UPDATES

വിദേശം

ഉത്തര കൊറിയയുടെ രഹസ്യ മിസൈൽ പദ്ധതിയുടെ ആസ്ഥാനം കണ്ടെത്തി

ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളിലൊന്നിന്റെ ആസ്ഥാനമെന്ന് സംശയിക്കുന്ന ഒരു കേന്ദ്രം കണ്ടെത്തിയതായി അമേരിക്കയിലെ ഒരു നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്. അന്തർദ്ദേശീയ സമൂഹത്തിനോ സ്ഥാപനങ്ങള്‍ക്കോ ഇനിയും വ്യക്തമായ വിവരങ്ങളൊന്നുമില്ലാത്ത ഇരുപതോളം കേന്ദ്രങ്ങളിലൊന്നാണ് വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്. യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള ആണവനിരായുധീകരണ ചർച്ചകൾ തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കി നില്‍ക്കെയാണ് ഈ വെളിപ്പെടുത്തൽ വരുന്നത്. ഉത്തര കൊറിയ വികസിപ്പിച്ചെടുത്ത മധ്യദൂര മിസ്സൈലായ നോഡോങ് 1 ഉപയോഗിച്ച് അയൽപ്രദേശമായ ദക്ഷിണ കൊറിയയിലേക്കും മറ്റും ആണവാക്രമണങ്ങൾ സംഘടിപ്പിക്കാൻ ഇവർക്കാകുമെന്നാണ് കരുതപ്പെടുന്നത്. ജപ്പാനിലേക്കും, യുഎസ്സിന്റെ അധീനതയിലുള്ള ദ്വീപായ ഗുവാമിലേക്കും ആക്രമണം നടത്താൻ ഉത്തര കൊറിയയ്ക്ക് ഈ കേന്ദ്രത്തിൽ നിന്നും സാധിക്കും.

വടക്കൻ ജിയോങ്സാങ് പ്രവിശ്യയിലെ സിനോ-റി മേഖലയിലാണ് ഈ രഹസ്യ മിസ്സൈൽ ബേസ് കണ്ടെത്തിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

യുഎസ്സിലെ വാഷിങ്ടൺ ആസ്ഥാനമായി പ്രവർ‌ത്തിക്കുന്ന സെന്റർ ഓഫ് സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസാണ് ഈ അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇനിയും കൃത്യമായി കണ്ടെത്താത്ത ആകെ ഇരുപത് രഹസ്യ കേന്ദ്രങ്ങളുള്ളതിൽ ഒന്നാണിത്. നേരത്തെ ഇവയിലെ പതിമൂന്നോളം കേന്ദ്രങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങൾ അന്വേഷകർ പുറത്തു കൊണ്ടുവന്നിരുന്നു. ഈ കണ്ടെത്തലുകളെ ആധാരമാക്കി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് ഇത്രയുമാണ്. അണ്വായുധ പരിപാടികളിൽ നിന്ന് ഒരിഞ്ചു പോലും കിം പിന്മാറിയിട്ടില്ല.

രാജ്യത്തിന്റെ സ്ട്രാറ്റജിക് റോക്കറ്റ് ഫോഴ്സുകളുടെ ഭാഗമായ നോടോങ് മിസ്സൈൽ ബ്രിഗേഡിന്റെ ആസ്ഥാനമാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നതെന്നാണ് റിപ്പോർട്ട്. രാജ്യം പുതുതായി വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്ന പുക്കുക്സോങ് 2 ബാലിസ്റ്റിക് മിസ്സൈലും ഇതേ കേന്ദ്രത്തിലാണ് പണി നടന്നുകൊണ്ടിരിക്കുന്നത് എന്നും ഊഹിക്കപ്പെടുന്നുണ്ട്. കൊറിയയുടെ മുൻ മിസ്സൈലുകളെ അപേക്ഷിച്ച് നിരീക്ഷണ സംവിധാനങ്ങൾക്ക് തിരിച്ചറിയാൻ പ്രയാസമുള്ള മിസ്സൈലാണിത്.

ഫെബ്രുവരി അവസാനത്തിലായിരിക്കും കിമ്മും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക എന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഈ സംഭാഷണത്തെക്കുറിച്ച് ഏറെ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു ട്രംപ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍