UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മത്സരത്തിനു തൊട്ടുമുമ്പ് പിതാവിനെ തട്ടിക്കൊണ്ടുപോയതായി നൈജീരിയൻ ക്യാപ്റ്റന് സന്ദേശം; ടീമിനെ ഒന്നുമറിയിക്കാതെ കളിക്കിറങ്ങി

വടക്കുകിഴക്കൻ നൈജീരിയയിലേക്ക് ഒരു സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ‌ പോകുകയായിരുന്നു ജോൺ ഒബി മൈക്കേലിന്റെ പിതാവ്.

സെന്റ് പീറ്റേഴ്സ്ബർഗിൽ അർജന്റീനയുമായുള്ള മത്സരത്തിനിറങ്ങുന്നതിന് നാലു മണിക്കൂർ മുമ്പ് തന്റെ പിതാവിനെ ചിലർ തട്ടിക്കൊണ്ടുപോയെന്ന് നൈജീരിയൻ ക്യാപ്റ്റൻ ജോൺ ഒബി മൈക്കേലിന്റെ വെളിപ്പെടുത്തൽ. അധികാരികളെ ഇക്കാര്യമറിയിച്ചാൽ വെടിവെച്ച് കൊല്ലുമെന്ന് തട്ടിക്കൊണ്ടുപോയവർ ഭീഷണിപ്പെടുത്തിയിരുന്നതിനാൽ താൻ ആരോടും പറയാതെ വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോചനദ്രവ്യമാവശ്യപ്പെട്ടാണ് തന്റെ പിതാവ് പാ മൈക്കേൽ ഓബിയെ തട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.

വടക്കുകിഴക്കൻ നൈജീരിയയിലേക്ക് ഒരു സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ‌ പോകുകയായിരുന്നു ജോൺ ഒബി മൈക്കേലിന്റെ പിതാവ്. ഇദ്ദേഹത്തെ പിന്നീട് പൊലീസ് നടത്തിയ ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തിയതായി പൊലീസ് വെളിപ്പെടുത്തി.

മൈക്കേലിന്റെ പിതാവിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയവർ നന്നായി ഉപദ്രവിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.

മത്സരത്തിന് തൊട്ടു മുമ്പാണ് തനിക്ക് സന്ദേശം വന്നതെന്നും എന്തു ചെയ്യണമെന്ന് അപ്പോൾ തനിക്കറിയില്ലായിരുന്നെന്നും ജോണ്‍ ഒബി പറഞ്ഞു. ‘പക്ഷെ, ഒടുവിൽ 180 ദശലക്ഷം നൈജീരിയക്കാരെ നിരാശപ്പെടുത്താൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. എന്റെ രാജ്യത്തിനു വേണ്ടി കളിക്കാനിറങ്ങുകയാണ് ഞാൻ ചെയ്യേണ്ടിയിരുന്നത്.’ -ജോണ്‍ ഒബി പറഞ്ഞു.

കോച്ചിനും ടീമിലെ കളിക്കാർക്കും തന്റെ പ്രശ്നം മൂലം ഏകാഗ്രത നഷ്ടപ്പെടരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നെന്നും ഒബി വ്യക്തമാക്കി. ഇക്കാരണത്താൽ, കോച്ചിനോട് ഇക്കാര്യം പറയണമെന്ന് താൻ ഏറെ ആഗ്രഹിച്ചുവെങ്കിലും അതിന് സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

അർജന്റീനയുമായി 2-1 ഗോളുകൾക്ക് നൈജീരിയ പരാജയപ്പെട്ടിരുന്നു. ഈ കളിയോടെ ടീം ലോകകപ്പിൽ നിന്നും പുറത്തായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍