UPDATES

വിദേശം

ട്രംപ് വന്‍കുഴപ്പത്തിലേക്ക്; രണ്ട് അനുയായികള്‍ക്ക് ശിക്ഷ; അടുത്തത് ഇംപീച്മെന്റ്?

‘ട്രംപിന്റെ പ്രസിഡണ്ട് കാലത്തെ ഏറ്റവും മോശമായ മണിക്കൂറുകളാണ് ഇത്-അല്ല, ജീവിതത്തിലെത്തന്നെ,’ മുന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഭരണപരിഷ്‌കാര പ്രത്യേക ഉപദേശകനായിരുന്ന നോര്‍മന്‍ ഐസന്‍ ട്വീറ്റ് ചെയ്തു.

തന്റെ രണ്ടു മുന്‍ സഹായികള്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടതോടെ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ഇംപീച്മെന്റ് അടക്കമുള്ള പ്രതിസന്ധികളിലേക്ക് അടുക്കുന്നു. ട്രംപിന്റെ ദീര്‍ഘനാളായുള്ള അഭിഭാഷകനും ‘ഇടപാടുകാരനും’ ആയ മൈക്കല്‍ കോഹന്‍ പ്രചാരണ പരിപാടികളിലെ സാമ്പത്തിക ലംഘനങ്ങള്‍ അടക്കം എട്ട് ആരോപണങ്ങളില്‍ കുറ്റം സമ്മതിച്ചു. ട്രംപിന് ബന്ധമുണ്ടായിരുന്ന സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ ‘ഒതുക്കിത്തീര്‍ക്കാന്‍’ ട്രംപ് പണം നല്‍കിയെന്നും കോഹന്‍ ആരോപിച്ചിട്ടുണ്ട്.

പ്രസിഡണ്ടിന്റെ മുന്‍ പ്രചാരണ വിഭാഗം അധ്യക്ഷന്‍ പോല്‍ മാന്‍ഫോര്‍ട് ബാങ്ക്, നികുതി തട്ടിപ്പുകളുടെ പേരിലുള്ള എട്ട് കുറ്റാരോപണങ്ങളില്‍ ശിക്ഷിക്കപ്പെട്ടത് ഇതിനു തൊട്ടു മുമ്പാണ്.

ചൊവ്വാഴ്ച്ച കോടതിമുറിയില്‍ നടന്ന ഈ ഇരട്ടനാടകം പ്രസിഡണ്ടിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കിയിട്ടുണ്ട്.

“ട്രംപിന്റെ പ്രസിഡണ്ട് കാലത്തെ ഏറ്റവും മോശമായ മണിക്കൂറുകളാണ് ഇത്-അല്ല, ജീവിതത്തിലെത്തന്നെ”, മുന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഭരണ പരിഷ്‌കാര പ്രത്യേക ഉപദേശകനായിരുന്ന നോര്‍മന്‍ ഐസന്‍ ട്വീറ്റ് ചെയ്തു.

ഒതുക്കിത്തീര്‍ക്കാനുള്ള പണമിടപാട്

താനുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്താതിരിക്കാന്‍ 2016-ലെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് രണ്ടു സ്ത്രീകള്‍ക്ക് പണം നല്‍കാന്‍ ട്രംപ് തന്നോട് നിര്‍ദ്ദേശിച്ചു എന്ന് പ്രസിഡണ്ടിന്റെമുന്‍ അഭിഭാഷകന്‍ മൈക്കല്‍ ഡി കോഹന്‍ ചൊവ്വാഴ്ച കോടതിയില്‍ അത്യസാധാരണമായ തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണ സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചതടക്കമുള്ള നിരവധി കുറ്റാരോപണങ്ങളില്‍ കുറ്റസമ്മതം നടത്തുമ്പോഴാണ് കോഹന്‍ അനധികൃത പണമിടപാട് വെളിപ്പെടുത്തിയത്. ട്രംപിന്റെ ഇടപാടുകളിലും സ്വന്തം വ്യാപാര ഇടപാടുകളിലെ അഴിമതിയിലും അയാള്‍ക്കുണ്ടായിരുന്ന കുറ്റകരമായ പങ്കാണ് ഇതോടെ വെളിപ്പെട്ടത്. സ്ത്രീകള്‍ക്കുള്ള പണം നല്‍കിയത് ‘പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയുടെ നിര്‍ദ്ദേശത്തോടും അയാളുമായുള്ള ഏകോപനത്തോടും കൂടിയാണ്’ എന്നുമാണ് മാന്‍ഹാട്ടന്‍ കോടതിയില്‍ അയാള്‍ പറഞ്ഞത്.

2016ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ‘തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന പ്രധാന ഉദ്ദേശത്തോടെ മാന്‍ഹാട്ടനില്‍ നടത്തിയ ഈ പ്രവര്‍ത്തിയില്‍ ഞാന്‍ പങ്കാളിയായിരുന്നു,’ എന്നും കോഹന്‍ പറഞ്ഞു. പ്രസിഡണ്ടിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഈ കുറ്റസമ്മതം വളരെ നിര്‍ണായകമാണ്. മാഹാട്ടനിലെ കോടതിമുറി ഞെട്ടലോടെയാണ് ഇത് കേട്ടത്. തന്റെ പ്രസിഡണ്ട് മോഹം തകര്‍ക്കാവുന്ന തരത്തില്‍ ഉണ്ടായേക്കാവുന്ന ലൈംഗിക വിവാദത്തെ മൂടിവെയ്ക്കാന്‍ എങ്ങനെയാണ് താനുമായിച്ചേര്‍ന്ന് ട്രംപ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായാണ് ഏറെക്കാലമായി ട്രംപിന്റെ അഭിഭാഷകനും വിശ്വസ്തനുമായിരുന്ന കോഹന്‍ കോടതിയില്‍ പറഞ്ഞത്. നിരവധി നികുതി വെട്ടിപ്പുകള്‍ക്കും ഒരു ബാങ്ക് തട്ടിപ്പിനും കൂടിയാണ്‌ കോഹന്‍ കുറ്റസമ്മതം നടത്തിയത്. അയാളുടെ വ്യക്തിഗത വ്യാപാര ഇടപാടുകളും ട്രംപുമായി ബന്ധമുണ്ടായിരുന്ന സ്ത്രീകളുമായുള്ള സാമ്പത്തിക ഇടപാടുകളുമാണ് ഒരു മാസം നീണ്ട അന്വേഷണത്തില്‍ മാന്‍ഹാട്ടന്‍ പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷിച്ചത്.

തട്ടിപ്പുകാരനായ പ്രചാരണ തലവന്‍

പ്രസിഡണ്ടിന് മറ്റൊരു ആഘാതം നേരിടുന്നതിന് തൊട്ടുമുമ്പാണ് ഈ കുറ്റസമ്മതം വന്നത്: വിര്‍ജീയയില്‍ നടന്ന സാമ്പത്തിക തട്ടിപ്പു വിചാരണയില്‍ അദ്ദേഹത്തിന്റെമുന്‍ പ്രചാരണ തലവന്‍ പോള്‍ മാന്‍ഫോര്‍ട് ശിക്ഷിക്കപ്പെട്ടു. നികുതി വെട്ടിക്കാന്‍ വിദേശ അക്കൗണ്ടുകളില്‍ മാന്‍ഫോര്‍ട്ടിന് ലക്ഷക്കണക്കിനു ഡോളര്‍ നിക്ഷേപമുണ്ടെന്നും ബാങ്കുകളെ പറ്റിച്ച് ദശലക്ഷക്കണക്കിനു ഡോളര്‍ വായ്പ നേടി എന്നുമായിരുന്നു ഇയാള്‍ക്കെതിരെയുള്ള ആരോപണം. ട്രംപിന്റെ കൂട്ടാളികളെക്കുറിച്ചും അവരെ തെരഞ്ഞെടുത്തതിനെക്കുറിച്ചും ഇത് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം, അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, പ്രചാരണ തലവന്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉപമേധാവി, വിദേശനയ ഉപദേഷ്ടാക്കളില്‍ ഒരാള്‍ എന്നിവരെല്ലാം കുറ്റകൃത്യങ്ങള്‍ സമ്മതിക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തു. 2016-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള റോബര്‍ട്ട് മുള്ളറുടെ അന്വേഷണത്തിലാണ് ഇതെല്ലാം വെളിപ്പെട്ടത്.

‘വേട്ടയാടല്‍’ എന്ന് പ്രസിഡണ്ട് അനുകൂലികള്‍ ആരോപിക്കുന്ന അന്വേഷണം നിര്‍ത്താനുള്ള സമ്മര്‍ദ്ദം നേരിടുന്ന മുള്ളര്‍ക്ക് ഈ വിധികള്‍ വലിയ വിജയമാണ്. പോണ്‍ ചിത്രങ്ങളിലെ അഭിനേത്രി സ്റ്റോമി ഡാനിയല്‍സിനും മുന്‍ പ്‌ളേബോയ്‌ മോഡല്‍ കാരെന്‍ മക്‌ഡോഗലിനും ട്രംപിന് തങ്ങളുമായുണ്ടായിരുന്നവിവാഹേതര ബന്ധത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താതിരിക്കാന്‍ പണം നല്‍കാന്‍ ട്രംപ് തന്നോടാവശ്യപ്പെട്ടുവെന്നും അത് പ്രചാരണ നിയമങ്ങള്‍ ലംഘിച്ചായിരുന്നു എന്നും കോഹന്‍ ന്യ യോര്‍ക്കില്‍ അവകാശപ്പെട്ടു. കോടതിയിലെ മൊഴിയില്‍ കോഹന്‍ രണ്ടു സ്ത്രീകളുടെയോ ട്രംപിന്റെയോ പേര് പറഞ്ഞില്ല.

“ആ പണമിടപാടുകള്‍ കോഹനെ കുറ്റക്കാരനാക്കുന്നുവെങ്കില്‍ അതെന്തുകൊണ്ട്
ട്രംപിനെ കുറ്റക്കാരനാക്കിക്കൂട”? എന്ന് കോഹന്റെഅഭിഭാഷകന്‍ ലാനി ഡേവിസ് ഒരു ട്വീറ്റില്‍ ചോദിച്ചു. എപ്പോഴാണ്, എങ്ങനെയാണ് ഒരു പ്രസിഡണ്ടിനെ കുറ്റവിചാരണ ചെയ്യേണ്ടത് എന്നത് നിയമതര്‍ക്കമായി നിലനില്‍ക്കുന്നു. അതേ സമയം, പണമിടപാട് നടക്കുന്ന സമയത്ത് തനിക്കതിനെക്കുറിച്ച് അറിയാമായിരുന്നു എന്ന ആരോപണം ട്രംപ് നിഷേധിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍