമാണ്. ആര്‍ക്കും അത് നിഷേധിക്കാന്‍ കഴിയില്ല’ എന്നാണ് ഒരു ടെലിവിഷന്‍ പ്രസംഗത്തിനിടെ മഡുറോ തുറന്നടിച്ചത്.

Read: മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; കണക്കില്‍പ്പെടാത്ത വിദേശ സ്വത്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തല്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍