UPDATES

വിദേശം

മുഗാബെയുടെ ഭൗതിക ശരീരം ഇപ്പോഴും സിംഗപ്പൂരില്‍ തന്നെ; സംസ്‌കരിക്കുന്നതിനെ ചൊല്ലി സിംബാബ്‌വെ സര്‍ക്കാരും കുടുംബാംഗങ്ങളും തമ്മില്‍ തര്‍ക്കം

മുഗാബെയുടെ മരണത്തെത്തുടര്‍ന്ന് സിംബാബ്‌വേയില്‍ മൂന്നുദിവസത്തെ ഔദ്യോഗികദുഃഖാചരണം പ്രഖ്യാപിച്ചു.

സിംബാബ്‌വെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ സംസ്‌കരിക്കാനുള്ള ക്രമീകരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും തമ്മില്‍ തര്‍ക്കം. തലസ്ഥാനമായ ഹരാരെക്ക് പുറത്തുള്ള ഒരു കുന്നിന്‍ മുകളിലുള്ള സ്മാരകത്തില്‍ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സംസ്‌കരിക്കണമെന്നാണ് ഭരണകക്ഷിയായ സാനു-പിഎഫ് പാര്‍ട്ടിയിലെ ഉയര്‍ന്ന അംഗങ്ങള്‍ മുഗാബെയുടെ അടുത്ത കുടുംബത്തോട് പറഞ്ഞത്. പ്രമുഖ ആഫ്രിക്കന്‍ നേതാക്കള്‍ പെങ്കെടുക്കുന്ന അനുശോചന ചടങ്ങ് അടുത്തുള്ള ദേശീയ സ്റ്റേഡിയത്തില്‍വെച്ച് നടത്താനും ആലോചിച്ചിരുന്നു.

എന്നാല്‍, മുഗാബെയുടെ രണ്ടാമത്തെ ഭാര്യ ഗ്രേസിന്റെ സുഹൃത്തുക്കളും മറ്റു ചിലരും പറയുന്നത് ഹരാരെയില്‍ നിന്ന് 60 മൈല്‍ അകലെയുള്ള സ്വന്തം പട്ടണമായ സ്വിംബയില്‍ തന്നെ സംസ്‌കരിച്ചാല്‍ മതിയെന്ന് മുഗാബെ പറഞ്ഞിരുന്നുവെന്നാണ്. അടുത്ത ബന്ധുക്കള്‍ മാത്രം സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്താല്‍ മതിയെന്നും അവര്‍ പറയുന്നു. ഇതാണ് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്. സിംഗപ്പൂരില്‍വച്ചായിരുന്നു മുഗാബെ അന്തരിച്ചത്.

മുഗാബെയുടെ മരണത്തെത്തുടര്‍ന്ന് സിംബാബ്‌വേയില്‍ മൂന്നുദിവസത്തെ ഔദ്യോഗികദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ ഹീറോയെയാണ് നഷ്ടപ്പെട്ടതെന്ന് മുഗാബെയുടെ പാര്‍ട്ടിയായ സാനു പി.എഫ്. പറഞ്ഞു. ശവസംസ്‌കാരത്തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അക്കാര്യത്തില്‍ മുഗാബെയുടെ കുടുംബവും പ്രസിഡന്റ് എമേഴ്‌സണ്‍ മുനാന്‍ഗാഗ്‌വയുമാണ് അന്തിമതീരുമാനമെടുക്കുകയെന്നും സിംബാബ്‌വേ വാര്‍ത്താവിതരണ സഹമന്ത്രി എനര്‍ജി മുതോഡി വ്യക്തമാക്കി.

2017 നവംബറില്‍ സൈന്യം മുഗാബെയെ വീട്ടുതടങ്കലിലാക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തന്റെ മരണം പിന്‍ഗാമികള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നത് മുഗാബെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മുഗാബെയുടെ ഭൗതിക ശരീരം ഇപ്പോഴും സിംഗപ്പൂരില്‍ തന്നെയാണ്. അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും സിംഗപ്പൂരില്‍ എത്തിയിട്ടുണ്ട്.

ബ്രിട്ടീഷ് കോളനിയായിരുന്ന കിഴക്കന്‍ റൊഡേഷ്യയുടെ (സിംബാബ്‌വേ) സ്വാതന്ത്ര്യത്തിനായി പോരാടി മരിച്ച ഗറില്ലകളുടെ ശവസംസ്‌കാരം നടത്താന്‍ സ്ഥാപിച്ച ശ്മശാനമാണ് നാഷണല്‍ ഹീറോസ് ഏക്കര്‍. ഉത്തരകൊറിയന്‍ ശില്പികളുടെ സഹായത്താല്‍ നിര്‍മിച്ച ശ്മശാനം സിംബാബ്‌വേ തലസ്ഥാനമായ ഹരാരെയിലെ കുന്നിന്‍മുകളിലാണ് സ്ഥിതിചെയ്യുന്നത്. മുഗാബെയെ അവിടെ സംസ്‌കരിക്കുന്നതാണ് ഏറ്റവും ഉചിതമെന്നും എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം മറുത്തൊരു തീരുമാനമെടുത്താല്‍ അതംഗീകരിക്കേണ്ടി വരുമെന്നും സാനു പി.എഫ് പാര്‍ട്ടിയുടെ വക്താവ് പറയുന്നു.

Read: ശത്രുക്കള്‍ വരുന്നുണ്ടോ എന്നറിയാന്‍ അണ്ണാന്‍ പക്ഷികളുടെ പാട്ടിന് കാതോര്‍ക്കും; ചില ജീവികള്‍ മറ്റുള്ളവ നടത്തുന്ന ദൈനംദിന സംഭാഷണങ്ങള്‍ ശ്രദ്ധിക്കുന്നുവെന്ന് പഠനം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍