UPDATES

വിദേശം

വിമാന യാത്രക്കാരുടെ ബാഗുകളിലെ ലേബല്‍ മാറ്റിയൊട്ടിച്ച് മയക്കുമരുന്ന് കടത്തല്‍: വന്‍ സംഘം പിടിയില്‍

യാത്രക്കാര്‍ ചെക്കിന്‍ ചെയ്തതിനുശേഷം വിമാനക്കമ്പനി ജീവനക്കാര്‍ ലേബല്‍ മാറ്റി ഒട്ടിച്ച് മയക്കുമരുന്ന് കടത്തുകയാണെന്നും പോലീസ്

ആഭ്യന്തര യാത്രക്കാരുടെ ബാഗുകളിലെ ലേബല്‍ മാറ്റി വിദേശങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന വന്‍ സംഘത്തെ ബ്രസീല്‍ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ വിമാനക്കമ്പനികളുടെയും വിമാനത്താവളത്തിലെയും ജീവനക്കാര്‍ ഉള്‍പ്പെടെ 27 പേരെയാണ് റിയോ ഡീ ജനീറോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഒരു വിദേശിയും ബ്രസീലിയന്‍ നികുതി ഓഫീസിലെ ഒരു ജിവനക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പെടും. നിരപരാധികളായ യാത്രക്കാരുടെ ലഗേജ് ബാഗുകളിലെ പേരെഴുതിയ സ്ലിപ്പ് മാറ്റി ഒട്ടിച്ചാണ് സംഘം മയക്കുമരുന്ന് വിദേശത്തേക്ക് കടത്തുന്നതെന്ന് ബ്രസീല്‍ ഫെഡറല്‍ പോലീസ് ഉദ്യോഗസ്ഥന്‍ വാഗ്നര്‍ മെനെസെസ് മാധ്യമങ്ങളോട് പറഞ്ഞു.

ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ ബ്രസീലിയന്‍ നഗരമായ സാല്‍വഡോറിലേക്കുള്ള ഒരു ബാഗ് കണ്ടെത്തിയതോടെയാണ് ബ്രസീല്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. ആരും ബാഗിന്റെ അവകാശം ഉന്നയിച്ചിരുന്നില്ല. തുടര്‍ന്ന് അത് ബ്രസീലിലേക്ക് മടക്കി അയച്ചു. അവിടെ നടത്തിയ എക്‌സ്‌റെ പരിശോധനയില്‍ 36 കിലോ കൊക്കൈയ്ന്‍ കണ്ടെത്തിയിരുന്നു. സാല്‍വഡോറിലേക്ക് പോവുകയായിരുന്ന വൃദ്ധ ദമ്പതികളുടെ പേരെഴുതി ബാഗില്‍ ഒട്ടിച്ചതിന് ശേഷം അന്താരാഷ്ട്ര വിമാനത്തില്‍ കയറ്റിവിടുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ആസംറ്റര്‍ഡാമിലേക്കുള്ള ലേബല്‍ പെട്ടിയില്‍ ഒട്ടിച്ചത് ഇളകി പോയതാണോ എന്ന കാര്യം വ്യക്തമല്ലെന്ന് മെനെസെസ് പറഞ്ഞു.

കഴിഞ്ഞ സെപ്തംബറില്‍ റിയോയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കെട്ടിടത്തില്‍ നിന്നും പോലീസ് 300 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തിരുന്നു. ഇവിടെ വച്ച് മയക്കുമരുന്ന് പായ്ക്ക് ചെയ്തതിന് ശേഷം ടാക്‌സിയില്‍ വിമാനത്താവളത്തില്‍ എത്തിക്കുകയാണ് പതിവ്. പോര്‍ച്ചുഗലിലേക്ക് ഒരു പെട്ടി അയച്ചതായും പോലീസ് സംശയിക്കുന്നുണ്ട്. യാത്രക്കാര്‍ ചെക്കിന്‍ ചെയ്തതിനുശേഷം വിമാനക്കമ്പനി ജീവനക്കാര്‍ ലേബല്‍ മാറ്റി ഒട്ടിച്ച് മയക്കുമരുന്ന് കടത്തുകയാണെന്നും പോലീസ് വിശദീകരിക്കുന്നു. ആഭ്യന്തര വിമാനങ്ങളിലുള്ള ലേബലുകള്‍ ബാഗേജില്‍ ഒട്ടിക്കുന്നതോടെ അവയുടെ കര്‍ശന പരിശോധനയില്‍ അയവ് വരുന്നു. മയക്കുമരുന്നുകളുടെ ഉടമ എന്ന് സംശയിക്കുന്ന ആളെ സാവോപോളോയില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇയാള്‍ റൊമാനിയന്‍ പൗരനാണ് എന്ന് അവകാശപ്പെടുന്നു. എന്നാല്‍ അയാള്‍ നല്‍കിയ രേഖകള്‍ വ്യാജമാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍