UPDATES

വിദേശം

ആണവകരാർ പ്രശ്ന പരിഹാരം, ജി 7 ഉച്ചകോടിക്കിടെ ഇറാന്റെ അപ്രതീക്ഷിത നീക്കം

ഞായറാഴ്ച ചേർന്ന‍ രാഷ്ട്രത്തലവന്മാരുടെ യോഗം ആണവക്കരാറുമായി ബന്ധപ്പെട്ട് ഇറാന് ജി-7 രാജ്യങ്ങളുടെ സംയുക്തസന്ദേശം നൽകാൻ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോണിനെ ചുമതലപ്പെടുത്തി.

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് അപ്രതീക്ഷിതമായി ഫ്രാന്‍സിലെത്തി. ടെഹ്‌റാന്റെ ആണവ പദ്ധതികളെത്തുടർന്ന് നയതന്ത്രതലത്തിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനാണ് അദ്ദേഹം ക്ഷണിക്കപ്പെട്ടത്. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാനുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് അദ്ദേഹം നേരിട്ടുപോയത്.

ഫ്രഞ്ച് വിദേശകാര്യമന്ത്രിയുടെ ക്ഷണപ്രകാരമാണ് സരിഫ് ബിയാരിറ്റ്‌സിലേക്ക് പോയതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. എന്നാല്‍ അമേരിക്കൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകളോ ചർച്ചകളോ ഉണ്ടാകില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സരിഫിന്‍റെ സന്ദർശനത്തെക്കുറിച്ച് വൈറ്റ് ഹൌസിന് അറിയാമോ എന്ന ചോദ്യത്തിന്  ‘ഞങ്ങൾ ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്’ എന്നാണ് ഒരു ഫ്രഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. പക്ഷെ, മാക്രോണും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശനിയാഴ്ച രണ്ട് മണിക്കൂറോളം ഇറാന്‍ വിഷയം സുദീര്‍ഘമായി ചർച്ച ചെയ്തിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച ചേർന്ന‍ രാഷ്ട്രത്തലവന്മാരുടെ യോഗം ആണവക്കരാറുമായി ബന്ധപ്പെട്ട് ഇറാന് ജി-7 രാജ്യങ്ങളുടെ സംയുക്തസന്ദേശം നൽകാൻ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോണിനെ ചുമതലപ്പെടുത്തി. പ്രത്യേക ചർച്ച നടത്തിയ ശേഷമാവും ഇറാന് സന്ദേശം നൽകുക. ആണവക്കരാറിൽ നിന്ന് പിന്മാറാനുള്ള നീക്കത്തിൽനിന്ന് ഇറാനെ പിന്തിരിപ്പിക്കുക, മേഖലയിൽ സമാധാനം ഉറപ്പാക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യമെന്ന് ഫ്രഞ്ച് പ്രതിനിധികൾ പറഞ്ഞു. എന്നാൽ, ഇങ്ങനെയൊരു കാര്യം തനിക്ക് അറിയില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്.

എന്നാല്‍, ഇറാനുമായുള്ള ചർച്ചയിൽ ട്രംപ് യാതൊരു‘മുൻ വ്യവസ്ഥകളും’ ഏർപ്പെടുത്തിയിട്ടില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്യുചിൻ പറഞ്ഞു. ഇറാന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ നിലപാട്. എണ്ണവരുമാനം നിലച്ചതിനാല്‍ മറ്റു രീതിയില്‍ ഇറാന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആശയവും ജി-7 ഉച്ചകോടി ചര്‍ച്ചയ്ക്കിടെ അദ്ദേഹം പങ്കുവച്ചു. യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളായ മറ്റു രാജ്യങ്ങളും ഇതേ അഭിപ്രായക്കാരാണ്. എന്നാല്‍ യു.എസ് ഉപരോധം ലംഘിക്കാന്‍ ആരും ധൈര്യപ്പെടുന്നുമില്ല. അതേസമയം, ഇറാനെതിരെ അമേരിക്ക ശക്തമായ പ്രചരണം നടത്തുന്നതിനിടെ ഏഷ്യന്‍ രാജ്യങ്ങളുടെ പിന്തുണ തേടുന്നതിനായി സരിഫ് ഏഷ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തും.

Also Read:“ക്യാമ്പിലേക്ക് കക്കൂസിന്റെ പണിയെടുക്കാന്‍ മണ്ണു മാന്തിയപ്പോള്‍ അമ്മമ്മയെ മാന്തിയെടുക്കുകയാണോ എന്നാണവന്‍ ചോദിച്ചത്”; ദുരന്തരാത്രിയെ ഓര്‍മിച്ച് കവളപ്പാറക്കാര്‍, ഇനി എങ്ങോട്ട് പോകും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍