UPDATES

വിദേശം

മരവിപ്പിക്കുന്ന ധ്രുവക്കാറ്റ്; താപനില -46 ഡിഗ്രി സെൽഷ്യസ് വരെ; കൊല്ലുന്ന ശൈത്യത്തിലേക്ക് യുഎസ്

ധ്രുവങ്ങളിലെ ന്യൂനമർദ്ദമേഖലകളിൽ നിന്നും വീശിയടിക്കുന്ന തണുത്തുറഞ്ഞ കാറ്റിൽ യുഎസ് വിറയ്ക്കുന്നു. യുഎസ്സിന്റെ വടക്കുകിഴക്കൻ മേഖലകളിലാണ് തണുപ്പ് അപകടകരമാംവിധം ഉയർന്നിരിക്കുന്നത്. ഡെക്കോട്ടാ സ്റ്റേറ്റുകള്‍ മുതൽ മെയ്നെ വരെയുള്ള പ്രദേശങ്ങളിൽ കടുത്ത തണുപ്പ് ബാധിച്ചിരിക്കുകയാണ്. മഞ്ഞുവീഴ്ച അലബാമ, ജ്യോർജിയ തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളില്‍ ശക്തമാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

പുജ്യം ഡിഗ്രിക്കു താഴേക്ക് താപനില താഴ്നതോടെ നഗരങ്ങളിൽ ‘ഉഷ്ണകേന്ദ്ര’ങ്ങൾ തുടങ്ങിയിട്ടുണ്ട് സർക്കാരുകൾ. നൂറുകണക്കിന് സ്കൂളുകൾ പൂട്ടിക്കിടക്കുകയാണ്. ആയിരത്തിലധികം വിമാനയാത്രകൾ ഇതിനകം റദ്ദാക്കപ്പെട്ടിട്ടുണ്ട്.

ഇല്ലിനോയിസ് സംസ്ഥാനത്തിന്റെ ചിക്കാഗോ അടക്കമുള്ള വടക്കൻ പ്രദേശങ്ങളിൽ മൈനസ് 46 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുമെന്ന് നാഷണൽ വെതർ സർവ്വീസ് റിപ്പോര്‍ട്ട് ചെയ്തു. മരവിപ്പിക്കുന്ന കാറ്റ് വീശിക്കൊണ്ടിരിക്കുകയാണെന്നും ഇത് ജനങ്ങളുടെ ജീവന് വലിയ ഭീഷണിയായി മാറിയിട്ടുണ്ടെന്നും ഇല്ലിനോയിസ് ഗവർണർ ജെഹി പ്രിറ്റ്സ്കർ പ്രസ്താവനയിൽ പറഞ്ഞു. സാധ്യമായ എല്ലാ സംവിധാനങ്ങളുമൊരുക്കി ജനജീവിതം സുഗമമാക്കാൻ ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. യാത്ര ചെയ്യുന്നവർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പത്ത് മിനിറ്റു നേരം തണുത്ത കാലാവസ്ഥയിൽ കഴിഞ്ഞാൽ അത് ശീതവീക്കത്തിന് (frostbite) കാരണമാകുമെന്ന് ഗവർണർ ജാഗ്രതപ്പെടുത്തി. ജീവാപായ സാധ്യതയുള്ള ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡക്കോട്ട മുതൽ പെൻസിൽവാനിയ വരെയുള്ള സംസ്ഥാനങ്ങളിൽ 50 ദശലക്ഷത്തിലധികം ആളുകളെ അതിശൈത്യം ബാധിക്കും. ഇല്ലിനോയിസ്, മിഷിഗൺ, വിസ്കോൻസെൻ എന്നീ സംസ്ഥാനങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തരധ്രുവത്തിൽ കറങ്ങിത്തിരിയുന്ന പോളാർ വോർ‌ടെക്സ് എന്ന ന്യൂനമർദ്ദമേഖലയിലെ മരവിപ്പിക്കുന്ന തണുപ്പാണ് വടക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത്.

അതെസമയം ഉത്തരധ്രുവത്തിലെ പോളാർ വോർട്ടെക്സ് ഇന്ത്യയെയും ബാധിക്കുന്നുണ്ട്. ഉത്തരേന്ത്യൻ നാടുകളിൽ ഉയരുന്ന തണുപ്പിനു കാരണം ഇവിടെ നിന്നുള്ള കാറ്റാണെന്ന് റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ചരാജസ്ഥാനിലെ ചുരുവിൽ –1.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍