UPDATES

വിദേശം

അന്താരാഷ്ട്ര മുന്നറിയിപ്പ് അവഗണിച്ച് ഉത്തര കൊറിയ വീണ്ടും മിസൈന്‍ പരീക്ഷിച്ചു

നിയന്ത്രിക്കാനാവാത്ത ആണവയുദ്ധത്തിലേക്കാണ് യുഎസ് നയങ്ങള്‍ നയിക്കുന്നതെന്ന് കഴിഞ്ഞ തിങ്കാഴ്ച സംയുക്ത പ്രകടനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു

അന്താരാഷ്ട്ര മുന്നറിയിപ്പുകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ഉത്തരകൊറിയ ശനിയാഴ്ച മൂന്ന് ഹൃസ്വദൂര മിസൈലുകള്‍ കൂടി പരീക്ഷിച്ചു. വടക്കുകിഴക്കന്‍ ദിശയിലേക്ക് മിസൈലുകള്‍ 250 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതായി യുഎസിന്റെ പസഫിക് കമാന്റ് അറിയിച്ചു. തങ്ങളുടെ ആയുധ പരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തര കൊറിയയെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ അഭിനന്ദിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് അവര്‍ പുതിയ മിസൈല്‍ പരീക്ഷണം നടത്തിയിക്കുന്നത്. പരീക്ഷണം പരാജയപ്പെട്ടുവെന്നാണ് ആദ്യം യുഎസ് കമാന്റ് പറഞ്ഞതെങ്കിലും പിന്നീട് അവര്‍ പ്രസ്താവന തിരുത്തുകയായിരുന്നു.

അമേരിക്കന്‍ വന്‍കരയെ ആക്രമിക്കാനുള്ള ശേഷി തങ്ങള്‍ക്ക് ഇപ്പോഴുണ്ടെന്ന് ഉത്തര കൊറിയ ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോള്‍ നടത്തിയ ഹൃസ്വദൂര മിസൈലുകള്‍ വടക്കേ അമേരിക്കയ്‌ക്കോ ഗുവാമിനോ ഒരു ഭീഷണിയും സൃഷ്ടിക്കില്ലെന്നാണ് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ അലംഭാവം കാണിക്കാനാവില്ല എന്നാണ് ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത് എന്നാണ് യുഎസ് പ്രവിശ്യയിലെ ആഭ്യന്തര സുരക്ഷ സെക്രട്ടറി ജോര്‍ജ്ജ് ചാര്‍ഫൗറോസ് പറഞ്ഞു. പുതിയ പരീക്ഷണം ജപ്പാന് എന്തെങ്കിലും തരത്തിലുള്ള ഭീഷണി സൃഷ്ടിക്കില്ലെന്നും ജപ്പാന്റെ നിയന്ത്രണത്തിലുള്ള കടലിലോ സാമ്പത്തിക മേഖലയിലോ മിസൈലുകള്‍ പതിച്ചിട്ടില്ലെന്നും ജപ്പാന്‍ ക്യാബിനറ്റ് ചീഫ് സെക്രട്ടറി യോഷിഹിദെ സുഗ അറിയിച്ചു.

യുഎസ്-കൊറിയ വാര്‍ഷിക സൈനിക അഭ്യാസങ്ങളോടെ തുടങ്ങിയ ആഴ്ചയിലെ പ്രധാന സംഭവവികാസമായി ഇപ്പോഴത്തെ മിസൈല്‍ പരീക്ഷണം മാറി. നിയന്ത്രിക്കാനാവാത്ത ആണവയുദ്ധത്തിലേക്കാണ് യുഎസ് നയങ്ങള്‍ നയിക്കുന്നതെന്ന് കഴിഞ്ഞ തിങ്കാഴ്ച സംയുക്ത പ്രകടനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസിനെതിരെ ഉത്തര കൊറിയ ഏത് നിമിഷവും ആക്രമണം അഴിച്ചുവിടാമെന്നും ഗുവാമിനോ ഹവായ്‌ക്കോ യുഎസ് വന്‍കരയ്‌ക്കോ ‘ദയാരഹിതമായ ആക്രമണം’ ഒഴിവാക്കാനാവില്ലെന്നുമാണ് ഉത്തര കൊറിയയുടെ ഔദ്ധ്യോഗിക മാധ്യമം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം 20 ലേറെ മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തര കൊറിയ നടത്തിയിട്ടുണ്ട്. ലോകത്തിലെവിടെയും എത്താം എന്ന് ഉത്തര കൊറിയ അവകാശപ്പെടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം കഴിഞ്ഞ ജൂലൈയില്‍ അവര്‍ നടത്തിയിരുന്നു. തുടര്‍ന്ന് പ്രകോപനം തുടര്‍ന്നാണ് മുമ്പൊരിക്കലും കാണാത്ത വിധത്തിലുള്ള തിരിച്ചടിക്ക് ഉത്തര കൊറിയ സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഐക്യരാഷ്ട്ര പ്രമേയം നിലവില്‍ വന്ന സാഹചര്യത്തില്‍ ഉത്തര കൊറിയ ആയുധപരീക്ഷണങ്ങളില്‍ നിയന്ത്രണം പാലിക്കുന്നുണ്ട് എന്നാണ് കഴിഞ്ഞ ആഴ്ച ടില്ലേഴ്‌സണ്‍ പറഞ്ഞത്. ആണവായുധ പരീക്ഷണങ്ങള്‍ നിറുത്തിവെക്കുന്നപക്ഷം ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍