UPDATES

വിദേശം

ഡെമോക്രാറ്റുകൾക്ക് പൈപ്പ് ബോംബുകൾ അയച്ച ട്രംപിന്റെ ആരാധകൻ പിടിയിൽ; കൂടുതൽ ബോംബുകൾ പിടിച്ചെടുത്തു

പിടിയിലാകുമ്പോൾ രണ്ട് സ്ഫോടക വസ്തു പായ്ക്കറ്റുകൾ ഇയാളുടെ പക്കലുണ്ടായിരുന്നു.

അമേരിക്കൻ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ വിമർശകർക്ക് ബോംബുകൾ അയച്ചു കൊടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. സീസർ അൾതീരി സായോക് ജൂനിയർ എന്ന 56കാരനാണ് പിടിയിലായത്. ഇയാൾ ട്രംപിന്റെ കടുത്ത ആരാധകനും അനുയായിയുമാണ്. മിയാമി മേഖലയിലെ ഒരു കാർ റിപ്പയർ ഷോപ്പിനടുത്തു നിന്നാണ് ഇയാൾ പിടിയിലായത്.

ബോംബ് പായ്ക്കറ്റുകളിൽ നിന്നും ഒരു വിരലടയാളം തിരിച്ചറിയാൻ അന്വേഷകർക്ക് സാധിച്ചിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. മറ്റു രണ്ട് പായ്ക്കറ്റുകളിൽ നിന്നും ഡിഎൻഎ വിശദാംശങ്ങളും കണ്ടെടുത്തു. പ്രസിഡണ്ടിന്റെ വിമർശകരായ പന്ത്രണ്ടോളം പേർക്ക് ബോംബ് പായ്ക്കറ്റുകൾ ലഭിച്ചിരുന്നു. രാജ്യം ഇടക്കാല തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുമ്പോഴാണ് ഈ ബോംബാക്രമണ ശ്രമം.

പിടിയിലാകുമ്പോൾ രണ്ട് സ്ഫോടക വസ്തു പായ്ക്കറ്റുകൾ ഇയാളുടെ പക്കലുണ്ടായിരുന്നു. ഇവയിൽ രണ്ടെണ്ണം യുഎസ്സിന്റെ ഡെമോക്രാറ്റ് സെനറ്റർമാർക്ക് അയയ്ക്കാൻ ഉദ്ദേശിച്ചുള്ളവയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇയാൾ ഒരു വാനിനകത്താണ് താമസിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ വാനിൽ നിറയെ വലതുപക്ഷ തീവ്രവാദ സ്വഭാവമുള്ള മുദ്രാവാക്യങ്ങളും ചിത്രങ്ങളും കാണാമെന്നും റിപ്പോർട്ടുകളിലുണ്ട്. ട്രംപിന്റെ കടുത്ത ആരാധകൻ കൂടിയാണിയാൾ.

Hillary Clinton എന്നതിന് സായോക് Hilary Clinton എന്നാണ് ബോംബ് പായ്ക്കറ്റുകളിൽ എഴുതിയിരുന്നത്. ഇതേ അക്ഷരപ്പിഴവ് സായോക്കിന്റെ ഫേസ്ബുക്ക്, ട്വിറ്റർ പോസ്റ്റുകളിലും കാണാമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2016 പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ ഒരു റാലിയിൽ ട്രംപിനെ പിന്തുണച്ച് പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലുണ്ട്.

മുൻ പ്രസിഡണ്ട് ബാരക് ഒബാമ, മുൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ തുടങ്ങിയ നിരവധി ഡെമോക്രാറ്റുകൾക്കാണ് പൈപ്പ് ബോംബുകൾ സായോക്ക് അയച്ചത്. ട്രംപിന്റെ നിതാന്ത ശത്രുക്കളായ മാധ്യമസ്ഥാപനം സിഎൻഎന്നിലേക്കും ബോംബ് പായ്ക്കറ്റ് ചെന്നിരുന്നു.

അതെസമയം, പിടികൂടിയ ആളുടെ രാഷ്ട്രീയ പശ്ചാത്തലം വെച്ച് ബോംബ് അയച്ചത് താനാണെന്ന് പറയരുതെന്ന് ആവശ്യപ്പെട്ട് പ്രസിഡണ്ട് ട്രംപ് രംഗത്തു വന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍