UPDATES

വിദേശം

ഒക്ടോബര്‍ വിപ്ലവം: നൂറാം വാര്‍ഷികത്തില്‍ റഷ്യന്‍ പൊതുബോധത്തിന്റെ ഒരടിക്കുറിപ്പ് മാത്രം?

1917 വിപ്ലവത്തോട് ഭൂരിപക്ഷം റഷ്യക്കാരും ഉദാസീനരാണെന്ന് മാത്രമല്ല ആഘോഷിക്കപ്പെടേണ്ടതായി ഒന്നുമില്ല എന്ന് വിശ്വസിക്കുന്നവരുമാണ്. എല്ലാ എതിരഭിപ്രായങ്ങളും ദേശീയ ഐക്യത്തിന് വിനാശകരവും ദേശീയ അനുരഞ്ജനത്തിന് വിഘാതവുമാണ് എന്ന് പ്രചരിപ്പിക്കുന്ന വിപ്ലവവിരുദ്ധ സര്‍ക്കാര്‍ സംവാദങ്ങളാണ് ഇതിന് അടിസ്ഥാനകാരണം

‘മഹത്തരമെന്ന്’ എന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ട ഒക്ടോബര്‍ വിപ്ലവം അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, റഷ്യയില്‍ അത് ചരിത്രപാഠങ്ങളുടെയും പൊതുബോധത്തിന്റെയും അടിക്കുറിപ്പ് മാത്രമായി മാറിയിരിക്കുകയാണെന്ന് thewire.in ല്‍ എഴുതിയ ലേഖനത്തില്‍ ആംസ്റ്റര്‍ഡാം സര്‍വകലാശാലയിലെ യൂറോപ്യന്‍ പഠനവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സുധ രാജഗോപാലന്‍ നിരീക്ഷിക്കുന്നു. 20-ാം നൂറ്റാണ്ടിലെ ഏറ്റവും സുപ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ഒന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം റഷ്യയയില്‍ ഔദ്ധ്യോഗികമായി ആഘോഷിക്കപ്പെടുന്നില്ല എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും സുപ്രധാനമായ തെളിവ്.

ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 25നാണ് വിപ്ലവം നടന്നതെങ്കിലും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ആ തീയതി നവംബര്‍ ഏഴാണ്. ഈ ചരിത്രസംഭവത്തിന്റെ ഓര്‍മ്മദിനം ദേശീയമായി ആഘോഷിക്കുന്നതിന് ഒരു പൊതുസമ്മതി ആവശ്യമാണെന്ന് സുധ രാജഗോപാലന്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് കാലഘട്ടം വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന ഇന്നത്തെ റഷ്യയില്‍ അത്തരം ഒരു പൊതുസമ്മതിക്ക് സ്ഥാനമില്ല. മാത്രമല്ല ഔദ്ധ്യോഗികമായ ഏതൊരു ആഘോഷവും അങ്ങേയറ്റം ധ്രൂവീകൃതമായ റഷ്യന്‍ സമൂഹത്തില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്ന വിലിയിരുത്തലും നിലനില്‍ക്കുന്നുണ്ട്.

ഒക്ടോബര്‍ വിപ്ലവത്തിന്റെ വാര്‍ഷികമായ നവംബര്‍ ഏഴിന് ദേശീയ അവധി നല്‍കുന്ന കീഴ്‌വഴക്കം 1996 ല്‍ തന്നെ നിറുത്തലാക്കിയതാണ്. ചരിത്രത്തിന്റെ ആ അദ്ധ്യായം റഷ്യ ഔദ്ധ്യോഗികമായി തന്നെ അടച്ചുകളഞ്ഞു എന്ന് സാരം. എന്നാല്‍ ദേശീയതയെ ഉത്തേജിപ്പിക്കുന്നതിനായി ചരിത്രത്തില്‍ നിന്നും തങ്ങള്‍ക്ക് സൗകര്യപ്രദമായ ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്ന നിലവിലെ ഭരണകൂടത്തിന് കീഴില്‍ നൂറാം വാര്‍ഷികം വ്യത്യസ്തമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അക്കാദമിക് വിദഗ്ധര്‍ വിപ്ലവത്തെ കുറിച്ച് സംവാദം നടത്തുന്ന ചടങ്ങുകളുടെ പരമ്പര ഒരു വര്‍ഷം മുഴുവന്‍ നീണ്ട് നില്‍ക്കുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ഔദ്ധ്യോഗിക ആഘോഷങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയ്ക്ക് ആക്കം കൂട്ടാനെ ഉപകരിക്കു എന്നാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. വിപ്ലവം റഷ്യയ്ക്ക് ഗുണം ചെയ്തുവെന്ന് ഒരു വിഭാഗം വിലയിരുത്തുമ്പോള്‍, പാശ്ചാത്യ ആധുനിക ജീവിതത്തിലേക്കുള്ള റഷ്യയുടെ അനിവാര്യയാത്രയ്ക്ക് വിഘാതമായത് ഒക്ടോബര്‍ വിപ്ലവമാണെന്ന് മറ്റൊരു വിഭാഗം ചിന്തിക്കുന്നു. ഔദ്ധ്യോഗികമായ ഏതൊരു ആഘോഷവും ഈ വിഭാഗീയതയ്ക്ക് ആക്കം കൂട്ടും എന്നാണ് പലരും ഭയക്കുന്നത്.

വിപ്ലവത്തിന്റെ അര്‍ത്ഥം എങ്ങനെ വായിച്ചെടുക്കുണമെന്നും അത് റഷ്യയുടെയും അന്നത്തെ സോവിയറ്റ് യൂണിയന്റെയും സമൂഹത്തില്‍ എന്തൊക്കെ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചതെന്നും സംബന്ധിച്ചാണ് പ്രധാന അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നത്. 1922ല്‍ സോവിയറ്റ് യൂണിയനായി തീര്‍ന്ന റഷ്യയിലെ 70 വര്‍ഷത്തോളം നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിന് സാധുത നല്‍കിയത് ഒക്ടോബര്‍ വിപ്ലവമാണ്. പക്ഷെ ഈ കഥ നിര്‍മ്മിച്ചെടുക്കപ്പെട്ട പ്രക്രിയ ദീര്‍ഘവും സങ്കീര്‍ണവുമായിരുന്നു. അടിത്തറ സംബന്ധിച്ച് നിര്‍മ്മിക്കപ്പെടുന്ന എല്ലാ ഐതീഹ്യങ്ങളെയും ആഖ്യാനങ്ങളെയും പോലെ, ഒക്ടോബര്‍ വിപ്ലവത്തെ എങ്ങനെ വ്യാഖ്യാനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യണം എന്നത് സംബന്ധിച്ച് സോവിയറ്റ് യൂണിയനിലും ദീര്‍ഘമായ ചര്‍ച്ചകളും സംവാദങ്ങളും നടന്നു. വിപ്ലവാന്തര കാലഘട്ടത്തിന്റെ തുടക്ക വര്‍ഷങ്ങളില്‍ വിപ്ലവവാര്‍ഷീക ആഘോഷങ്ങള്‍ക്ക് ആഗ്രഹിച്ചത്ര ജനപങ്കാളിത്തം ഉണ്ടായില്ല. ആഘോഷങ്ങള്‍ അനാവശ്യമാം വിധം ദീര്‍ഘമാണെന്ന് പരാതിപ്പെട്ട തൊഴിലാളികള്‍ അവധി ദിവസങ്ങളില്‍ മദ്യാപനത്തില്‍ മുങ്ങി. ഒരു സ്ഥിരാഖ്യാനത്തിലൂടെ അതിവിശാലമായ ഒരു രാജ്യത്ത് വിപ്ലവത്തെ അരക്കിട്ടുറപ്പിക്കാന്‍ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ ബോള്‍ഷെവിക്കുകള്‍ സ്വന്തം കഥകള്‍ മെനയാന്‍ തുടങ്ങി. വിപ്ലവത്തിന് ഒരു ഓര്‍മ്മാലയം നിര്‍മ്മിക്കുന്നതിനും തങ്ങളുടേതായ ചരിത്രം രചിക്കുന്നതിനുമായി അവര്‍ 1920 ല്‍ ഇസ്റ്റ്പാര്‍ട്ട് എന്ന കമ്മിറ്റിക്ക് രൂപം നല്‍കി. സംഭവവികാസങ്ങളുടെ ദൃക്‌സാക്ഷി വിവരണവും തങ്ങളുടെ പങ്കിനെ കുറിച്ചുള്ള ജനങ്ങളുടെ ഓര്‍മ്മയും ശേഖരിക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ ദൗത്യം. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ശേഖരത്തിലെ വൈവിദ്ധ്യം നിലനിറുത്തുന്നതിന് പകരം, ഇസ്റ്റ്പാര്‍ട്ട് അംഗങ്ങള്‍ ഈ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്യുകയും യാതൊരു തരത്തിലുള്ള വൈരുദ്ധ്യങ്ങളും ഇല്ലാത്ത ഒരു വിപ്ലവകഥ സൃഷ്ടിച്ചെടുക്കുകയും ചെയ്തു. പക്ഷെ ‘വിപ്ലവത്തിന്റെ ചരിത്രങ്ങള്‍’ എന്ന പേരില്‍ പുറത്തുവന്ന ലഘുലേഖകളും ഓര്‍മ്മക്കുറിപ്പുകളും ചരിത്രനിര്‍മ്മിതിയിലെ ഒരു വലിയ സംഭാവന തന്നെയായിരുന്നു.

ഇതേ തുടര്‍ന്ന് ബോള്‍ഷെവിക്കുകളുടെ കേന്ദ്രീകൃത ആഖ്യാനം പുറത്തുവന്നു. ആദ്യം ലെനിന്റെ കീഴില്‍ പുറത്തുവന്ന ആഖ്യാനം പിന്നീട് ക്രൂഷ്‌ചേവിന്റെ നേതൃത്വത്തില്‍ പരിഷ്‌കരിക്കപ്പെട്ടു. ലെനിന്റെ കീഴില്‍ ഏക ബോള്‍ഷേവിക് പാര്‍ട്ടി ഒക്ടോബര്‍ വിപ്ലവം നയിച്ചു എന്ന ഐതീഹ്യമാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇതുപ്രകാരം ഫെബ്രുവരി വിപ്ലവത്തിന് രണ്ടാം സ്ഥാനം മാത്രമാണുള്ളത്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വലിയ വികാസത്തിന്റെ ആമുഖം മാത്രമായി ഫെബ്രുവരി വിപ്ലവം ചുരുക്കപ്പെട്ടു. മാത്രമല്ല, ലെനിന്‍ കേന്ദ്രീകൃതമായ ഈ ബോള്‍ഷെവിക് കഥയില്‍ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികളായ മെന്‍ഷേവിക്കുകളെയോ സോഷ്യലിസ്റ്റ് റെവല്യൂഷണറീസിനെയോ കുറിച്ചോ രാഷ്ട്രീയ ഭൂമികയില്‍ അവരുടെ പങ്കിനെ കുറിച്ചോ യാതൊരു പരാമര്‍ശവുമില്ല. സോവിയറ്റ് രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ തടവുകാരായി ഈ പാര്‍ട്ടികളുടെ പ്രവര്‍ത്തകരൊക്കെ മാറുകയും ചെയ്തു.

എന്നാല്‍ ഭരണകൂടുത്തിന്റെയും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുപൂരകമായി സൃഷ്ടിക്കപ്പെടുന്ന ഇത്തരം വ്യാഖ്യാനങ്ങള്‍ക്കൊക്കെ തന്നെയും സംശയത്തില്‍ അധിഷ്ടിതമായ ഒരു ജനകീയ പ്രതിരോധ ആഖ്യാനം ഉയര്‍ന്നുവരും. ബോള്‍ഷെവിക് കേന്ദ്രീകൃത, ലെനിന്‍ കേന്ദ്രീകൃത, പെട്രോഗ്രാഡ് കേന്ദ്രീകൃത ഈ ഔദ്ധ്യോഗിക വ്യാഖ്യാനത്തിന് അനുപൂരകം എന്ന നിലയിലോ അല്ലെങ്കില്‍ അതിനെ വെല്ലുവിളിക്കുന്ന നിലയിലോ ഉള്ള പുതിയ ചരിത്രാഖ്യാനങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. 1953ല്‍ സ്റ്റാലിന്‍ മരിച്ചതിന് ശേഷമായി ഇത്തരം ആഖ്യാനങ്ങളുടെ ഉയിര്‍പ്പ്. തലസ്ഥാന കേന്ദ്രീകൃത ഔദ്ധ്യോഗിക അടിത്തറ കഥകളില്‍ നിന്നും ഭിന്നമായി നാട്ടിന്‍പുറങ്ങളില്‍ ഉയിര്‍ക്കൊണ്ട തൊഴിലാളി പങ്കാളിത്തത്തെ കുറിച്ച് ചില ചരിത്രകാരന്മാര്‍ അന്വേഷിക്കാന്‍ തുടങ്ങി. വിപ്ലവത്തെ ഒരു വിശാല ജനകീയ പ്രക്രിയയായി കാണുന്നതിന്റെ ഭാഗമായി തൊഴിലാളി വര്‍ഗ്ഗേതര രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കിനെ കുറിച്ച് മറ്റ് ചില ചരിത്രകാരന്മാര്‍ അന്വേഷിച്ചു. ബോള്‍ഷെവിക് അണികളില്‍ തന്നെയുള്ള ബഹുവിധ രാഷ്ട്രീയ കാഴ്ചപ്പോടുകളെ കുറിച്ച് ഘനാന്‍ അസ്ട്രാഖാനെയും അലക്‌സാണ്ടര്‍ റോബനോവിച്ചിനെയും പോലുള്ള ചരിത്രകാരന്മാര്‍ രേഖപ്പെടുത്തി. ഭിന്നാഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തുന്ന, ഏകകണ്ഠമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള ഒരു ഏകജാതീയ സംഘമാണ് ബോള്‍ഷേവിക്കുകള്‍ എന്ന ഐതീഹ്യത്തെ ഈ രചനകള്‍ പൊളിച്ചടുക്കി. വിപ്ലവത്തിന് കൂടുതല്‍ സങ്കീര്‍ണമായ ആഖ്യാനം നല്‍കിയ ഈ ചരിത്രകാരന്മാര്‍, സംഭവത്തിന്റെ ചരിത്രാഖ്യായികയിലെ ലാളിത്യത്തെ നിരാകരിച്ചു.

വിപ്ലവാനന്തര റഷ്യ പക്ഷെ അതത് സാഹചര്യത്തിന്റെ രാഷ്ട്രീയത്തിന് ഇണങ്ങുന്ന ചരിത്ര മുഹൂര്‍ത്തങ്ങളെ മാത്രം സ്വീകരിച്ചു. ചരിത്രത്തിന്റെ ഈ തിരഞ്ഞെടുപ്പിന് ഒക്ടോബര്‍ വിപ്ലവം അനുയോജ്യമാണോ എന്ന കാര്യം ഇനിയും വ്യക്തമല്ല. വിപ്ലവം സൃഷ്ടിച്ച നശീകരണത്തെയും നാശനഷ്ടങ്ങളെയും കുറിച്ച് 2008ല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഒരു സമ്മേളനത്തില്‍ സംസാരിച്ചതിനെ കുറിച്ച് ബോറിസ് കൊളോനിറ്റ്‌സ്‌കി രേഖപ്പെടുത്തിയിട്ടുണ്ട്. അധിനിവേശ നാട്യങ്ങള്‍ ഉണ്ടായിരുന്ന സോവിയറ്റ് അനന്തര രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒക്ടോബര്‍ വിപ്ലവത്തിന്റെ മൂലകഥ അതിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നില്ല. എന്നിരുന്നാല്‍ തന്നെയും വിപ്ലവത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും മനസിലാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് 2014ല്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞു. എന്നാല്‍ സോവിയറ്റ് ആഖ്യാനത്തിലുള്ളതിനേക്കാള്‍ നാടകീയ വളരെ കുറവായിരുന്നു വിപ്ലവത്തിന് എന്നാണ് ജോസഫ് സാജ്ദയെ പോലുള്ള ചരിത്രകാരന്മാര്‍ കരുതുന്നത്. ശീതകാല കൊട്ടാരത്തിലേക്ക് ഇരച്ചുകയറി എന്നാണ് ബോള്‍ഷെവിക് ചരിത്രം വിവരിക്കുന്നത്. എന്നാല്‍ ഏതാനും ചില വിപ്ലവകാരികള്‍ മാത്രം പങ്കെടുത്ത രക്തരഹിതവും നിശബ്ദവുമായ ഒരു കൈയേറ്റം മാത്രമായിരുന്നു ഇതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. പട്ടാളക്കാര്‍ നിരുന്മേഷവാന്മാരും നിശ്ചേതരുമായി നിലകൊണ്ടു.

എന്നാല്‍, ഔദ്ധ്യോഗിക ചാഞ്ചല്യങ്ങള്‍ക്കിടയില്‍ സംഘടിപ്പിക്കപ്പെട്ട റഷ്യന്‍ വിപ്ലവത്തെ കുറിച്ചുള്ള അക്കാദമിക് കോണ്‍ഫറന്‍സ് സൃഷ്ടിപരമായ ഒന്നായി തീര്‍ന്നതായി സുധ രാജഗോപാലന്‍ പറയുന്നു. റഷ്യയിലെ ഇന്നത്തെ ചരിത്രകാരന്മാര്‍ ഐതീഹ്യ സൃഷ്ടിയില്‍ തല്‍പരരല്ല എന്ന് റോബിനോവിച്ച് രേഖപ്പെടുത്തുന്നു. വിപ്ലവകാലഘട്ടത്തിന്റെ മൂല്യവത്തും രേഖകളുടെ അടിസ്ഥാനത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നതുമായ വിപ്ലവത്തിന്റെ വെളിപ്പെടുത്താത്ത ഏടുകളാണ് അവര്‍ അന്വേഷിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന സങ്കീര്‍ണമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രക്രിയയിലെ നിര്‍ണായക ഘട്ടങ്ങളാണ് ഫെബ്രുവരി, ഒക്ടോബര്‍ വിപ്ലവങ്ങള്‍ എന്നവര്‍ തിരിച്ചറിയുന്നു. അതിനാല്‍ തന്നെ വിപ്ലവത്തെ ഇപ്പോള്‍ മഹത്തായ റഷ്യന്‍ വിപ്ലവം എന്നാണ് പൊതുവില്‍ പരാമര്‍ശിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള ഒരു വ്യതിയാനം വിപ്ലവത്തെ ഒറ്റ സംഭവം എന്ന നിലയില്‍ നിന്നും ഒരു സമൂല ‘പ്രക്രിയ’ എന്ന നിലയിലേക്ക് ഉയര്‍ത്തുന്നു. അവര്‍ അതിന്റെ വൈവിദ്ധ്യത്തെ അംഗീകരിക്കാന്‍ തയ്യാറാവുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള അക്കാദമിക് രചനകള്‍ വിഷയത്തിലുള്ള പൊതുതാല്‍പര്യവുമായി പൊരുത്തപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. വിപ്ലവാനന്തരം പ്രചരിച്ചതുപോലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളിലാണ് ഭൂരിപക്ഷം റഷ്യക്കാര്‍ക്കും വിശ്വാസം. ഫെബ്രുവരി, ഒക്ടോബര്‍ വിപ്ലവങ്ങള്‍ ജര്‍മ്മന്‍, ബ്രിട്ടീഷ് ചാരന്മാരുടെ സൃഷ്ടിയാണെന്ന് ജനകീയ സിദ്ധാന്തങ്ങള്‍ വ്യാഖ്യാനിക്കുന്നു. റഷ്യന്‍ ചരിത്രത്തിലെ സുപ്രധാനവും എന്നാല്‍ മറക്കപ്പെട്ടതുമായ ഒന്നാണ് വിപ്ലവം എന്ന് ഡോഷ്ഡ ചീഫ് എഡിറ്റര്‍ മിഖായേല്‍ സിഗാര്‍ എഴുതുന്നു. യുവജനങ്ങള്‍ക്കിടയില്‍ റഷ്യന്‍ ചരിത്രം പ്രചരിപ്പിക്കുന്നതിനായി ‘പ്രൊജക്ട് 1917’ എന്നൊരു പദ്ധതിക്ക് അദ്ദേഹം രൂപം നല്‍കിയിട്ടുണ്ട്. ഒരു ഡിജിറ്റല്‍ പ്ലാറ്റഫോമില്‍ പരമാവധി ജനപ്രിയവും പ്രാപ്യവുമായി രീതിയില്‍ റഷ്യന്‍ ചരിത്രം ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് യുവചരിത്രകാരന്മാരും ഐടി വിദഗ്ധരും അടങ്ങുന്ന ഈ സന്നദ്ധസംഘം.

ഇത്തരം ശ്രമങ്ങള്‍ക്കിടയിലും 1917 വിപ്ലവത്തോട് ഭൂരിപക്ഷം റഷ്യക്കാരും ഉദാസീനരാണെന്ന് മാത്രമല്ല ആഘോഷിക്കപ്പെടേണ്ടതായി ഒന്നുമില്ല എന്ന് വിശ്വസിക്കുന്നവരുമാണ്. എല്ലാ എതിരഭിപ്രായങ്ങളും ദേശീയ ഐക്യത്തിന് വിനാശകരവും ദേശീയ അനുരഞ്ജനത്തിന് വിഘാതവുമാണ് എന്ന് പ്രചരിപ്പിക്കുന്ന വിപ്ലവവിരുദ്ധ സര്‍ക്കാര്‍ സംവാദങ്ങളാണ് ഇതിന് അടിസ്ഥാനകാരണം. വിപ്ലവത്തിന്റെ പൊതുവായ ചരിത്രപ്രാധാന്യത്തെ പുടിന്‍ അംഗീകരിക്കുമ്പോഴും, ക്രിമിയയില്‍ നടന്ന വ്‌ളാഡിമിര്‍ രാജകുമാരന്റെ മാമോദീസയും റോമനോവ് സാമ്രാജ്യത്തിന്റെ സ്ഥാപനവും രണ്ടാം ലോക മഹായുദ്ധവിജയും സ്റ്റാലിന്‍ നടപ്പിലാക്കിയ ആധുനികവല്‍ക്കരണ പദ്ധതികളുമാണ് അദ്ദേഹത്തിന് കൂടുതല്‍ പഥ്യം. ആധുനിക റഷ്യയുടെ ‘ബഹുചരിത്രീകരണം’ എന്നാണ് അലക്‌സാണ്ടര്‍ എറ്റ്‌കൈന്‍ഡ് ഈ പ്രവണതയെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്ത ചരിത്രാഖ്യാനങ്ങളെ സ്വീകരിക്കാന്‍ റഷ്യക്കാര്‍ തയ്യാറാവുന്നു എന്ന് അര്‍ത്ഥം. എന്നാല്‍ ഭൂതകാല സംഭവങ്ങളെ പൊരുത്തപ്പെടുത്താന്‍ ഇത്തരം ആഖ്യാനങ്ങള്‍ സാധിക്കില്ല എന്ന വസ്തുത അവരെ ആശങ്കപ്പെടുത്തുന്നതുമില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍