UPDATES

വിദേശം

29 വർഷം മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ട ശ്രീലങ്കൻ മാർക്സിസ്റ്റിന്റെ ഭാര്യ ഹേബിയസ് കോർപസ്സുമായി കോടതിയിൽ

മുൻ പ്രതിരോധ സെക്രട്ടറി ജനറൽ സിറിൽ രണതുംഗ, മുൻ പ്രതിരോധമന്ത്രി ര‍ഞ്ജൻ വിജെരത്നെ തുടങ്ങിയവരുടെ പേരുകൾ ഹരജിക്കാരി ചൂണ്ടിക്കാണിച്ചിട്ടുണ്ട്

ശ്രീലങ്കയിൽ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നെന്ന് ആരോപിക്കപ്പെടുന്ന ജനതാ വിമുക്തി പെരമുന എന്ന സംഘടനയുടെ നേതാവായിരുന്ന റോഹന വിജെവീരയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി വിജെവീര കോടതിയെ സമീപിച്ചിരിക്കുന്നത്. 29 വർഷം മുമ്പാണ് ഇദ്ദേഹത്തെ ശ്രീലങ്കൻ സൈന്യം അറസ്റ്റ് ചെയ്തത്.

തന്റെ ഭര്‍ത്താവിനെ ഹാജരാക്കാൻ സർക്കാരിനോട് ഉത്തരവിടണമെന്നാണ് ശ്രീമതി കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

1970കളുടെ തുടക്കം മുതൽ 80കളുടെ അവസാനം വരെ സജീവമായ വിമത രാഷ്ട്രീയപ്രവർത്തനം നടത്തിയിരുന്നു വിജെവീര. 1989 നവംബറിൽ ഇദ്ദേഹത്തിന്റെ സംഘനയ്ക്കെതിരെ സർക്കാർ ഒരു സൈനിക നീക്കം നടത്തുകയും വിജെവീരയെ പിടികൂടുകയും ചെയ്തു. നിരവധി മുൻ സംസ്ഥാന ഉദ്യോഗസ്ഥരയെും സൈനിക കമാൻഡർമാകരെയും പേരെടുത്ത് ചൂണ്ടിക്കാണിച്ചാണ് ഹരജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം വിജെവീരയെ സൈന്യം വിചാരണ നടത്താൻ നിൽക്കാതെ കൊലപ്പെടുത്തിയെന്ന് അന്നു തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. വെടിയേറ്റ് മരിച്ചെന്നാണ് റിപ്പോർട്ടു വന്നത്. ഇതിന്റെ സാഹചര്യങ്ങളെക്കുറിച്ച് ദുരൂഹത നിലനിൽക്കുകയാണ്. അന്നത്തെ പ്രതിപക്ഷവും ഈ ആരോപണം ഉന്നയിച്ചിരുന്നു. റഷ്യയിൽ നിന്ന് വിദ്യാഭ്യാസം നേടിയെത്തിയ ശേഷമാണ് ഇദ്ദേഹം ശ്രീലങ്കയിൽ പ്രവർത്തനങ്ങൾ തുടങ്ങിയത്.

മുൻ പ്രതിരോധ സെക്രട്ടറി ജനറൽ സിറിൽ രണതുംഗ, മുൻ പ്രതിരോധമന്ത്രി ര‍ഞ്ജൻ വിജെരത്നെ തുടങ്ങിയവരുടെ പേരുകൾ ഹരജിക്കാരി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

വിജെവീരയെ സൈന്യം കസ്റ്റഡിയിലെടുത്ത ശേഷം ഒരു സെമിത്തേരിയിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഊഹങ്ങൾ പരന്നിരുന്നു. ഇവിടെവെച്ച് കാലിൽ വെടിവെച്ച ശേഷം ജീവനോടെ കത്തിച്ചെന്നാണ് ഊഹാപോഹങ്ങൾ പറയുന്നത്.

1987ൽ ശ്രീലങ്കയിലെ തമിഴ് മേഖലയിലെ പ്രശ്നങ്ങൾ നേരിടാൻ നേരിട്ടിടപെടാൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി തീരുമാനമെടുത്തതിനു പിന്നാലെയാണ് വിജെവേരയുടെ ഇന്ത്യാ വിരുദ്ധ നീക്കങ്ങൾ തുടങ്ങിയത്. ഭരണകൂടം ഈ വിമതനീക്കം മുളയിലേ നുള്ളാൻ കൊലപാതകം നടത്തുകയായിരുന്നു എന്നാണ് ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍