UPDATES

വിദേശം

മിസൈല്‍, ആണവായുധ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി ഉത്തര കൊറിയ

ദക്ഷിണ കൊറിയന്‍ പ്രസിഡന്റും അമേരിക്കന്‍ പ്രസിഡന്റുമായി കിം ജോംഗ് ഉന്‍ കൂടിക്കാഴ്ച ഉടന്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം

ആണവായുധങ്ങളുടെയും ഭൂഖണ്ഡാന്തര്‍ ബാലിസ്റ്റിക് മിസൈലുകളുടെയും പരീക്ഷണം നിര്‍ത്തി വയ്ക്കുന്നതായി ഉത്തര കൊറിയ അറിയിച്ചു. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ചര്‍ച്ച നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇത്.

ഞായറാഴ്ച അടിയന്തര പ്രാധാന്യത്തോടെ ഇത് നടപ്പിലാക്കും. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ട്രംപ് ഉത്തര കൊറിയയെ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. ഇത് ലോകത്തിനും ഉത്തര കൊറിയയ്ക്കും നല്ല വാര്‍ത്തയാണെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. കിം ജോംഗും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന്‍ ജേ ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരാഴ്ചയില്‍ താഴെ മാത്രമുള്ളപ്പോഴാണ് പുതിയ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ആണവ നിരായുധീകരണ ശ്രമങ്ങള്‍ക്ക് ലഭിച്ച ഏറ്റവും നല്ല പുരോഗതിയാണ് ഈ തീരുമാനമെന്ന് ഇതിനെ സ്വാഗതം ചെയ്തുകൊണ്ട് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. കൊറിയന്‍ രാജ്യങ്ങള്‍ തമ്മിലും ഉത്തര കൊറിയയും അമേരിക്കയും തമ്മിലും നടക്കാനുള്ള കൂടിക്കാഴ്ചകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ തീരുമാനത്തിന് കഴിയുമെന്നും ദക്ഷിണ കൊറിയ കൂട്ടിച്ചേര്‍ത്തു.

ആണവ ശക്തിയാകുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ച ഉത്തര കൊറിയയുടെ ഇനിയുള്ള ലക്ഷ്യം സാമ്പത്തിക വളര്‍ച്ചയാണ് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയിലൂടെ കിം അറിയിച്ചു. കൊറിയന്‍ അതിര്‍ത്തികളില്‍ സമാധാനം പുനസ്ഥാപിക്കുന്നതോടെ അന്താരാഷ്ട്ര രാഷ്ട്രീയത്തിലും അനുകൂലമായ മാറ്റങ്ങളുണ്ടാകുമെന്നാണ് കിമ്മിന്റെ പ്രതീക്ഷ. ഭരണകക്ഷിയുടെ കേന്ദ്ര കമ്മിറ്റി വിളിച്ചു ചേര്‍ത്ത പ്ലീനറി സമ്മേളനത്തിന് ശേഷമാണ് മിസൈല്‍, ആണവായുധ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരകൊറിയ തീരുമാനിച്ചത്.

ആണവായുധ വികസന രംഗത്ത് ഉത്തര കൊറിയ വന്‍ വിജയമാണ് നേടിയതെന്നും കിം അവകാശപ്പെട്ടു. ആണവായുധീകരണ രംഗത്തെ പുരോഗതി പരിശോധിച്ചതില്‍ നിന്നും ഇനി ഒരു പരീക്ഷണത്തിന്റെയും ആവശ്യമില്ലെന്നാണ് തങ്ങള്‍ക്ക് മനസിലായതെന്നും കിം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍