UPDATES

വിദേശം

പെണ്‍കുട്ടിയെ നഗ്നയാക്കി നടത്തി; പാക്കിസ്ഥാനില്‍ എട്ടുപേര്‍ പിടിയില്‍

പാകിസ്ഥാനില്‍ സ്ത്രീപക്ഷ നിയമങ്ങള്‍ നടപ്പിലാക്കപ്പെടുന്നുണ്ടെങ്കിലും, ഗ്രാമ പ്രദേശങ്ങളില്‍ സ്ത്രീകള്‍ ഇപ്പോഴും അചേതന വസ്തുക്കളെ പോലെ കൈമാറ്റം ചെയ്യപ്പെടുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക സമര്‍ മീനുള്ള

സഹോദരന്‍ കുടുംബത്തെ ആക്ഷേപിച്ചു എന്ന് ആരോപിച്ച് പാകിസ്ഥാനില്‍ 14 വയസുകാരി പെണ്‍കുട്ടിയെ നഗ്നയായി ഗ്രാമത്തിലൂടെ നടത്തിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രാമ കോടതിയുടെ ഉത്തരവ് പ്രകാരമാണ് പെണ്‍കുട്ടിയെ നഗ്നനായി നടത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥകള്‍ക്ക് സമാന്തരമായി ഇത്തരം ഗോത്ര കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികളിലൂടെ നൂറുകണക്കിന് സ്ത്രീകളാണ് ദുരഭിമാനക്കൊലകളിലൂടെ മരിക്കുന്നതെന്നാണ് കണക്ക്.  പെണ്‍കുട്ടിയുടെ സഹോദരന് പീഡനം നടത്തിയ കുടുംബത്തിലെ ഒരു സ്ത്രീയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. അയാളുടെ സഹോദരിയെ അപാനിച്ചുകൊണ്ട് സ്ത്രീയുടെ കുടുംബത്തിന് പകരം വീട്ടാമെന്നായിരുന്നു ഗ്രാമ കോടതിയുടെ ഉത്തരവ്. ഒക്ടോബര്‍ 27ന് രാവിലെ കുടിവെള്ളം ശേഖരിക്കാന്‍ പോയ പെണ്‍കുട്ടിയെ ഒരു സംഘം പുരുഷന്മാര്‍ ആക്രമിക്കുകയും വിവസ്ത്രയാക്കുകയും ഗ്രാമത്തിലൂടെ നാല് മണിക്കൂര്‍ നഗ്നയായി നടത്തിക്കുകയുമായിരുന്നു.

പാകിസ്ഥാനില്‍ ജിര്‍ഗ എന്ന് വിളിക്കപ്പെടുന്ന ഇത്തരം ഗ്രാമ കോടതികളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണ്. എന്നാല്‍ ഔദ്ധ്യോഗിക നിതിന്യായ സംവിധാനം ഇതുവരെ കടന്നു ചെല്ലാത്തതോ അല്ലെങ്കില്‍ അതില്‍ വിശ്വാസം ഇല്ലാത്തതോ ആയ ഗ്രാമീണ മേഖലകളില്‍ ഇവയുടെ പ്രവര്‍ത്തനം വ്യാപകമാണ്. മൂന്ന് മാസം മുമ്പ് പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാനില്‍, ഒരു യുവാവ് ലൈംഗിക പീഡനം നടത്തി എന്ന് ആരോപിച്ച് അയാളുടെ സഹോദരിയെ കൂട്ടബലാല്‍സംഗം ചെയ്യാന്‍ 26 അംഗങ്ങള്‍ അടങ്ങുന്ന ഒരു ഗ്രാമ കോടതി വിധിച്ചു. പാകിസ്ഥാനില്‍ സ്ത്രീപക്ഷ നിയമങ്ങള്‍ നടപ്പിലാക്കപ്പെടുന്നുണ്ടെങ്കിലും, ഗ്രാമ പ്രദേശങ്ങളില്‍ സ്ത്രീകള്‍ ഇപ്പോഴും അചേതന വസ്തുക്കളെ പോലെ കൈമാറ്റം ചെയ്യപ്പെടുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ സമര്‍ മീനുള്ള ചൂണ്ടിക്കാട്ടുന്നു. ഇത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല അനിസ്ലാമികവുമാണെന്ന് അവര്‍ പറയുന്നു. പോലീസ് നടപടികള്‍ സ്വീകരിച്ചാലും പീഢിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ജീവിതം ശിഷ്ടകാലം അപമാനിതമായി തീരുമെന്നും അവര്‍ വിശദീകരിക്കുന്നു.

പാകിസ്ഥാനില്‍ സ്ത്രീകളെ അപമാനിക്കുന്നതിനെ കുറിച്ച് ചൂടേറിയ വാഗ്വാദങ്ങള്‍ നടക്കുന്നതിനിടയ്ക്കാണ് പുതിയ സംഭവവികാസം. താന്‍ ചികിത്സിച്ച ഒരു വനിത രോഗിയെ പിന്നീട് ഫേസ്ബുക്കില്‍ ശല്യം ചെയ്ത ഒരു ഡോക്ടറെ കുറിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സംവിധായിക ഷര്‍മീന്‍ ഒബൈദ്-ചിനോയ് അപമാനിക്കപ്പെട്ടു. ലൈംഗീക പീഡനത്തിന്റെ പേരില്‍ വിവാദനായകനായ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വെ വെയ്ന്‍സ്‌റ്റൈനുമായുള്ള അവരുടെ ബന്ധത്തിന്റെ പേരിലായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ അവര്‍ അപമാനിതയായത്. ആശുപത്രികളില്‍ അപമാനിക്കപ്പെടുന്ന നഗരവരേണ്യരുടെയും ഗ്രാമീണ മേഖലകളില്‍ പീഢനത്തിന് ഇരയാകുന്ന സ്ത്രീകളുടെയും അവസ്ഥകള്‍ തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് ലാഹോര്‍ മാനേജ്‌മെന്റ് സയന്‍സ് സര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്രജ്ഞ നിദ കിര്‍മാനി ചൂണ്ടിക്കാണിക്കുന്നു. പാകിസ്ഥാന്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗീക അവഹേളനത്തിന്റെ രണ്ട് വശങ്ങളാണ് ഇതെന്നും കിര്‍മാനി വിശദീകരിക്കുന്നു. ലൈംഗീക അതിക്രമങ്ങളെയും അവഹേളനങ്ങളെയും കുറിച്ച് ദേശീയതലത്തിലുളള ഒരു സംവാദത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും അവര്‍ പറയുന്നു.

മറ്റൊരു സംഭവത്തില്‍ രണ്ട് മാസം മുമ്പ് ഇഷ്ടമില്ലാത്ത പുരുഷനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായ 20 വയസുകാരി, ഭര്‍ത്താവിനെ കൊല്ലാനായി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടിലെ 15 പേര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ചയാണ്. വിവാഹത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി മറ്റൊരു പുരുഷനുമായി ഗൂഢാലോചന നടത്തുകയും പാലില്‍ വിഷം ചേര്‍ക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്ന. മുള്‍ട്ടാന് സമീപം മുസഫറാഗാര്‍ഫിലാണ് സംഭവം. പാകിസ്ഥാനില്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വിവാഹമോചനം സങ്കീര്‍ണമാണ് എന്ന് മാത്രമല്ല അപകടകരവുമാണ്. 2016ല്‍, തങ്ങളുടെ അനുവാദമില്ലാതെ യുകെയില്‍ വച്ച് വിവാഹമോചനം നേടുകയും പുനര്‍വിവാഹം ചെയ്യുകയും ചെയ്തു എന്ന് ആരോപിച്ച് ഷാമിയ ഷാഹിദ് എന്ന യുകെ പൗരത്വമുള്ള സ്ത്രീയെ, അവരുടെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിനിടയില്‍ സ്വന്തം പിതാവും സഹോദരനും ചേര്‍ന്ന് വധിച്ചു. കേസ് ഇപ്പോള്‍ കോടതിയിലാണ്. കഴിഞ്ഞ മാസം അവര്‍ കൊല്ലപ്പെട്ട ഝലം നഗരത്തില്‍ നിന്നും കേസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ കോടതി തീരുമാനിച്ചു. പരാതി നല്‍കിയ ഷാമിയ ഷാഹിദിന്റെ രണ്ടാം ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലായേക്കും എന്ന അനുമാനത്തിലായിരുന്നു ഈ തീരുമാനം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍