UPDATES

വിദേശം

മ്യാന്‍മാറിലേക്ക് പോകില്ല, ഭയം വിടാതെ റോഹിങ്ക്യകൾ, തിരിച്ചയക്കാനുള്ള ശ്രമം പാളുന്നു

ബംഗ്ലാദേശില്‍ നിന്നും റോഹിംഗ്യകളെ തിരിച്ചുകൊണ്ടുവരുന്നതിനെതിരെ മ്യാന്‍മറിലെ റാഖൈനിൽ പ്രതിഷേധം

ബംഗ്ലാദേശിലെ അഭയാർഥിക്യാമ്പുകളിൽ കഴിയുന്ന റോഹിംഗ്യകൾ മ്യാൻമറിലേക്ക് മടങ്ങാൻ വിസമ്മതിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ. റോഹിംഗ്യകളെ തിരിച്ചയക്കാനുള്ള തീരുമാനം ബംഗ്ലാദേശും മ്യാൻമറും പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും തല്‍സ്ഥിതി തുടരുകയാണ്. സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി തിരഞ്ഞെടുത്ത 1,056 പേരിൽ 21 കുടുംബങ്ങൾ മാത്രമേ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുക പോലും ചെയ്തത് എന്ന് ബംഗ്ലാദേശിലെ അഭയാർഥി കമ്മീഷണർ അബുൽ കലാം പറഞ്ഞു.

തിരികെ പോകാന്‍ ആരും താല്‍പര്യപ്പെടുന്നില്ല. മ്യാൻമർ പൗരത്വം നൽകുന്നതുവരെ മടങ്ങിപ്പോകില്ലെന്ന് പലരും ഉറപ്പിച്ചു പറയുന്നു. അതേസമയം ബംഗ്ലാദേശില്‍ നിന്നും റോഹിംഗ്യകളെ തിരിച്ചുകൊണ്ടുവരുന്നതിനെതിരെ മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് പ്രതിഷേധം നടന്നിരുന്നു. ചുവപ്പ് ബാനറുകളും മന്ത്രങ്ങളുമായി ബുദ്ധ സന്യാസികള്‍ നയിച്ച പ്രതിഷേധ മാര്‍ച്ചില്‍ നിരവധി പേരാണ് പങ്കെടുത്തത്. അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ഓടിപ്പോയ അഭയാര്‍ത്ഥികളെ തിരികെ വരാന്‍ സമ്മതിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്നത്.

അതുതന്നെയാണ് റോഹിഗ്യകളെ ഭയപ്പെടുത്തുന്ന പ്രധാന കാര്യവും. പൗരത്വം, സുരക്ഷ, തുല്ല്യ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അനുമതി ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളിലൊന്നും അവര്‍ക്ക് യാതൊരു പ്രതീക്ഷയുമില്ല. ഗ്രാമങ്ങൾ തകർക്കപ്പെടുകയും, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും, ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ചെയ്ത റാഖൈന്‍പ്രവിശ്യയില്‍ സൈനികരുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തെത്തുടർന്ന് 700,000 ലധികം റോഹിംഗ്യകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു. ‘വംശഹത്യ ഉദ്ദേശത്തോടെ’നടന്ന ആക്രമണമായിരുന്നു അത് എന്നാണ് യുഎൻ വസ്തുതാന്വേഷണ ദൗത്യ സംഘം പറഞ്ഞത്.

റോഹിഗ്യകളുടെ നാട്ടിലേക്കുള്ള മടക്കയാത്ര നാളെയാണ് ആരംഭിക്കേണ്ടത്. മടങ്ങിപ്പോകാന്‍ അനുമതി ലഭിച്ചവരില്‍ 3,450 പേരോട് അവരുടെ താല്‍പര്യം സംബന്ധിച്ച് ചോദിച്ചു കഴിഞ്ഞെന്നും ബാക്കിയുള്ളവരോടും സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎൻ‌എച്ച്‌സി‌ആർ വക്താവ് ലൂയിസ് ഡൊനോവൻ പറയുന്നു. അതിനിടെ അവര്‍ക്ക് പൌരത്വം നല്‍കാന്‍ കഴിയില്ലെന്ന് മ്യാന്‍മാര്‍ വ്യക്തമാക്കുകയും ചെയ്തതോടെ നേരത്തെ തിരിച്ചുപോകാന്‍ തയ്യാറായവര്‍പോലും ഭയപ്പെടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

Read More- നോട്ട് നിരോധനത്തിന് ശേഷം സ്വകാര്യ നിക്ഷേപങ്ങളില്‍ 60 ശതമാനത്തിന്റെ കുറവ് കണ്ടെത്തി, ആദായ നികുതി പരിഷ്‌കാരത്തിനുള്ള കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍