UPDATES

വിദേശം

കൂസലില്ലാതെ ഉത്തര കൊറിയ; മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുമ്പോള്‍ ആശങ്കയോടെ ലോകം

സ്‌കട്ടിന്റെ പരിഷ്‌കൃത മാതൃകകള്‍ക്ക് 1,000 കിലോമീറ്റര്‍ (620 മൈല്‍) ദൂരം വരെ സഞ്ചരിക്കാനാവും.

ഉത്തരകൊറിയ കഴിഞ്ഞ ദിവസം ഒരു ഹൃസ്വദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കുകയും അത് കിഴക്കന്‍ തീരത്തുള്ള കടലില്‍ പതിക്കുകയും ചെയ്തു. ലോക സമ്മര്‍ദങ്ങളും കൂടുതല്‍ ഉപരോധം എന്ന ഭീഷണിയും തള്ളിക്കളഞ്ഞുകൊണ്ട് ഉത്തരകൊറിയ അതിദ്രുതം നടത്തിക്കൊണ്ടിരിക്കുന്ന മിസൈല്‍ പരീക്ഷണ പരമ്പരയിലെ ഏറ്റവും ഒടുവിലുത്തേതായിരുന്നു ആ പരീക്ഷണം.

സ്‌കട്ട് നിരയില്‍പ്പെട്ടത് എന്ന് കരുതപ്പെടുന്ന ബാലിസ്റ്റിക് മിസൈല്‍ 450 കിലോമീറ്റര്‍ (280 മൈലുകള്‍) ദൂരം പറന്നുവെന്നാണ് തെക്കന്‍ കൊറിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ചെടുത്ത ഹൃസ്വദൂര മിസൈലുകളുടെ ഒരു വലിയ ശേഖരമാണ് ഉത്തരകൊറിയയ്ക്കുള്ളത്.

ഏതാനും ആഴ്ചകള്‍ക്കിടയില്‍ രണ്ട് മധ്യദൂര, ദീര്‍ഘ ദൂര മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെയായിരുന്നു തിങ്കളാഴ്ചത്തെ വിക്ഷേപണം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് വന്‍കരയെ ആക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ (ഐസിബിഎം) വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കീഴ്വഴക്കങ്ങളില്ലാത്ത വേഗതയില്‍ ഇത്തരം പരീക്ഷണങ്ങള്‍ ഉത്തരകൊറിയ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
അതിന്റെ മിസൈല്‍ പദ്ധതികളെ നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അതിജീവിച്ചുകൊണ്ട് മുന്നോട്ട് കൊണ്ടുപോകാനുള്ള അവരുടെ നിശ്ചയദാര്‍ഢ്യവും, ‘വടക്കിനോടുള്ള അതിന്റെ നയങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിനുമേല്‍ (ദക്ഷിണ കൊറിയന്‍) സമ്മര്‍ദം ചെലുത്താനുള്ള’ ശ്രമങ്ങളുമാണ് ഉത്തരകൊറിയ പ്രദര്‍ശിപ്പിക്കുന്നതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് വക്താവ് റോഹ് ജയ് ചിയോണ്‍ പറയുന്നു.


ഒറ്റപ്പെട്ടു നില്‍ക്കുന്ന അയല്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മേയ് പത്തിന് ദക്ഷിണ കൊറിയയില്‍ നവീകരണവാദിയായ മൂണ്‍ ജേയ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ഉത്തരകൊറിയ നടത്തുന്ന മൂന്നാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണ വിക്ഷേപണമായിരുന്നു തിങ്കളാഴ്ചത്തേത്. വടക്കന്‍ കൊറിയയില്‍ നിന്നും വളര്‍ന്നുവരുന്ന മിസൈല്‍, ആണവ പരിപാടികളുടെ ഭീഷണി പരിഹരിക്കുന്നതിന് ഉപരോധം മാത്രം മതിയാകില്ലെന്ന് തെളിഞ്ഞതായി മൂണ്‍ പ്രഖ്യാപിച്ചിരുന്നു.

120 കിലോമീറ്റര്‍ (75 മൈല്‍) പൊക്കത്തിലേക്ക് മിസൈല്‍ പറന്നതായി റോഹ് പറഞ്ഞു. ‘ഒരു മിസൈല്‍ എന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നതെങ്കിലും കൃത്യമായ എണ്ണം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഞങ്ങള്‍,’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് ആക്രമണങ്ങള്‍ തടയുന്നതിന് പരീക്ഷണങ്ങള്‍ അനിവാര്യമാണ് എന്നാണ് ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയങ്ങളെ ധിക്കരിച്ചുകൊണ്ട് 2016ന്റെ തുടക്കം മുതല്‍ ഡസന്‍ കണക്കിന് മിസൈല്‍ പരീക്ഷണങ്ങളും രണ്ട് ആണവ ബോംബുകളും പരീക്ഷിച്ച ഉത്തരകൊറിയ പറയുന്നത്.

പരീക്ഷണത്തെ കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആറ് മിനിട്ട് നേരത്തേക്ക് ഒരു ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലിനെ തങ്ങള്‍ നിരീക്ഷിച്ചതായും അത് വടക്കേ അമേരിക്കയ്ക്ക് ഭീഷണിയല്ലെന്ന് വിലയിരുത്തിയതായും യുഎസിന്റെ പസഫിക് കമാന്റ് പറഞ്ഞു.

പുതിയ ഐക്യരാഷ്ട്ര സുരക്ഷ കൗണ്‍സില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുതിനെ കുറിച്ച് ചൈനയുമായി ചര്‍ച്ച നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും, ചര്‍ച്ചകളിലൂടെ ഉത്തരകൊറിയയും ആയുധ പദ്ധതി നിയന്ത്രിക്കാനുള്ള സമയം പരിമിതമാണെന്ന് അവരുടെ അയല്‍ക്കാരും പ്രധാന നയതന്ത്രസഖ്യവുമായി ബീജിംഗ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യുഎസ് പറയുന്നു.

നയതന്ത്ര നീക്കങ്ങള്‍ പരാജപ്പെടുന്നപക്ഷം ഉത്തരകൊറിയയുമായി ഉടലെടുക്കാന്‍ സാധ്യതയുള്ള സൈനിക സംഘര്‍ഷത്തിന്റെ സ്വഭാവം എന്തായിരിക്കും എന്ന് ആരാഞ്ഞപ്പോള്‍, ‘മിക്ക ആളുകളുടെയും ജീവിതകാലത്തെ ഏറ്റവും മോശം പോരാട്ടമായിരിക്കാനാണ് സാധ്യത,’ എന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി ജിം മാറ്റിസ് മുന്നറിയിപ്പ് നല്‍കി.

‘ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നഗരങ്ങളില്‍ ഒന്നിലേക്ക് അതായത് ദക്ഷിണ കൊറിയയുടെ തലസ്ഥാനത്തേക്ക് ലക്‌ഷ്യം വെക്കാവുന്ന നൂറുകണക്കിന് റോക്കറ്റ് വിക്ഷേപണികളും പീരങ്കികളും ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ പക്കലുണ്ട്,’ എന്ന് ‘ഫേസ് ദ നേഷന്‍’ എന്ന സിബിഎസ് വാര്‍ത്ത പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മാറ്റിസ് ചൂണ്ടിക്കാട്ടി. ‘യുദ്ധമുണ്ടാവുകയാണെങ്കില്‍ അവ ചൈനയ്ക്കു റഷ്യയ്ക്കുമൊക്കെ ഭീഷണിയാവും,’ എന്നും അദ്ദേഹം പറഞ്ഞു.

പുതിയ ശേഷികള്‍ പരീക്ഷിക്കപ്പെടുന്നു
ഉത്തരകൊറിയയുടെ മിസൈല്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ‘വ്യക്തമായ നിയമങ്ങള്‍’ ഐക്യരാഷ്ട്രസഭ പ്രമേയങ്ങളിലുണ്ടെന്ന് ഊന്നിപ്പറഞ്ഞ ചൈന, അവ മറികടക്കരുതെന്ന് പോംഗ്യാംങിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ‘കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണവും ലോലവുമാണ്. എല്ലാ വിഭാഗങ്ങളും ശാന്തതയും സംയമനവും പാലിക്കുമെന്നും, എത്രയും പെട്ടെന്ന് പ്രക്ഷുബ്ദ സാഹചര്യത്തിന് അയവ് വരുത്തുമെന്നും പ്രശ്‌നങ്ങളെ സമാധാനപരമായ ചര്‍ച്ചകളുടെ തലത്തിലേക്ക് മടക്കിക്കൊണ്ടുവരുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ എന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

പരീക്ഷണത്തെ അപലപിക്കുകയും ‘എല്ലാ സൈനിക നീക്കങ്ങളിലും ഉള്‍പ്പെടെ’ സംയമനം പാലിക്കാന്‍ തങ്ങള്‍ സഹകരിച്ചുകൊണ്ടിരിക്കുന്ന എല്ലാ പങ്കാളികളോടും റഷ്യ ആവശ്യപ്പെടുകയും ചെയ്തതായി റഷ്യന്‍ വിദേശകാര്യ ഉപമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് ആര്‍ഐഎ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ സാമ്പത്തിക മേഖലയില്‍ പതിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന പരീക്ഷണ മിസൈലിനെതിരെ ജപ്പാന്‍ പ്രതിഷേധം രേഖപ്പെടുത്തി. പോംഗ്യാംങ്ങിന്റെ ആവര്‍ത്തിച്ചുള്ള പ്രകോപനങ്ങള്‍ക്കെതിരെ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ പ്രഖ്യാപിച്ചു.

‘അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നിലുള്ള മുഖ്യ പരിഗണന ഉത്തര കൊറിയന്‍ വിഷയമായിരിക്കുമെന്ന് അടുത്തകാലത്ത് നടന്ന ജി7 ഉച്ചകോടിയില്‍ ഞങ്ങള്‍ അംഗീകരിച്ചതാണ്,’ എന്ന് ഒരു ലഘു ടെലിവിഷന്‍ പ്രഖ്യാപനത്തില്‍ അബെ മാധ്യമങ്ങളോട് പറഞ്ഞു. ‘ഉത്തരകൊറിയയെ പിന്തിരിപ്പിക്കുന്നതിന് യുഎസിനോടൊപ്പം ചേര്‍ന്ന് ഞങ്ങള്‍ നിര്‍ണായക നടപടികള്‍ സ്വീകരിക്കും.’

സമാധന പ്രതീക്ഷകളെ തകര്‍ക്കുന്നതാണ് പോംഗ്യാങ്ങിന്റെ ആവര്‍ത്തിച്ചുള്ള പരീക്ഷണ വിക്ഷേപങ്ങളെന്ന് സോളിലെ പുതിയ ലിബറല്‍ ഭരണകൂടം പ്രതികരിച്ചു.

ദക്ഷിണകൊറിയന്‍ പ്രസിഡന്റ്റ് മൂണ്‍ അടിയന്തിരമായി ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ഓഫീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

അതിന്റെ കിഴക്കന്‍ തീരത്ത് മേയ് 21നാണ് ഉത്തരകൊറിയ ഇതിന് മുമ്പ് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം നടത്തിയത്. വടക്കന്‍ കൊറിയ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തില്‍ ഒരു പുതിയ വ്യോമവേധ ആയുധം പരീക്ഷിച്ചതായി ഞായറാഴ്ച അവര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

സമീപകാലത്ത് ഏപ്രിലില്‍ ഉള്‍പ്പെടെ നിരവധി തവണ അവര്‍ സ്‌കട്ട് പോലെയുള്ള ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായി യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കാനുള്ള അതിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതിന് സഹായകമാകുന്ന പുതിയ ശേഷികള്‍ പരീക്ഷിക്കാനുള്ള ശ്രമങ്ങളാവും അവര്‍ നടത്തുന്നതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

‘നിരവധി സാധ്യതകളാണുള്ളത്. ഒരു പക്ഷെ ഒരു വ്യത്യസ്ത തരം യന്ത്രം പരീക്ഷിക്കാനുള്ള ശ്രമമാകാം അത്. അല്ലെങ്കില്‍ ഭൂഖണ്ഡാന്തര മിസൈലിന്റെ ആദ്യഘട്ട റോക്കറ്റിലെ പ്രധാന യന്ത്രത്തിന്റെ വിശ്വാസ്യത വിലയിരുത്തിയതുമാകാം,’ എന്ന് സോളിലെ ക്യൂംഗ്നാം സര്‍വകലാശാല ഫാര്‍ ഈസ്റ്റേണ്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റിലെ സൈനിക വിദഗ്ധന്‍ കിം ഡോംഗ്-യുബ് ചൂണ്ടിക്കാണിക്കുന്നു.

സ്‌കട്ടിന്റെ പരിഷ്‌കൃത മാതൃകകള്‍ക്ക് 1,000 കിലോമീറ്റര്‍ (620 മൈല്‍) ദൂരം വരെ സഞ്ചരിക്കാനാവും.

ഭൂഖണ്ഡാന്തര മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിലവിലുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഉടന്‍ പരീക്ഷിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍