UPDATES

വിദേശം

ശ്രീലങ്കയിലെ ചാവേര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയെന്ന് പ്രസിഡന്റ് സിരിസേന, ഇസ്ലാമിസ്റ്റ് സംഘങ്ങളെന്ന് പ്രധാനമന്ത്രി; വിവാദം കൊഴുക്കുന്നു

മയക്കുമരുന്ന് കേസില്‍ പ്രതിയായ നാലു പേരെ തുക്കിലേറ്റാനുള്ള സിരിസേനയുടെ ശ്രമം ഈയിടെ ശ്രീലങ്കന്‍ സുപ്രീം കോടതി തടഞ്ഞിരുന്നു.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 290 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളാണെന്ന പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അവകാശവാദത്തെ ചൊല്ലി വിവാദം കൊഴുക്കുന്നു. ശ്രീലങ്ക കേന്ദ്രീകരിച്ചുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളാണ് സ്‌ഫോടനം നടത്തിയത് എന്ന അവകാശവാദത്തിനു പിന്നാലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ഇസ്ലാമിക് സ്‌റ്റേറ്റും രംഗത്തു വന്നിരുന്നു. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലാണ് ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും ഉണ്ടായ എട്ടു സ്‌ഫോടനങ്ങള്‍ ശ്രീലങ്കയെ നടുക്കിയത്.

രാജ്യത്തെ മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ താന്‍ കൈക്കൊണ്ടിട്ടുള്ള കര്‍ശന നടപടികളോട് എതിര്‍പ്പുള്ളവരാണ് സ്‌ഫോടനം നടത്തിയത് എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ സിരിസേന പറയുന്നത്. താന്‍ ചെയ്യുന്ന കാര്യങ്ങളെ താറടിച്ചു കാണിക്കാനാണ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പ്രവര്‍ത്തിക്കുന്നത് എന്നും പ്രസിഡന്റ് പറയുന്നു. മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്തുക എന്നതാണ് സിരിസേന വാദിക്കുന്നത്. ഈ കാര്യത്തില്‍ ശ്രീലങ്ക ഭരിക്കുന്ന സഖ്യസര്‍ക്കാരില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കെയാണ് സിരിസേനയുടെ പുതിയ അവകാശവാദം.

സിരിസേനയുടെ അവകാശവാദം ശരിയല്ലെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ വ്യക്തമാക്കി. സ്‌ഫോടനമുണ്ടായി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അന്വേഷണ സംഘം ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കിയെന്നും അവര്‍ സ്‌ഫോടനത്തിനു പിന്നില്‍ മയക്കുമരുന്ന് സംഘങ്ങളുടെ പങ്ക് കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി.

പ്രാദേശിക ഇസ്ലാമിക് ഗ്രൂപ്പായ നാഷണല്‍ തൗഹീത് ജമാഅത് (NTJ) തന്നെയാണ് സ്‌ഫോടനം നടത്തിയത് എന്നതിന് തങ്ങള്‍ക്ക് തെളിവുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ എഎഫ്പിയോട് പറഞ്ഞു. സ്‌ഫോടനം നടത്തിയവരും അതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ഒന്നുകില്‍ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ പിടിയിലാവുകയോ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ള 100-ലേറെ പേര്‍ ശ്രീലങ്കന്‍ പൗരന്മാരാണെന്നും സര്‍ക്കാര്‍ പറയുന്നു.

ശ്രീലങ്കയില്‍ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ തിരികെ കൊണ്ടുവരണമെന്ന ആവശ്യത്തെച്ചൊല്ലി ചര്‍ച്ചകളും വിവാദങ്ങളും നടന്നുവരികയാണ്. രാജ്യത്ത് കൊലപാതകം, ബലാത്സംഗംഗം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ തീര്‍പ്പാവാന്‍ കുറഞ്ഞത് 20 വര്‍ഷമെടുക്കും. ഇത്തരം കേസുകളില്‍ കീഴ്‌ക്കോടതികള്‍ വധശിക്ഷ വിധിക്കാറുണ്ടെങ്കിലും അത് പിന്നീട് ജീവപര്യന്തമായി മാറാറാണ് പതിവ്. 1976 മുതല്‍ ശ്രീലങ്ക വധശിക്ഷയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. വധശിക്ഷ പൂര്‍ണമായി എടുത്തുകളയുന്നതിന് വിക്രമസിംഗെ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് ശ്രമിക്കുന്നതിനെ എതിര്‍ത്ത് പൊതുജന പിന്തുണ തേടാനാണ് സിരിസേന ശ്രമിക്കുന്നത്. പ്രമുഖ ബുദ്ധസന്യാസിയായ ഒമാല്‍പെ സോബിത തനിക്ക്, വധശിക്ഷ പുനരാരംഭിക്കാനും മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരായ പോരാട്ടം തുടരാനും ഉപദേശം നല്‍കിയിട്ടുണ്ടെന്നും സിരിസേന പറയുന്നു.

മയക്കുമരുന്ന് കേസില്‍ പ്രതിയായ നാലു പേരെ തുക്കിലേറ്റാനുള്ള സിരിസേനയുടെ ശ്രമം ഈയിടെ ശ്രീലങ്കന്‍ സുപ്രീം കോടതി തടഞ്ഞിരുന്നു. തൂക്കിലേറ്റുന്നത് രാജ്യത്തിന്റെ ഭരണഘടന ലംഘിക്കലാണെന്ന ഹര്‍ജിയില്‍ തീര്‍പ്പാക്കിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പൗരന്മാരെ തൂക്കിലേറ്റി കുറ്റകൃത്യങ്ങള്‍ കുറയ്ക്കാമെന്ന കാര്യത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് സഖ്യസര്‍ക്കാരിലെ വിക്രമസിംഗയെുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയും പറയുന്നു. എന്നാല്‍ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്ക് ഉടനടി വധശിക്ഷ നടപ്പാക്കിക്കൊണ്ട് പ്രശ്‌നപരിഹാരം കാണണമെന്നാണ് സിരിസേനയുടെ പക്ഷം.

ശ്രീലങ്കയിലെ ഔദ്യോഗിക ആരാച്ചാര്‍ 2014-ല്‍ വിരമിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ പുതുതായി രണ്ടു പേരെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു.

Read Azhimukham: ‘എന്റെ മുണ്ട് അവര്‍ ഊരിയെടുത്തു, ആ മുണ്ടും കൊണ്ടവര്‍ പ്രകടനം നടത്തി’; യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ച എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അരുണ്‍ ബാബു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍