UPDATES

വിദേശം

യു കെയില്‍ നിന്നും വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ രക്ഷപ്പെടുത്താന്‍ റഷ്യ ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍

റഷ്യയില്‍ അഭയം തേടാന്‍ അസാന്‍ജ് ശ്രമിക്കുന്നത് ഇതാദ്യമായല്ല.

ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന വീക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ നയതന്ത്ര പ്രതിനിധികള്‍ അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളുമായി കഴിഞ്ഞ വർഷം രഹസ്യ ചർച്ചകൾ നടത്തിയിരുന്നതായി ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

2017 ലെ ക്രിസ്മസ് ദിനത്തില്‍ നയതന്ത്ര സുരക്ഷയുള്ള വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയെന്ന താൽക്കാലിക പദ്ധതിയായിരുന്നു തയ്യാറാക്കിയിരുന്നത്. അന്തിമ ലക്ഷ്യസ്ഥാനം റഷ്യയായിരിക്കുമെന്നാണ് ഒന്നിലധികം സ്രോതസ്സുകൾ വെളിപ്പെടുത്തിയിരുന്നത്. അസാന്‍ജിനെ റഷ്യ അമേരിക്കയ്ക്ക് കൈമാറ്റം ചെയ്യാനുള്ള സാധ്യതയില്ല എന്നതാണ് കാരണം. എന്നാല്‍ പദ്ധതി അത്യന്തം അപകടസാധ്യതയുള്ളതായി കണക്കാക്കിയതിനെ തുടർന്നാണ് ഉപേക്ഷിച്ചത്.

2016-ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ റഷ്യ ശ്രമിച്ചുവെന്നും, അതിന് ചുക്കാന്‍ പിടിച്ചത് വിക്കിലീക്സ് എഡിറ്റർ ജൂലിയന്‍ അസാന്‍ജാണെന്നുമാണ് അമേരിക്ക കണക്കുകൂട്ടുന്നത്. ഹിലാരി ക്ലിന്‍റണെ അപമാനിക്കുന്ന തരത്തിലുള്ള രേഖകള്‍ ഹാക്കർമാർ ഇ-മെയിലുകളായി വീക്കിലീക്സിന് അയച്ചുകൊടുത്തതായി കുറ്റപത്രത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വീക്കിലീക്സ് പുറത്തുവിട്ട 50,000-ത്തിലേറെ രേഖകള്‍ റഷ്യൻ ചാരന്മാര്‍ അയച്ചുകൊടുത്തതാണ് എന്നതാണ് പ്രധാന ആരോപണം. എന്നാല്‍, അസാന്‍ജ് ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

ഇക്വഡോറിന്‍റെ ലണ്ടൻ കൗൺസിൽ ആയി ഈയടുത്ത കാലംവരെ പ്രവർത്തിച്ചിരുന്ന, അസാന്‍ജിന്‍റെ അടുത്ത അനുയായി കൂടിയായ, ഫിഡൽ നർവാസ് ആണ് മോസ്കോയുമായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗാർഡിയനുമായുള്ള ഒരു അഭിമുഖത്തിൽ നർവാസ് ആ വാര്‍ത്തകള്‍ നിഷേധിച്ചു. ഈ വർഷം രണ്ടു തവണ കെൻസിങ്ടണിലുള്ള റഷ്യന്‍ എംബസി സന്ദർശിച്ചിരുന്നുവെന്നും, അത് യു.കെ-റഷ്യൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നുവെന്നും, കൂടാതെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 20-30 നയതന്ത്രജ്ഞരടങ്ങുന്ന ഒരു സംഘത്തിന്‍റെ കൂടെയായിരുന്നു സന്ദര്‍ശനമെന്നും നർവാസ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി അസാന്‍ജിന് നയതന്ത്ര രേഖകൾ നൽകിക്കൊണ്ട് നയതന്ത്രപ്രതിരോധം തീര്‍ത്ത് ഒരു നയതന്ത്രവാഹനത്തില്‍ അദ്ദേഹത്തെ എംബസിയിൽ നിന്നും പുറത്തെത്തിക്കുക എന്നതായിരുന്നു ഇക്വഡോറിന്‍റെ പദ്ധതി. പദ്ധതിക്ക് ക്രെംലിൻ പൂര്‍ണ്ണ പിന്തുണ നൽകാൻ തയ്യാറായിരുന്നു എന്നും വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

റഷ്യയിലേക്ക് പോകാനും അവിടെ ജീവിക്കാൻ അനുവദിക്കാനുമുള്ള സാധ്യത ഉൾപ്പെടെ അവര്‍ തേടിയിരുന്നത്രെ. പേരു വെളിപ്പെടുത്താത്ത ഒരു റഷ്യൻ വ്യവസായി ഈ ചർച്ചകളിൽ ഒരു ഇടനിലക്കാരനായി നിന്നതായും വാര്‍ത്തകളുണ്ട്. ഇക്വഡോറിലേക്ക് കപ്പല്‍മാര്‍ഗ്ഗം കൊണ്ടുപോകുന്നതിനുള്ള സാധ്യതകളും പരിഗണിച്ചിരുന്നു. അസാൻജിന് നയതന്ത്ര സംരക്ഷണമൊരുക്കാന്‍ ബ്രിട്ടൻ വിസമ്മതിക്കുന്നതാണ് പ്രധാന പ്രശ്നം. യുകെയിലെ നിയമപ്രകാരം നയതന്ത്ര യോഗ്യത ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചിട്ടുണ്ടെങ്കിൽ നയതന്ത്രജ്ഞർക്ക് ക്രിമിനൽ പ്രോസിക്യൂഷനിൽ നിന്നും രക്ഷനേടാം. എന്നാല്‍ അമേരിക്കയുമായി മികച്ച ബന്ധം കാത്ത് സൂക്ഷിക്കുന്ന ബ്രിട്ടണ്‍ അതിന് തയ്യാറുമല്ല.

അസാൻജ് എംബസിയില്‍ നിന്നും പോകണമെന്ന് ഇക്വഡോറിന്‍റെ പുതിയ പ്രസിഡന്‍റ് ലെനിൻ മോറെനോ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന് നല്‍കിയിരുന്ന ഇന്‍റര്‍നെറ്റ് സൗകര്യം വീണ്ടും ഇക്വഡോര്‍ റദ്ദാക്കി. യൂറോപ്യന്‍ യൂണിയന്‍റെയും മറ്റ് രാജ്യങ്ങളുടെയും കാര്യങ്ങളില്‍ ഇടപെടരുതെന്ന കരാറിലാണ് അസാന്‍ജിന് തങ്ങള്‍ അഭയം നല്‍കിയതെന്നും എന്നാല്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അദ്ദേഹം കരാര്‍ ലംഘിച്ചതായും ഇക്വഡോര്‍ ആരോപിക്കുന്നു.

റഷ്യയില്‍ അഭയം തേടാന്‍ അസാന്‍ജ് ശ്രമിക്കുന്നത് ഇതാദ്യമായല്ല. വിക്കിലീക്സ് സ്ഥാപകൻ റഷ്യൻ വിസ കരസ്ഥമാക്കാന്‍ ശ്രമിച്ചിരുന്നതായി ‘അസോസിയേറ്റഡ് പ്രസ്’ ഈ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. 2010-ലെ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് അസാന്‍ജിനെ സ്വീഡന് കൈമാറാന്‍ സുപ്രീംകോടതി വിധിച്ചതിനെ തുടര്‍ന്നാണ് അസാന്‍ജ് ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.

യു.എസ് സര്‍ക്കാരിന്‍റെ രഹസ്യാന്വേഷണ രേഖകള്‍ വീക്കിലീക്സ് പുറത്തുവിട്ടതു മുതല്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയാണ് അസാന്‍ജ് എങ്കിലും, യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ലിന്‍റണ് പേരുദോഷമുണ്ടാക്കിയ ഇമെയിൽ സന്ദേശങ്ങൾ പുറത്തുകൊണ്ടുവന്നതിന് ഡോണാള്‍ഡ് ട്രംപ് വിക്കിലീക്സിനെ അഭിനന്ദിച്ചിരുന്നു.

ഇക്വഡോറിയൻ സര്‍ക്കാര്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ വിസമ്മതിച്ചുവെന്നും, ബ്രിട്ടനിലെ മാധ്യമങ്ങളിൽ നിന്നും പുറത്തുവരുന്ന വ്യാജവും തെറ്റായതുമായ വാർത്തകള്‍ സംബന്ധിച്ച മറ്റൊരു ഉദാഹരണമാണ് ഗാർഡിയൻ കഥയെന്നും ലണ്ടനിലെ റഷ്യൻ എംബസി ട്വിറ്ററില്‍ കുറിച്ചതായും ‘ദ ഗാര്‍ഡിയന്‍’ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍