UPDATES

വിദേശം

ഒരു വടക്കന്‍ കൊറിയന്‍ കൂറുമാറ്റക്കാരന്റെ അസാധാരണ രക്ഷപെടല്‍ കഥ ട്രംപ് ഉന്നയിക്കുമ്പോള്‍

“ജി സ്യോങ്-ഹോയുടെ കഥ ദുരിതം നിറഞ്ഞതാണ്. പക്ഷേ ഇതേ തരത്തിലുള്ള അഭയാര്‍ത്ഥികളെയല്ലേ ട്രംപ് അമേരിക്കയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നത്?” ഒരാള്‍ അതിനുശേഷം ട്വിറ്ററില്‍ ചോദിക്കുന്നു.

വടക്കന്‍ കൊറിയന്‍ സര്‍ക്കാരിന്റെ ക്രൂരതകളെക്കുറിച്ച് ഉദാഹരിക്കാനായി ചൊവ്വാഴ്ച്ച നടന്ന തന്റെ പ്രസംഗത്തില്‍ യു എസ് പ്രസിഡന്റ് ട്രംപ്, സ്വാതന്ത്ര്യത്തിനായി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി അമേരിക്കയിലെത്തിയ ഒരു മനുഷ്യനെ ചൂണ്ടിക്കാട്ടിയതിനെ കുറിച്ച് ന്യൂയോര്‍ക്ക്‌ ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അയാളുടെ കഥ, ജി സിയോങ്-ഹോ, ഒരു വടക്കന്‍ കൊറിയന്‍ കൂറുമാറ്റക്കാരുടെ മാനദണ്ഡങ്ങള്‍ വെച്ചാണെങ്കില്‍പ്പോലും അസാധാരണമാണ്. ട്രംപ് ചൂണ്ടിക്കാട്ടിയപ്പോള്‍ ജി ഉത്സാഹഭരിതനായി അയാളുടെ ഊന്നുവടികള്‍ ഉയര്‍ത്തിക്കാട്ടി. ടെലിവിഷന്‍ ക്യാമറകള്‍ ആ നിമിഷം പകര്‍ത്തി.
വടക്കന്‍ കൊറിയയുടെ വടക്കന്‍ മേഖലയായ ഹോറ്യോങ് നഗരത്തിനടുത്തുള്ള ഒരു ഖനിഗ്രാമത്തില്‍, അയാളുടെ മാതാപിതാക്കളുടെ മൂത്ത മകനായിരുന്നു 1996-ല്‍ 16-കാരനായ ജി. ഏതാണ്ട് 20 ലക്ഷത്തോളം പേര്‍ മരിച്ചു എന്നുവരെ പറയപ്പെടുന്ന ഒരു കടുത്ത ക്ഷാമത്തിന്റെ പിടിയിലായിരുന്നു അന്ന് രാജ്യം. വേരുകളും ചോളത്തണ്ടുകളും തിന്ന് ജീവന്‍ നിലനിര്‍ത്തിയ ജിയുടെ കുടുംബം ദിവസത്തിലെ മിക്ക സമയവും നിലത്തുകിടപ്പായിരുന്നു, പലപ്പോഴും അബോധത്തിലെ വിഭ്രമങ്ങള്‍ കണ്ടുകൊണ്ട് എന്നാണ് 2014-ല്‍ ഒരഭിമുഖത്തില്‍ അയാള്‍ പറഞ്ഞത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. അതിനു മുമ്പത്തെ വര്‍ഷം അയാളുടെ അമ്മൂമ്മ പട്ടിണികിടന്നു മരിച്ചു. വിദ്യാലയത്തില്‍ അദ്ധ്യാപകര്‍ പഠിപ്പിക്കാന്‍ ആവതില്ലാത്തവണ്ണം ദുര്‍ബലരായിരുന്നു. കുറച്ചു കുട്ടികളെ പഠിക്കാന്‍ എത്തിയിരുന്നുള്ളൂ.

ചോളം പകരം കിട്ടാനായി ചരക്കുവണ്ടികളില്‍ നിന്നും ജി കല്‍ക്കരി മോഷ്ടിച്ചു. “ഞങ്ങള്‍ 100 പേരെങ്കിലും കാണും. തീവണ്ടി സ്റ്റേഷന്‍ വിട്ടാലുടന്‍ ഞങ്ങള്‍ ഒളിച്ചിരിക്കുന്നിടത്തുനിന്നും പ്രേതങ്ങളെപ്പോലെ പുറത്തുവന്ന് വണ്ടിയുടെ അടുത്തേക്ക് ഇഴയും. വണ്ടി പോയാല്‍, ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് കുറച്ച് ദിവസത്തേക്കു കഴിക്കാന്‍ ഒന്നും ലഭിക്കില്ല,” ജി പറഞ്ഞു.
പൊലീസുകാര്‍ കാവലില്ലാത്ത സമയം, രാത്രി ഒരു മണിക്കും പുലര്‍ച്ചെ 5 മണിക്കും ഇടയിലേ  ഗ്രാമീണര്‍ക്ക് കല്‍ക്കരി മോഷ്ടിക്കാന്‍ കഴിയുമായിരുന്നുള്ളൂ.

1996 മാര്‍ച്ച് 7-ന് രാത്രി തന്റെ സഹോദരിയുടെ കൈയ്യിലെക്കു കല്‍ക്കരിച്ചാക്കുകള്‍ എറിഞ്ഞുകൊടുക്കുന്നതിനിടയില്‍ വിശപ്പുമൂലം ബോധം കെട്ട ജി രണ്ടു ബോഗികള്‍ക്കിടയിലേക്ക് വീണു. വണ്ടി നീങ്ങാന്‍ തുടങ്ങിയിരുന്നു. അയാളുടെ ഇടതുകാലും കൈയ്യും മുറിഞ്ഞുപോയി. അയാളുടെ സഹോദരി വാവിട്ടു കരയുമ്പോള്‍ മറ്റ് ഗ്രാമീണര്‍ കല്‍ക്കരിച്ചാക്കുകളുമായി ഓടുകയായിരുന്നു.

പ്രദേശത്തുള്ള ഒരു ചെറിയ ആശുപത്രിയിലേക്ക് അയാളെ കൊണ്ടുപോയി. ബോധം കെടുത്താതെ തന്നെ ഡോക്ടര്‍ അയാളെ രണ്ടുതവണ ശസ്ത്രക്രിയ നടത്തി. “എന്റെ എല്ലുകള്‍ അദ്ദേഹം മുറിച്ചു മാറ്റുമ്പോള്‍ നട്ടെല്ല് വിറയ്ക്കുന്നത് ഞാന്‍ അനുഭവിച്ചു,” ജി പറഞ്ഞു. “ താഴെവെച്ച ഒരു പാത്രത്തിലേക്ക് രക്തം ഇറ്റുവീഴുന്ന ശബ്ദവും ഞാന്‍ കേട്ടു. ഞാന്‍ ബോധംകെട്ടുപോകാതിരിക്കാന്‍ ഡോക്ടര്‍ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു”. ജീവന്‍ തിരിച്ചുകിട്ടിയ ജി അങ്ങാടികളിലും തീവണ്ടി സ്റ്റേഷനുകളിലും ഭിക്ഷ യാചിക്കാനും ഭക്ഷണം തേടാനും തുടങ്ങി.

എന്തുകൊണ്ടാണ് ട്രംപിന് വടക്കന്‍ കൊറിയ ഒരു ‘ബനാന റിപ്പബ്ലിക്’ അല്ലാത്തത്?

പക്ഷേ അനധികൃതമായി ചൈനയിലേക്ക് കടന്ന 2000 വരെ വടക്കന്‍ കൊറിയ വിടാന്‍ തനിക്ക് പരിപാടിയില്ലായിരുന്നു എന്ന് ജി പറഞ്ഞു. അവിടെ പള്ളികളില്‍ അയാള്‍ക്ക് ഭക്ഷണം കിട്ടി. “ചൈനയിലെ മൃഗങ്ങള്‍ക്ക് പോലും വടക്കന്‍ കൊറിയയിലേതിനേക്കാള്‍ മെച്ചപ്പെട്ട ഭക്ഷണമാണ്” എന്നയാള്‍ കണ്ടു. ഒരു മാസത്തിനും തന്റെ വീട്ടുകാര്‍ക്ക് ഭക്ഷണവുമായി അയാള്‍ മടങ്ങിയെത്തിയപ്പോള്‍ രഹസ്യ പൊലീസ് പിടികൂടി, 20 ദിവസം മര്‍ദ്ദിച്ചു. “മര്‍ദ്ദനമല്ല എന്നെ ശരിക്കും വേദനിപ്പിച്ചത്. അതിലൊരാള്‍ പറഞ്ഞു: “വിദേശ ക്യാമറകള്‍ക്കായി ചൈനയില്‍ പോയി തെണ്ടുന്ന മുടന്താ! നേതാവിനും രാജ്യത്തിനും നീ അപമാനമാണ്” എന്നു പറഞ്ഞതാണെന്ന് ജിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

“അപ്പോഴാണ് വടക്കന്‍ കൊറിയയില്‍ എനിക്കിനി ഒരു ഭാവിയുമില്ലെന്ന് ഞാന്‍ മനസിലാക്കിയത്.” പിന്നീട് തന്റെ നഗരത്തില്‍ നിന്നും തെക്കന്‍ കൊറിയയിലേക്ക് കടന്ന ഒരു സുഹൃത്തുമായി അയാള്‍ ബന്ധപ്പെട്ടു. അതിര്‍ത്തിയില്‍ ചൈനീസ് തരംഗങ്ങള്‍ കിട്ടുന്ന സ്ഥലത്തുവെച്ചു അയാള്‍ സുഹൃത്തുമായി സംസാരിച്ചു. അപ്പുറത്തെ കൊറിയയില്‍ കാര്യങ്ങള്‍ എത്ര മെച്ചമാണെന്ന് മനസിലാക്കി. “തെക്കന്‍ കൊറിയയില്‍ അവര്‍ ശാരീരിക ശേഷിക്കുറവുള്ളവരെ അടിക്കാറില്ല,” സുഹൃത്ത് ജിയോട് പറഞ്ഞു. “ഡൌണ്‍ സിന്‍ഡ്രോം ഉള്ളയാളുകളെ ഞാന്‍ തെക്കന്‍ കൊറിയയിലാണ് ആദ്യമായി കണ്ടത്. വടക്കന്‍ കൊറിയയില്‍ അത്തരം ആളുകളെ ഒരുമിച്ച് പൊതുജനങ്ങള്‍ കാണാതെ അടച്ചിടുമായിരുന്നു.”

ഏപ്രില്‍ 2006-ല്‍ ജി അവസാനമായി ടൂമെന്‍ നദി കടന്ന് ചൈനയിലെത്തി. മഞ്ഞുരുകിയ നദിയില്‍ അയാള്‍ മുങ്ങാറായി. ഒപ്പം പോന്ന ഇളയ സഹോദരനാണ് രക്ഷപ്പെടുത്തിയത്.
ചൈനയില്‍ സഹോദരങ്ങള്‍ വേര്‍പിരിഞ്ഞു. തെക്കന്‍ കൊറിയയിലേക്കുള്ള അപായം നിറഞ്ഞ യാത്രയില്‍ താന്‍ സഹോദരന് ഒരു ഭാരമാകുമെന്ന് ജി ഭയന്നു. “ഞങ്ങളില്‍ ഒരാളെങ്കിലും തെക്കന്‍ കൊറിയയിലേക്ക് കടന്നാല്‍, പണമുണ്ടാക്കി അച്ഛനമ്മമാരേയും സഹോദരിയേയും വടക്കന്‍ കൊറിയയില്‍ നിന്നും കടത്തിക്കൊണ്ടുവരാം എന്നായിരുന്നു ഞങ്ങള്‍ ആലോചിച്ചത്.”

ദക്ഷിണകൊറിയയിലെ ശീതകാല ഒളിംപിക്‌സിന് ഉത്തരകൊറിയ താരങ്ങളെ അയയ്ക്കും

ഒരു വഴികാട്ടി പോലുമില്ലാതെ ജിയും മറ്റ് മൂന്നു കൂറുമാറ്റക്കാരും ലാവോസിലെ കാടുകളിലൂടെ നടന്നു. അവര്‍ തായ്ലണ്ടിലെത്തി. അവിടുത്തെ തെക്കന്‍ കൊറിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സഹായിക്കുമെന്ന് അവരോട് ആരോ പറഞ്ഞിരുന്നു. ബാങ്കോക്കിലെ തെക്കന്‍ കൊറിയ നയതന്ത്ര കാര്യാലയത്തില്‍ വന്ന ആദ്യത്തെ വടക്കന്‍ കൊറിയയില്‍ നിന്നുള്ള കൂറുമാറ്റക്കാരനെ ഊന്നുവടികളില്‍ കണ്ട ഉദ്യോഗസ്ഥര്‍ അമ്പരന്നു. അവരയാളെ സിയൂളില്‍ എത്തിച്ചു. അവിടെ സര്‍ക്കാര്‍ അയാള്‍ക്ക് ഒരു കൃത്രിമക്കാലും കൃത്രിമക്കയ്യും നല്കി.

“അതാകെ എന്നെ ചിന്താക്കുഴപ്പത്തിലാക്കി. കാരണം സമൂഹം അംഗപരിമിതിയുള്ളവരെ സഹായിക്കുമെന്ന് എനിക്ക് ഒരു ധാരണയുമില്ലായിരുന്നു.” തെക്കന്‍ കൊറിയയില്‍ ജി അയാളുടെ ഇളയ സഹോദരനെ വീണ്ടും കണ്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം അയാളുടെ അമ്മയും ഇളയ സഹോദരിയും എത്തി. പക്ഷേ അതിര്‍ത്തി കടക്കാന്‍ നേരത്ത് പിടിക്കപ്പെട്ട അച്ഛന്‍ തടവില്‍ക്കിടന്നു മരിച്ചു.

സിയൂളില്‍ ജി നിയമം പഠിച്ചു. വടക്കന്‍ കൊറിയയില്‍ നിന്നും പലായനം ചെയ്തവരുടെയും വടക്കന്‍ കൊറിയയിലെ മനുഷ്യാവകാശങ്ങള്‍ക്കായി വാദിക്കുന്ന യു എസിലെ കൊറിയന്‍ വംശജരുടെയും സംഘടനയായ Now Action and Unity for Human Rights സ്ഥാപിച്ചു. വടക്കന്‍ കൊറിയയിലെ മനുഷ്യാവകാശ പ്രശ്നത്തെക്കുറിച്ച് അയാള്‍ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ സംസാരിക്കുന്നു. താന്‍ രക്ഷപ്പെട്ട കഥ അയാള്‍ പറയുന്നു, (അതിന്റെ മിക്ക ഭാഗവും വാസ്തവമാണോ എന്നു പരിശോധിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു).

തന്റെ അച്ഛന്‍ ഉണ്ടാക്കിത്തന്ന സാധാരണ ഊന്നുവടി ഒരിക്കലും കളഞ്ഞിട്ടില്ലെന്ന് ജി പറഞ്ഞു. “നിരാശപ്പെട്ടില്ലെങ്കില്‍ നിങ്ങള്ക്ക് എന്തും നേടാം എന്നതിന്റെ തെളിവാണത്” എന്നായാള്‍ പറയുന്നു.

ട്രംപ് കോണ്‍ഗ്രസില്‍, “സ്വാതന്ത്ര്യത്തില്‍ ജീവിക്കാനുള്ള ഏതൊരു മനുഷ്യന്റെയും ആഗ്രഹത്തിന്റെ തെളിവ്” എന്നു പറഞ്ഞപ്പോള്‍ അയാള്‍ തന്റെ ഊന്നുവടികള്‍ ഉയര്‍ത്തിക്കാട്ടി.
എന്നാല്‍ ട്രംപിന്റെ കര്‍ക്കശമായ കുടിയേറ്റ നയങ്ങളും അതിര്‍ത്തി പരിശോധനയും മൂലം പ്രസംഗത്തില്‍ ജിയെ പരാമര്‍ശിച്ചത് ചില ചോദ്യങ്ങളുയര്‍ത്തി.

“ശരിയാണ്, ജി സ്യോങ്-ഹോയുടെ കഥ ദുരിതം നിറഞ്ഞതാണ്. പക്ഷേ ഇതേ തരത്തിലുള്ള അഭയാര്‍ത്ഥികളെയല്ലേ ട്രംപ് അമേരിക്കയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നത്?” ഒരാള്‍ അതിനുശേഷം ട്വിറ്ററില്‍ ചോദിക്കുന്നു.

ഉത്തരകൊറിയ അപകടകരമായ രാജ്യമാണെങ്കില്‍, അമേരിക്ക അതില്‍ എത്രത്തോളം ഉത്തരവാദിയാണ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍