UPDATES

വിദേശം

ഞങ്ങള്‍ അമേരിക്കന്‍ ഭീകരവാദത്തിന്റെ ഇരകള്‍: ഉത്തര കൊറിയ

ഉത്തരകൊറിയയെ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്ക തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ഈ നീക്കം

രാഷ്ട്രത്തലവന്‍ കിം ജോംഗ് ഉന്നിനെ വധിക്കാന്‍ ആസൂത്രണം ചെയ്‌തെന്ന് ആരോപിച്ച് രണ്ട് അമേരിക്കന്‍ സര്‍വകലാശാല അധ്യാപകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിശദീകരണവുമായി ഉത്തര കൊറിയ രംഗത്ത്. അമേരിക്ക സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തിന്റെ ഇരകളാണ് തങ്ങളെന്നാണ് ഉത്തര കൊറിയ പറയുന്നത്.

ഉത്തരകൊറിയയെ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്ക തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ഈ നീക്കം. ഇതിനിടെ അമേരിക്കന്‍ പൗരത്വമുള്ള ഒരു ഒരു കൊറിയക്കാരനെ മതിയായ താമസ രേഖകളില്ലാത്തതിനാല്‍ രണ്ട് ദിവസം മുമ്പ് കസ്റ്റഡിയിലെടുത്തതായി ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്യോംഗ്യാംഗ് ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (പിയുഎസ്ടി) ജീവനക്കാരനായ കിം ഹാക് സോംഗ് ആണ് ഇതെന്ന് മാധ്യമം വ്യക്തമാക്കിയിട്ടുണ്ട്.

ഇതേ സര്‍വകലാശാലയിലെ മറ്റൊരു അധ്യാപകനായ കിം സാംഗ് ഡോകിനെയും രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളും അമേരിക്കന്‍ പൗരത്വമുള്ള വ്യക്തിയാണ്. രാജ്യത്ത് തീവ്രവാദം വളര്‍ത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് ഉത്തര കൊറിയന്‍ അധികൃതരുടെ ആരോപണം. രാജ്യത്ത് സ്വകാര്യ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു സര്‍വകലാശാലയാണ് പിയുഎസ്ടി. അമേരിക്കക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി വിദേശ അധ്യാപകര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

അതേസമയം ഇവരെ രണ്ട് പേരെയും അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങള്‍ അജ്ഞാതമാണ്. ഇവരുടെ കൂടി അറസ്റ്റോടെ ഉത്തരകൊറിയയില്‍ കസ്റ്റഡിയില്‍ കഴിയുന്ന അമേരിക്കക്കാരുടെ എണ്ണം നാലായി. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ ഓട്ടോ വാമ്പിയര്‍, കിം ഡോംഗ് ചുല്‍ എന്നിവരാണ് ഇവര്‍. വാമ്പിയര്‍ക്ക് പതിനഞ്ച് വര്‍ഷവും കിം ഡോംഗിന് പത്ത് വര്‍ഷവും കഠിന തടവാണ് ശിക്ഷ. വാമ്പിയര്‍ ടൂറിസ്റ്റ് ഹോട്ടലില്‍ നിന്നും പ്രൊപ്പഗാന്‍ഡ ബാനര്‍ മോഷ്ടിച്ചതിനും കിം ഡോംഗ് ചാരവൃത്തിക്കുമാണ് അറസ്റ്റിലായത്.

ഇത് കൂടാതെ സ്‌ഫോടനത്തിന്റെ സൂത്രധാരനാണെന്ന് ആരോപിച്ച് മിസ്റ്റര്‍ കിം എന്നറിയപ്പെടുന്ന വ്യക്തിയും അധികൃതരുടെ കസ്റ്റഡിയില്‍ കഴിയുന്നു. ഉത്തരകൊറിയന്‍ പൗരനാണ് ഇദ്ദേഹമെങ്കിലും സിഐഎയുടെ കൈക്കൂലി വാങ്ങി രാജ്യത്തെ ഒറ്റിക്കൊടുക്കുകയായിരുന്നെന്നാണ് ഔദ്യോഗിക മാധ്യമം ആരോപിക്കുന്നത്. സെര്‍ബിയയിലെ ഇരുമ്പ് വ്യവസായ സ്ഥാപനത്തില്‍ 2014ല്‍ ജോലി ചെയ്തിരുന്നു ഇദ്ദേഹം. റഷ്യയുടെ കിഴക്കന്‍ മേഖലകളിലാണ് പ്രധാനമായും ഉത്തരകൊറിയക്കാര്‍ക്ക് വിദേശത്ത് ജോലി ചെയ്യാന്‍ അനുവാദമുള്ളത്.

ഉത്തരകൊറിയ രാഷ്ട്രത്തലവനെതിരെ വിദേഷവും പകയും വളര്‍ത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇയാളുടെ മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിടാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞമാസം ഒരു വന്‍സൈനിക പരേഡിനിടെ കിം ജോംഗ് ഉന്നിനെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്. ബയോകെമിക്കല്‍ ആയുധം ഉപയോഗിച്ച് രാഷ്ട്രത്തലവനെ വധിക്കാന്‍ ശ്രമിച്ചതെന്നതാണ് കേസ്. ഇയാള്‍ സിഐഎ, എന്‍ഐഎസ് എന്നിവയുമായി സാറ്റലൈറ്റിലൂടെ ബന്ധപ്പെട്ടത് കണ്ടെത്തിയതായും അധികൃതര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍