UPDATES

വിദേശം

കീടങ്ങളെ പോലെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍; റോഹിംഗ്യന്‍ ക്യാമ്പിലെത്തിയ ഒരു വനിതഫോട്ടോഗ്രാഫറുടെ അനുഭവം

റോയിട്ടേഴ്സ് ഫോട്ടോഗ്രഫറായ ഹന്ന മക്കെ താന്‍ ഇത്തരമൊരു ചിത്രം എടുക്കാനിടയായ സാഹചര്യം വിവരിക്കുന്നു

‘നിങ്ങള്‍ അഭയാര്‍ത്ഥികളുടെ ദയനീയ അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടാവും. പക്ഷെ അത് നേരിട്ടു കാണുക എന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്’; റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ഹന്ന മക്കെയാണ് ഇങ്ങനെ പറയുന്നത്. ഹന്ന റോയിട്ടേഴ്‌സില്‍ ചേര്‍ന്നിട്ട് നാല് മാസമേ ആയിട്ടുള്ളു. ബംഗ്ലാദേശിലെ റോഹിംഗ്യ അഭയാര്‍ത്ഥി ക്യാമ്പിലെ ദൃശ്യങ്ങള്‍ പകര്‍ത്തുക എന്നതായിരുന്നു അവരുടെ ആദ്യത്തെ വിദേശ ദൗത്യം. അവിടെ ജോലി ചെയ്തുകൊണ്ടിരിക്കവേയാണ് ഏകദേശം 5,000 ത്തോളം അഭയാര്‍ത്ഥികള്‍ അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്ക് വരുന്നുണ്ട് എന്നൊരു വാര്‍ത്ത അവര്‍ക്ക് ലഭിക്കുന്നതും. അവരും മറ്റ് മാധ്യമ പ്രവര്‍ത്തകരും ബംഗ്ലാദേശിന്റെ മ്യാന്‍മര്‍ അതിര്‍ത്തിയിലേക്ക് കുതിച്ചു. പിന്നീട് സംഭവിച്ചതെന്താണെന്ന് അവരുടെ വാക്കുകളില്‍ തന്നെ വായിക്കാം. കീടങ്ങളെ പോലെ പിടഞ്ഞുവീഴാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ നേര്‍ചിത്രമായി ഈ വിവരണം മാറുന്നു.

“നെല്‍പ്പാടങ്ങള്‍ക്കും പുല്‍മേടുകള്‍ക്കും മുകളിലൂടെ ഞങ്ങള്‍ ദൂരേക്ക് നോക്കി നില്‍ക്കുകയായിരുന്നു- ധാരാളം വെള്ളം നിറഞ്ഞ പാടത്ത്, മ്യാന്‍മര്‍ അതിര്‍ത്തിയിലേക്ക് ഒരു നേരിയ പാത ഉണ്ടായിരുന്നു. ദൂരത്ത് ഒരു വലിയ ജനക്കൂട്ടം നില്‍ക്കുന്നത് കണ്ടു. അവര്‍ ചലിക്കുന്നുണ്ടായിരുന്നില്ല. വൈന്നേരം നാലു മണിയായിരുന്നു. പകല്‍വെളിച്ചം അസ്തമിക്കാന്‍ വെറും രണ്ട് മണിക്കൂര്‍ മാത്രം ബാക്കി. അതുകൊണ്ട് അവരുടെ അടുത്തേക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ചെളി നിറഞ്ഞ പാതയിലൂടെ ഒരു മണിക്കൂര്‍ നടന്ന് ഞങ്ങള്‍ അതിര്‍ത്തി കാവല്‍ക്കാര്‍ക്ക് അടുത്തെത്തുകയും കടത്തിവിടാന്‍ അവരോട് അപേക്ഷിക്കുകയും ചെയ്തു. മടങ്ങിപ്പോകാന്‍ ബംഗ്ലാദേശി അതിര്‍ത്തി കാവല്‍ക്കാര്‍ ഞങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. പക്ഷെ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ അവിടെ കുത്തിയിരിക്കുന്നത് ഞങ്ങള്‍ കണ്ടു. ജനക്കൂട്ടത്തിന് പിന്നില്‍ എന്തോ സംഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അടുത്തേക്ക് പോകാന്‍ ഒരവസരം കാത്ത് നിന്നു. അപ്പോള്‍ ഞങ്ങള്‍ അവരെ കണ്ടു.

റോഹിന്‍ഗ്യകള്‍; വേരോടെ പിഴുതെറിയപ്പെട്ട് ഒരു ജനത

ജനക്കൂട്ടം കുത്തിയിരിക്കുന്ന നദിക്കരയ്ക്ക് പിന്നില്‍, ഏകദേശം മൂന്ന് മീറ്റര്‍ താഴെയായി, നദിയിലൂടെ, ഒരോ നിമിഷത്തിലും നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ ഇക്കരേക്ക് വന്നുകൊണ്ടിരിക്കുന്നു. അത് അവസാനമില്ലാത്ത ഒന്നായിരുന്നു. ആളുകളുടെ വരവിന് ഒരവസാനവും ഉണ്ടായിരുന്നില്ല. കുട്ടികളെ എടുത്തുകൊണ്ടുവരുന്ന മനുഷ്യര്‍. മുട്ടോളം താഴുന്ന ചെളിയിലും വെള്ളത്തിലും മറ്റുള്ളവരുടെ സഹായത്തോടെ നദി കടക്കുന്ന മുതിര്‍ന്ന ആളുകള്‍. നേരെ വരുന്ന ഓരോ ദൃശ്യങ്ങളും ഞങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

അപ്പോഴാണ് ഈ സ്ത്രീ പ്രത്യക്ഷപ്പെട്ടത്. അവര്‍ ഞങ്ങള്‍ നില്‍ക്കുന്ന നടപ്പാതയിലേക്ക് കയറാന്‍ ഒരുങ്ങുകയായിരുന്നു. പക്ഷെ അവര്‍ തളര്‍ന്നുപോയി. സ്വന്തമായി എഴുന്നേറ്റ് നില്‍ക്കാന്‍ പ്രാപ്തമാക്കുന്ന ഒന്നും അവരില്‍ അവശേഷിച്ചിരുന്നില്ല. താഴെ നിന്ന രണ്ട് അഭയാര്‍ത്ഥി പുരുഷന്മാര്‍ അവരെ എടുത്തുകയറ്റാന്‍ ശ്രമിച്ചു. അപ്പോള്‍ ഞങ്ങള്‍ സഹായഹസ്തം നീട്ടി. റോയിട്ടേഴ്‌സിന്റെ മറ്റൊരു ഫോട്ടോഗ്രാഫറായ അദ്‌നാന്‍ അബിദി അവരുടെ ഒരു കൈയില്‍ പിടിച്ചു. മറ്റൊരു ഫോട്ടോഗ്രാഫര്‍ മറുകൈയും. കൈയെത്തും ദൂരത്തെത്തിയപ്പോള്‍ എനിക്കവരുടെ കാലില്‍ പിടികിട്ടി. അക്ഷരാര്‍ത്ഥത്തില്‍ അവരെ വലിച്ചിഴയ്ക്കുകയായിരുന്നു. കുറച്ചു നിമിഷങ്ങള്‍ ആ നടപ്പാതയില്‍ അവര്‍ കിടന്നു. അവര്‍ക്ക് എന്ത് സംഭവിച്ചു എന്നെനിക്കറിയില്ല. ചുറ്റും ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ ആകെ അലങ്കോലമായിരുന്നു.

വ്യത്യസ്ത കാഴ്ച ലഭിക്കുന്നതിനായി നദിയിലേക്കിറങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ചിലവഴിക്കാന്‍ കുറച്ച് ഊര്‍ജ്ജം ബാക്കിയുണ്ടായിരുന്ന ഞങ്ങള്‍ക്ക് പോലും അത് വലിയ ബുദ്ധിമുട്ടായിരുന്നു. ഞങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളെല്ലാം ദിവസങ്ങളായി നടക്കുന്നവരായിരുന്നു. തിരിച്ച് കരയിലേക്ക് കയറുമ്പോള്‍ രണ്ട് ക്യാമറകളുടെ ഭാരം എന്നെ താഴേക്ക് വലിച്ചുകൊണ്ടിരുന്നു. ഒരു പിടിവള്ളിപോലുമില്ലാതെ ഞാന്‍ വിഷമിച്ചു. അപ്പോഴാണ് രണ്ട് അഭയാര്‍ത്ഥി പുരുഷന്മാര്‍ ഇരുകൈകളിലും പിടിച്ച് എന്നെ കരയിലേക്ക് വലിച്ചുകയറ്റിയത്. ‘നന്ദി’ എന്ന് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നെങ്കിലും അവര്‍ക്കത് മനസിലായില്ല.

                                    ഹന്ന മക്കെ

വല്ലാതെ തളര്‍ത്തുന്ന ഒന്നായിരുന്നു അത്. ഞങ്ങള്‍ വലിച്ചുകയറ്റിയ സ്ത്രീയെ കുറിച്ച് ആലോചിക്കാന്‍ അതെന്നെ പ്രേരിപ്പിച്ചു. കൈയിലുള്ള ഒരു ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ തൊഴില്‍ ചെയ്യാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. പക്ഷെ നിങ്ങളുടെ ബുദ്ധിയെ ഹൃദയം കീഴടക്കുന്നു. എല്ലാം ഒരു വിധം ശാന്തമായിക്കഴിഞ്ഞ ക്യാമ്പുകളിലായിരുന്നു ഞാന്‍. ഇപ്പോള്‍ ഞാന്‍ യഥാര്‍ത്ഥ അവ്യവസ്ഥയും അഭയാര്‍ത്ഥികളുടെ ഗതികെട്ട അവസ്ഥയും നേരിട്ട് കാണുന്നു. നിങ്ങള്‍ അതിനെ കുറിച്ച് കേട്ടിട്ടുണ്ടാവാം. പക്ഷെ അത് നേരിട്ട് കാണുക എന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്.”

മത, വംശവെറികള്‍ക്കപ്പുറം വേരുകളുള്ള റോഹിങ്ക്യന്‍ പലായന ചരിത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍