UPDATES

വിദേശം

ഹൃദയത്തില്‍ ദൈവം മഴ വര്‍ഷിക്കുമെന്ന പ്രതീക്ഷയില്‍ ഡയേഷികള്‍

സംഘടനയുമായി ഇവര്‍ക്ക് ബന്ധമൊന്നുമില്ലെങ്കില്‍ പോലും ഐഎസ്‌ഐഎസ് പ്രദേശങ്ങളില്‍ നിന്നും പലായനം ചെയ്യുന്ന കുടുംബങ്ങളെ ഐഎസ്‌ഐഎസ് ക്യാമ്പില്‍ പ്രത്യേക കൂടാരത്തിലാണ് പാര്‍പ്പിക്കുന്നത്. ഇറാഖി അതിര്‍ത്തിക്ക് അപ്പുറവും കാര്യങ്ങള്‍ വ്യത്യസ്തമല്ല

ഇറാഖയില്‍ നിന്നും നാല്‍പത് മൈല്‍ അകലെയുള്ള ഒരു അഭയാര്‍ത്ഥി ക്യാമ്പിന്റെ മൂലയ്ക്ക് ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു ചെറിയ സംഘം സ്ത്രീകളും കുട്ടികളും കഴിയുന്നു. അഭയാര്‍ത്ഥി ക്യാമ്പിലെ മറ്റുള്ളവര്‍ അവരുമായി ഇടപഴകാന്‍ തയ്യാറാവുന്നില്ല. കാരണം അവര്‍ ‘ഡായേഷികള്‍’ അഥവ ഇസ്ലാമിക് സ്റ്റേറ്റ് കുടുംബങ്ങളാണ്. അവര്‍ ആരാണെന്ന് അന്വേഷിക്കാന്‍ പോലും ആരും തയ്യാറാവുന്നില്ലെന്ന് റാഖയില്‍ നിന്നും ഗാര്‍ഡിയന് വേണ്ടി മാര്‍ട്ടിന്‍ ചുലോവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മരിച്ച ഐഎസ്‌ഐഎസ് പോരാളികളുടെ വിധവകളാണ് ഈ സ്ത്രീകള്‍. സിറിയയില്‍ നിന്നും ഇറാഖില്‍ നി്ന്നും പുതുതായി പലായനം ചെയ്ത 12,000ത്തില്‍പരം വരുന്ന അഭയാര്‍ത്ഥികളുടേതിനേക്കള്‍ ഭയനാകമാണ് വിദേശികളായ ഇവരുടെ ഭാവി. മേയ് ആദ്യം റാഖയില്‍ നിന്നും ഒളിച്ചോടിയ കവര്‍ച്ചക്കാര്‍ക്കൊപ്പമാണ് ഇവര്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിയത്. ഇവരുടെയും കുട്ടികളുടെയും മുഖങ്ങള്‍ തദ്ദേശവാസികളില്‍ നിന്നും വ്യത്യസ്തമായതിനാല്‍ ഇവരെ ക്യാമ്പ് നടത്തുന്ന ഖുര്‍ദ്ദിഷ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കീഴടങ്ങിയ ഭീകരവാദികളുടെ കുടുംബങ്ങളെ കൂട്ടത്തില്‍ നിന്നും മാറ്റുകയും മറ്റെവിടേക്കോ കൊണ്ടുപോവുകയും ചെയ്തിരിക്കുന്നു. വലിയ ഉപയോഗമൊന്നുമില്ലത്തവരെ ഇവിടെ ഉപേക്ഷിച്ചിരിക്കുന്നു.

സ്വന്തം സമൂഹത്തിന്റെ ഉള്ളില്‍നിന്നും വേട്ടക്കാരായ പ്രാദേശിക ഉദ്യോഗസ്ഥരില്‍ നിന്നും ഒരുപോലെ ഭീഷണി നേരിടുന്ന വിധവകളുടെയും കുട്ടികളുടെയും എണ്ണം തിട്ടപ്പെടുത്താനുള്ള ദുഷ്‌കര ശ്രമത്തിലാണ് അന്താരാഷ്ട്ര സഹായ ഏജന്‍സികളും സര്‍ക്കാരുകളും. അവരുമായി ആരും ഇടപഴകുകയോ എന്തിന് അവരെ സ്പര്‍ശിക്കുക പോലുമോ ചെയ്യില്ലെന്ന് ഐഎസ് വിരുദ്ധ പോരാളിയായ അഹമ്മദ് അല്‍-റാഖാക്കി എന്ന 25കാരന്‍ പറയുന്നു. അവര്‍ക്ക് അധികാരമുണ്ടായിരുന്നപ്പോള്‍ ്‌സ്ത്രീക്കള്‍ പോലും രാജാക്കന്മാരെ പോലെയാണ് പെരുമാറിയിരുന്നതെന്ന് റഖാക്കി ആരോപിക്കുന്നു.

സമാധനക്കാലത്ത് പോലും പരിമിതമായ പൗര സംരക്ഷണം ലഭിക്കുന്ന ഈ രാജ്യങ്ങളില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വിദേശികളുടെ കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഏകദേശം 5000 സ്ത്രീകള്‍ ഉണ്ടെന്നാണ് കണക്ക്. കളങ്കപ്പെട്ടവരും മുറിവേറ്റവരും രാജ്യമില്ലാത്തവരുമായ ഇവര്‍ ഭര്‍ത്താക്കാന്മാര്‍ ജനിച്ച രാജ്യങ്ങളോടാണ് രക്ഷയ്ക്കായി അപേക്ഷിക്കുന്നത്. എന്നാല്‍ ബ്രിട്ടണ്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഐഎസ്‌ഐസ് കുട്ടികളെ സംബന്ധിച്ച് എന്ത് ചെയ്യണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനിരിക്കുന്നതേ ഉള്ളുവെന്നുമാണ് ആ രാജ്യങ്ങളുടെ വിശദീകരണം. യുകെ വിടാന്‍ ശ്രമിച്ച സ്ത്രീകള്‍, അവരുടെ ചെയ്തികള്‍ക്ക് ഉത്തരവാദികളാണെന്നും അവരെ രാജ്യത്തേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്നും ബ്രിട്ടണ്‍ വ്യക്തമാക്കി. പക്ഷെ ഇവരുടെ കുട്ടികള്‍ അനുകമ്പ അര്‍ഹിക്കുന്നുണ്ട് എന്നാണ് യുകെ സര്‍ക്കാരിന്റെ നിലപാട്.

എന്നാല്‍ ഇക്കാര്യത്തിലുള്ള ഫ്രാന്‍സിന്റെ നിലപാടിന് കൂടുതല്‍ വ്യക്തതയുണ്ട്. പ്രദേശിക അധികാരികളുടെ പിടിയിലുള്ള കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് തീരുമാനം എടുക്കാമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ പറഞ്ഞു. അവര്‍ക്ക് പ്രാദേശിക വിചാരണ നേരിടുന്ന മാതാപിതാക്കളേടൊപ്പം തുടരുകയോ ഫ്രാന്‍സിലേക്ക് മടക്കിവരികയോ ചെയ്യാമെന്ന് പാര്‍ലെ വ്യക്തമാക്കി. ഫ്രാന്‍സിലെത്തുന്ന കുട്ടികള്‍ക്ക് സാമൂഹിക സേവനങ്ങളുടെ സംരക്ഷണം ലഭ്യമാക്കും. എന്നാല്‍ കുട്ടികളാണെങ്കിലും ഭീകരതയുടെ വിത്തുകള്‍ അവരില്‍ കുത്തിവെക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്നും അവരെ പൗരന്മാരാക്കി മാറ്റുകള്‍ എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയെന്നും പാര്‍ലെ വിശദീകരിച്ചു.

ഒരു പരിഹാരവുമായി മുന്നോട്ടുവരാന്‍ ഐഎസ് മേഖലകളില്‍ കുട്ടികളെ സൃഷ്ടിച്ച പൗരന്മാരുടെ രാജ്യങ്ങളുടെ മേല്‍ കഴിഞ്ഞ മൂന്നുമാസമായി ഐക്യരാഷ്ട്രസഭ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. കുട്ടികള്‍ക്ക് രാജ്യമില്ലാതാവുന്ന അവസ്ഥയില്‍ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. അതുകൊണ്ടു തന്നെ ഈ കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യാനും അവര്‍ക്ക് ഒരു രാജ്യമുണ്ടെന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ട രാജ്യങ്ങളോട് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനകം തന്നെ അനേകം ദുരിതങ്ങളിലൂടെ കടന്നുപോയ യുദ്ധത്തിന്റെ ഇരകളായ നിഷ്‌കളങ്കരായ ഈ കുഞ്ഞുങ്ങള്‍ക്ക് നിയമപരമായി ഒരു രാജ്യത്തില്‍ താമസിക്കുന്നതിനും അവരുടെ കുടുംബത്തോടൊപ്പം ചേരുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും വ്യക്തിത്വം വികസിപ്പിക്കുന്നതിനും ഇത് അനിവാര്യാമണെന്ന് കമ്മീഷന്റെ മധ്യേഷ്യന്‍ വക്താവ് റൂല അമീന്‍ പറഞ്ഞു.

സംഘടനയുമായി ഇവര്‍ക്ക് ബന്ധമൊന്നുമില്ലെങ്കില്‍ പോലും ഐഎസ്‌ഐഎസ് പ്രദേശങ്ങളില്‍ നിന്നും പലായനം ചെയ്യുന്ന കുടുംബങ്ങളെ ഐഎസ്‌ഐഎസ് ക്യാമ്പില്‍ പ്രത്യേക കൂടാരത്തിലാണ് പാര്‍പ്പിക്കുന്നത്. ഇറാഖി അതിര്‍ത്തിക്ക് അപ്പുറവും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കഴിഞ്ഞ ജൂലൈയില്‍ ഇറാഖ് തിരികെ പിടിച്ച മൊസൂളില്‍ തന്റെ സേന 1,800 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയം നല്‍കിയിട്ടുണ്ടെന്ന് ഭികരവിരുദ്ധ സേനയുടെ ഡപ്യൂട്ടി കമാന്‍ഡര്‍ അബ്ദുള്‍ വഹാബ് അല്‍-സാദി പറയുന്നു. ഇവരില്‍ ഭൂരിപക്ഷവും വിദേശികളാണ്. പുനരധിവാസം മാത്രമാണ് ഏക പോംവഴിയെന്നാണ് അദ്ദേഹവും പറയുന്നത്. എന്നാല്‍ വലിയ ആശയക്കുഴപ്പമാണ് ഈ വിദേശ പൗരന്മാര്‍ സൃഷ്ടിക്കുന്നത്. ഇറാഖി നിയമങ്ങള്‍ പ്രകാരം ഒരു ക്രിമനിലിന്റെ പ്രവര്‍ത്തികളുടെ പേരില്‍ അവരുടെ ബന്ധുക്കളെ തടവില്‍ പാര്‍പ്പിക്കാനോ വിചാരണ ചെയ്യാനോ സാധിക്കില്ല. എന്നാല്‍ ഫലത്തില്‍ അതാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അല്‍-സാദി പറയുന്നു. അന്താരാഷ്ട്ര സമൂഹം ഇടപെടാതെ കാര്യങ്ങള്‍ മെച്ചപ്പെടില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഈ കുടുംബങ്ങളോട് പെട്ടെന്ന് ക്ഷമിക്കാന്‍ ഇറാഖിന്റെ പാരമ്പര്യവും മൂല്യങ്ങളും അവിടുത്തെ ജനതയെ അനുവദിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇവരെ പുനരധിവസിപ്പിക്കാന്‍ ഇറാഖ് പൗരസമൂഹവുമായി ചേര്‍ന്ന് അന്താരാഷ്ട്ര സമൂഹം പ്രവര്‍ത്തിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പക്ഷെ, ഇതത്ര എളുപ്പം നടക്കുന്ന കാര്യമല്ല. ഐഎസ് കുടുംബങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ട ഒരു ലഘുലേഖയില്‍ ഇങ്ങനെ പറയുന്നു: ‘നിങ്ങളുടെ ഐഎസ്‌ഐഎസ് പുത്രന്മാര്‍ ഈ പട്ടണത്തിലെ നല്ലവരും സമാധാനകാംക്ഷികളുമായ ജനങ്ങളെ ദ്രോഹിക്കുകയും അപമാനിക്കുകയും ചെയ്തു. നിങ്ങള്‍ വിട്ടുപോകണം. നിങ്ങള്‍ക്ക് ഇവിടെ സ്ഥലമില്ല. ഞങ്ങളുടെ ക്ഷമ നേര്‍ത്തുവരികയാണ്. നിങ്ങളുടെ നാണംകെട്ട പുത്രന്മാര്‍ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്ന ഞങ്ങളുടെ വെടിയുണ്ടകള്‍ക്ക് മുന്നില്‍ നിങ്ങള്‍ വന്നുപെടരുത്.’

ഹമാം അല്‍ അലില്‍, ജാദാ, ക്വയ്യാര അഭയാര്‍ത്ഥി ക്യാമ്പുകളിലായി 1500 ഐഎസ്‌ഐഎസ് കുടുംബങ്ങളുണ്ടെന്ന് സന്നദ്ധപ്രവര്‍ത്തകയായ സുഖൈന മുഹമ്മദ് യൂനുസ് പറയുന്നു. ഇവരില്‍ സിറിയക്കാരും ചെച്‌നിയക്കാരും റഷ്യക്കാരുമുണ്ട്. ഇവരെ തദ്ദേശവാസികളില്‍ നിന്നും മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. അവര്‍ വിദേശകിളാകുമോ സ്വദേശികളാകുമോ എന്ന് തങ്ങള്‍ക്കറിയില്ലെന്നും യൂനിസ് പറഞ്ഞു. ചില രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങള്‍ തങ്ങളുടെ രാജ്യങ്ങളിലെ കുട്ടികളെ ഏറ്റുവാങ്ങാന്‍ തയ്യാറാവുന്നുണ്ട്. ഉദാഹരണത്തിന് ഒരു ചെചെന്ഡ നേതാവ് നാല് ചെചെന്ഡ കുട്ടികളെ ഏറ്റെടുത്തു. റഷ്യയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം തങ്ങളുടെ രാജ്യത്ത് നിന്നുള്ള ഒരു പെണ്‍കുഞ്ഞിനെ ഏറ്റുവാങ്ങി.

എന്നാല്‍ ഇതൊരു ആസൂത്രിത നീക്കമല്ല. അതിനാല്‍ തന്നെ ഭൂരിപക്ഷം കുട്ടികളുടെയും ഭാവി അനിശ്ചിതത്വത്തിലാണ്. ഈ കുഞ്ഞുങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് യൂനുസ് ചോദിക്കുന്നു. ഈ നില തുടരുകയാണെങ്കില്‍ ഐഎസ്‌ഐഎസിനെക്കാള്‍ മോശം ആളുകളായി അവര്‍ മാറുമെന്നും യൂനുസ് ഭയപ്പെടുന്നു. എന്നാല്‍ വിദേശികള്‍ മാത്രമാണ് ഇത്തരം ക്യാമ്പുകളില്‍ ഉള്ളതെന്ന് കരുതേണ്ടതില്ല. ക്യാമ്പിലെ ഒരു മുറിയിലുള്ള അറബിക് ചുവരെഴുത്ത് ഇങ്ങനെ വായിക്കാം: ‘ദൈവമേ എന്റെ ഹൃദയത്തില്‍ മഴ പെയ്യിക്കൂ, അതില്‍ എന്റെ എല്ലാ ദുഃഖങ്ങളും ഒലിച്ചുപോകട്ടെ.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍