UPDATES

ട്രെന്‍ഡിങ്ങ്

‘ഞാന്‍ മുസഫറബാദില്‍ വമ്പന്‍ റാലി നടത്തും’; പാക് അധീന കാശ്മീരില്‍ പ്രതിഷേധ സമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ച് ഇമ്രാന്‍ ഖാന്‍

അതേസമയം കാശ്മീര്‍ വിഷയത്തില്‍ ഇടപെടാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം, ഇന്ത്യ വീണ്ടും  തള്ളി

പാക് അധീന കാശ്മീരില്‍ പ്രതിഷേധ സമ്മേളനം നടത്തുമെന്ന് ലോകത്തെ അറിയിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക് അധീന കശ്മീരിലെ മുസഫറബാദില്‍ വെള്ളിയാഴ്ച വന്‍ പ്രതിഷേധറാലി നടത്തുമെന്നാണ് ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ‘ജമ്മുകാശ്മീരില്‍ അധിനിവേശം നടത്തിയ ഇന്ത്യന്‍ സേനയുടെ നടപടിയില്‍ പ്രതിഷേധിച്ചും പാകിസ്താന്‍ അവരോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് കാശ്മീരികളെ കാണിക്കാനും ഞാന്‍ മുസഫറബാദില്‍ സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച വമ്പന്‍ റാലി നടത്തുകയാണെന്നുള്ള കാര്യം ലോകത്തെ അറിയിക്കുകയാണ്.’ എന്നായിരുന്നു ഇമ്രാന്റെ ട്വീറ്റ്.

അതേസമയം കാശ്മീര്‍ വിഷയത്തില്‍ ഇടപെടാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം, ഇന്ത്യ വീണ്ടും  തള്ളി. കാശ്മീര്‍ വിഷയത്തില്‍ ഒരു ബാഹ്യ ഇടപെടലും വേണ്ടെന്ന് ജി ഏഴ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഈ നിലപാട് അംഗീകരിച്ച ട്രംപ് ഇപ്പോള്‍ വീണ്ടും വിഷയത്തില്‍ ഇടപെടാമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യയേയും പാകിസ്താനെയും സഹായിക്കാന്‍ തയ്യാറാണെന്നായിരുന്നു ട്രംപ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, ട്രംപിന്റെ സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. ഈ മാസം അവസാനം മോദി വാഷിംഗ്ടണില്‍ വീണ്ടും ട്രംപിനെ കണ്ടേക്കും. ഇന്ത്യയുടെ നിലപാട് വീണ്ടും അറിയിക്കുമെന്നാണ് വിവരം.

ഇന്നലെ ഐക്യരാഷ്ട്ര മനുഷ്യവകാശ കൗണ്‍സിലില്‍ പാകിസ്താന്‍ വാദിച്ചത്, ‘കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ല. ആഗോള ശ്രദ്ധയും ഇടപെടലും ആവശ്യമുള്ള മേഖലയാണത്. തീവ്രവാദത്തെ അടിച്ചമര്‍ത്താനെന്ന പേരില്‍ ഇന്ത്യ നടത്തുന്നത് ഗുരുതരമായ മനുഷ്യാവകാശലംഘനമാണ്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണം’ എന്നാണ്.

ഇതിന് ഇന്ത്യയുടെ മറുപടി – ‘കാശ്മീരുമായി ബന്ധപ്പെട്ട നിയമഭേദഗതി മറ്റ് നിയമങ്ങളെപ്പോലെത്തന്നെ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണ്. ഒരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ പുറത്തു നിന്ന് ഇടപെടല്‍ വരുന്നത് അനുവദിക്കാനാകില്ല. ഇന്ത്യ അത് ഒരിക്കലും അനുവദിക്കില്ല. എല്ലാ പ്രശ്‌നങ്ങളെയും നേരിട്ടുകൊണ്ട് ജമ്മു കാശ്മീര്‍ ഭരണകൂടം നിലവില്‍ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പൗരന്‍മാര്‍ക്ക് നല്‍കുന്നുണ്ട്.

തെരഞ്ഞെടുപ്പ് അടക്കമുള്ള ജനാധിപത്യപ്രക്രിയകള്‍ പുനരാരംഭിക്കാനിരിക്കുന്നു. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താല്‍ക്കാലികം മാത്രമാണ്. അതിര്‍ത്തിയ്ക്ക് അപ്പുറത്തു നിന്നുള്ള തീവ്രവാദം നിയന്ത്രിക്കാനുള്ള മുന്‍കരുതലുകളാണിത്. എന്നും തീവ്രവാദത്തിന്റെ ഇരയായിരുന്നു ഇന്ത്യ. ഭീകരവാദികളെ പണവും പിന്തുണയും കൊടുത്ത് വളര്‍ത്തുന്നവരാണ് മനുഷ്യാവകാശത്തിന്റെ യഥാര്‍ത്ഥ ലംഘകര്‍.” എന്നാണ്.

വിദേശകാര്യമന്ത്രാലയത്തിലെ കിഴക്കന്‍ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറി വിജയ് ഠാക്കൂര്‍ സിംഗും പാകിസ്താന്‍ പുറത്താക്കിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയും ഉള്‍പ്പടെയുള്ള ഉന്നതതല സംഘമാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പങ്കെടുത്തത്. വിജയ് ഠാക്കൂര്‍ സിംഗാണ് ഇന്ത്യക്ക് വേണ്ടി കൗണ്‍സിലില്‍ പ്രസ്താവന നടത്തിയത്. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ നേതൃത്വലായിരുന്നു പാകിസ്താന്റെ പ്രതികരണങ്ങള്‍.

Read: മഞ്ഞ മഞ്ഞ ബള്‍ബുകള്‍.. മിന്നി മിന്നി കത്തുമ്പോള്‍.. തലസ്ഥാനത്തെ ഓണ രാത്രി / വീഡിയോ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍