UPDATES

വിദേശം

വനം കൂടുതലുള്ളതിനാൽ ‘കാർബൺ ക്രെഡിറ്റ്’ അവകാശവാദവുമായി ബ്രസീൽ; തുർക്കിക്ക് വികസിത രാജ്യമാകേണ്ട: ഐക്യരാഷ്ട്ര കാലാവസ്ഥാ വ്യതിയാന ചർച്ച പിരിഞ്ഞു

തങ്ങളെ വികസിത രാജ്യമായി കാണുന്നതിനോട് തുർക്കിക്ക് താൽപര്യമില്ല.

2015ലെ പാരിസ് ഉടമ്പടി എങ്ങനെ നടപ്പില്‍ വരുത്താമെന്ന ധാരണയോടെ പോളണ്ടിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ചർച്ചകൾ അവസാനിച്ചു. അതസമയം നിർണായകമായ മറ്റു വിഷയങ്ങൾ അടുത്ത വര്‍ഷം ചർച്ചയിലൂടെ പരിഹരിക്കാനായി മാറ്റി വെച്ചു.

ഓരോ രാജ്യങ്ങളുടെയും ഹരിതവാതക നിർഗമനവും അതിന്മേല്‍ അതാത് രാജ്യങ്ങളുടെ ഉത്തരവാദിസ്വം സംബന്ധിച്ചുള്ള വിഷയങ്ങളിൽ രാജ്യങ്ങൾ തമ്മിൽ അതിശക്തമായ സംവാദങ്ങളുണ്ടായി. ഈ വിഷയങ്ങളിൽ കൃത്യമായ തീരുമാനവും അതിനെ ആധാരമാക്കിയുള്ള നിയമാവലിയും നിലവിൽ വന്നാൽ മാത്രമേ പാരിസ് കരാർ ലക്ഷ്യം വെക്കുന്ന കാര്യങ്ങൾക്ക് കാര്യക്ഷമമായ നടപ്പാകൽ പ്രതീക്ഷിക്കാവൂ. നിലവിൽ രാജ്യങ്ങൾ ഏറ്റെടുത്തിട്ടുള്ള, ഹരിതവാതക നിർഗമനം കുറയ്ക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങൾ ഉയർത്തേണ്ടതായി വരും. ഇത് എങ്ങനെ സാധിക്കുമെന്ന പ്രശ്നമാണ് നിലനിൽക്കുന്നത്.

ദരിദ്രരാജ്യങ്ങൾ ഈ പ്രശ്നത്തെ എങ്ങനെ നേരിടുമെന്നതും വിഷയമാണ്. അവർക്ക് പ്രത്യേകമായ സഹായം ആവശ്യമായി വന്നേക്കും. ഇത് എങ്ങനെ നൽകുമെന്നതും ചർച്ചാ വിഷയമായി. കാർബൺ ക്രെഡിറ്റ് (ഓരോ രാജ്യത്തിനും പരമാവധി പുറത്തുവിടാവുന്ന ഹരിതഗൃഹവാതകത്തിന്റെ വിഹിതം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഈ വിഹിതം അളക്കുന്നതിന്റെ ഏകകമാണ് കാര്‍ബണ്‍ ക്രെഡിറ്റ്.) സംബന്ധിച്ചും ചർച്ചകൾ നടന്നു. വലിയ വനങ്ങളുടെ സാന്നിധ്യമുള്ള ബ്രസീലിന് കാർബൺ വിഹിതം സംബന്ധിച്ച് ചില അവകാശവാദങ്ങളുണ്ട്. കാട് കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കുമെന്നതിനാൽ അതിന് ആനുപാതികമായ വിധത്തിൽ കൂടുതൽ കാർബൺ പുറന്തള്ളലിന് അനുമതി വേണമെന്നാണ് ആവശ്യം. എന്നാൽ ഈ വാദത്തെ മറ്റു രാജ്യങ്ങൾ ശക്തമായി എതിർക്കുകയാണ്. ഇങ്ങനെ മാനദണ്ഡം നിശ്ചയിക്കപ്പെട്ടാൽ അത് സംവിധാനത്തിന്റെ മൊത്തം വിശ്വാസ്യതയെ ബാധിക്കുമെന്നാണ് അവരുടെ വാദം.

ഈ പ്രശ്നം അടുത്ത വർഷത്തെ വാര്‍ഷിക കോൺഫറൻസിൽ ചർച്ച ചെയ്യാനായി മാറ്റി വെച്ചിട്ടുണ്ട്. ബ്രസീലിന്റെ പുതിയ പ്രസിഡണ്ട് ഇക്കാര്യത്തിൽ തീവ്രനിലപാടെടുക്കാൻ സാധ്യതയുണ്ട് എന്നത് വലിയൊരു പ്രശ്നമായി മുന്നിലുണ്ട്. മുൻകാലങ്ങളിൽ ബ്രസീൽ വളരെ ക്രിയാത്മകമായ ഇടപെടലാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചർച്ചകളിൽ എടുത്തിരുന്നത്. വികസിത-വികസ്വര രാജ്യങ്ങൾക്കിടയിൽ ഒരു ഇടനില സംഭാഷണക്കാരിയായും ബ്രസീൽ പ്രവർത്തിച്ചിരുന്നു. ഈ പിന്തുണ ഇനിയുണ്ടാകുമോയെന്ന് സംശയമാണ്.

തുർക്കിയും ചില പ്രശ്നങ്ങൾ മുമ്പോട്ടു വെക്കുന്നുണ്ട്. തങ്ങളെ വികസിത രാജ്യമായി കാണുന്നതിനോട് തുർക്കിക്ക് താൽപര്യമില്ല. വികസ്വര രാജ്യമായിത്തന്നെ പരിഗണിക്കണമെന്നാണ് അവരുടെ ആവശ്യം. ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ കാര്യത്തിൽ വികസ്വര രാജ്യങ്ങൾക്ക് കിട്ടാനിടയുള്ള ഇളവ് മുതലെടുക്കുകയാണ് തുർക്കിയുടെ ഉദ്ദേശ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍