UPDATES

വിദേശം

നൈജീരിയയിൽ ബോകോ ഹറാം ആക്രമണം: നൂറോളം പട്ടാളക്കാർ കൊല്ലപ്പെട്ടു

ഒരു നൈജീരിയൻ സൈനികകേന്ദ്രത്തിലേക്ക് മുസ്ലിം തീവ്രവവാദി വിഭാഗമായ ബോകോ ഹറാം നടത്തിയ ആക്രമണത്തിൽ നൂറോളം പട്ടാളക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 2015ൽ നിലവിലെ പ്രസിഡണ്ട് മുഹമ്മദു ബുഹാരി സ്ഥാനമേറ്റെടുത്തതിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമേ ശേഷിക്കൂന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്.

നൈജീരിയയിലെ വടക്കുകിഴക്കൻ പ്രദേശത്തെ ഗ്രാമമായ മിതീലിയിലാണ് ആക്രമണം നടന്നത്. ഇ ഗ്രാമം ബോകോ ഹറാം തീവ്രവാദ പ്രസ്ഥാനത്തിന് വേരോട്ടമുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള പട്ടാളകേന്ദ്രത്തിലേക്കാണ് തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടത്.

കുട്ടികളുടെ വിദ്യാഭ്യാസത്തിലെ ‘പാശ്ചാത്യ മാതൃതകകൾ’ ഇല്ലായ്മ ചെയ്യുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ബോകോ ഹറാം. സ്കൂളുകളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും കൊലപ്പെടുത്തുന്നതുമെല്ലാം ഈ സംഘടനയുടെ രീതികളാണ്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള സംഘടന കൂടിയാണിത്.

ബോകോ ഹറാം തീവ്രവാദികളെ ഇല്ലായ്മ ചെയ്യുമെന്ന് സർക്കാരും പട്ടാളവും ഇടക്കിടെ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും കാര്യമായ മുന്നേറ്റമൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ആക്രമണം. പട്ടാളകേന്ദ്രങ്ങൾ ബോകോ ഹറാം പ്രത്യേകമായി ലക്ഷ്യം വെച്ചു വരികയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി പട്ടാളത്തിനു നേരെയുള്ള ആക്രമണങ്ങൾ‌ വര്‍ധിച്ചിട്ടുണ്ട്.

ആക്രമണം നടന്ന ഗ്രാമം നിലവിൽ ബോകോ ഹറാമിന്റെ നിയന്ത്രണത്തിലാണെന്ന് ആക്രമണം നേരിട്ട പട്ടാളക്കാരിലൊരാൾ വ്യക്തമാക്കി. എവിടെ നിന്നെല്ലാമാണ് വെടിയുണ്ടകൾ പാഞ്ഞെത്തുന്നതെന്നു പോലും തങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. പട്ടാള ടാങ്കുകളും തോക്കുകളുമെല്ലാം തീവ്രവാദികൾ കൈക്കലാക്കിയിട്ടുണ്ട്.

തങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് വെളിപ്പെടുത്തുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍