UPDATES

വിദേശം

റോഹിങ്ക്യ വിഷയം: ആഗോള നിരീക്ഷണങ്ങളെ ഭയമില്ലെന്ന് ഓങ് സാന്‍ സൂചി

വടക്കന്‍ റാഖൈനില്‍ റോഹിങ്ക്യ മുസ്ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ രാജ്യം പ്രതിജ്ഞാബദ്ധരാണ്

റോഹിങ്ക്യ വിഷയത്തില്‍ തന്റെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ നടക്കുന്ന ആഗോള നിരീക്ഷണങ്ങളില്‍ ഭയമില്ലെന്ന് ദേശീയ നേതാവ് ഓങ് സാന്‍ സൂചി അറിയിച്ചു. നാല് ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ ബംഗ്ലാദേശിലേക്ക് കൂട്ടപലായനം നടത്തിയ ശേഷം ആദ്യമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

മനുഷ്യാവകാശ ലംഘനങ്ങളെയും നിയമലംഘനങ്ങളെയും അപലപിക്കുന്നുവെന്ന് പറഞ്ഞ സൂചി അക്രമസംഭവങ്ങളില്‍ ദുഖിക്കുന്നതായും അറിയിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് 18 മാസമേ ആയിട്ടുള്ളു. 70 വര്‍ഷം നീണ്ട ആഭ്യന്തര കലാപത്തിനൊടുവില്‍ സമാധാനവും സുസ്ഥിരതയും രാജ്യത്ത് കൊണ്ടുവരേണ്ടതുണ്ട്. വടക്കന്‍ റാഖൈനില്‍ റോഹിങ്ക്യ മുസ്ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ രാജ്യം പ്രതിജ്ഞാബദ്ധരാണ്. അവര്‍ക്കുണ്ടായ കഷ്ടതകളില്‍ അതീവ ദുഖമുണ്ട്. അവര്‍ പറഞ്ഞു.

റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന കാര്യവും ഉത്കണ്ഠയുമുണ്ടാക്കുന്നതാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു പലാനം ഉണ്ടായതെന്ന് കണ്ടെത്തണം. പലായനം ചെയ്ത ജനങ്ങളെ നേരിട്ട് കാണണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്ന് അവര്‍ പറഞ്ഞു. കോഫി അന്നന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും സൂചി പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് റോഹിങ്ക്യ വിഷയത്തില്‍ പഠനം നടത്താന്‍ കോഫി അന്നന്‍ കമ്മിഷനെ നിയോഗിച്ചത്. കഴിഞ്ഞമാസമാണ് ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റാഖൈനില്‍ വികസനത്തിനും സമാധാനം ഉറപ്പാക്കാനുമാണ് കേന്ദ്രകമ്മിറ്റിയെ നിയോഗിച്ചതെന്നും സൂചി പറഞ്ഞു.

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന അഭയാര്‍ത്ഥികളുടെ അപേക്ഷകള്‍ പരിശോധിക്കുന്നത് തുടരും. ഭൂരിപക്ഷം റോഹിങ്ക്യന്‍ മുസ്ലിം ഗ്രാമങ്ങളിലും അക്രമമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവിടങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ നയതന്ത്രജ്ഞരെ ക്ഷണിക്കുന്നതായും സൂചി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍