UPDATES

വിദേശം

സിറിയയില്‍ റഷ്യ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടര്‍ന്ന് നാടുവിടാന്‍ നിര്‍ബന്ധിതരായ സാധാരണക്കാര്‍ അതിര്‍ത്തി കടന്ന് അയല്‍രാജ്യമായ തുര്‍ക്കിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രഖ്യാപനം.

വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ റഷ്യ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതല്‍ വിമതരുടെ അവസാനത്തെ പ്രധാന ശക്തികേന്ദ്രമായ ഇദ്‌ലിബില്‍ മോസ്‌കോയുടെ പിന്തുണയുള്ള സര്‍ക്കാര്‍ സേന കടുത്ത ആക്രമണം നടത്തി വരികയായിരുന്നു. ഈ പ്രദേശം ഏകദേശം സര്‍ക്കാരിന്റെ നിയന്ത്രണത്തിലായി. ഇദ്‌ലിബിലെ സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടര്‍ന്ന് നാടുവിടാന്‍ നിര്‍ബന്ധിതരായ സാധാരണക്കാര്‍ അതിര്‍ത്തി കടന്ന് അയല്‍രാജ്യമായ തുര്‍ക്കിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രഖ്യാപനം.

സൈനിക മുന്നേറ്റം പ്രവിശ്യയിലെ മൂന്ന് ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കി. പകുതിയോളം പേര്‍ ഇതിനകം ആഭ്യന്തരമായി പലായനം ചെയ്തിട്ടുണ്ട്. ഏപ്രില്‍ അവസാനത്തോടെ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമായി അരലക്ഷത്തിലധികം ആളുകള്‍ക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നും, അഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നും യു.എന്‍ പറയുന്നു.

സിറിയയില്‍ യുദ്ധമാരംഭിച്ചത് മുതല്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ ശക്തമായി പിന്തുണക്കുന്ന രാഷ്ട്രമാണ് റഷ്യ. ‘ഓഗസ്റ്റ് 31 ന് രാവിലെ 6 മുതല്‍ ഇദ്‌ലിബ് ഡി-എസ്‌കലേഷന്‍ സോണില്‍ സിറിയന്‍ സര്‍ക്കാറുമായി ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ധാരണയിലെത്തിയതായി’ റഷ്യ അറിയിച്ചു.

ഇദ്‌ലിബിലെ സ്ഥിതി സുസ്ഥിരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും ആയുധമുപേക്ഷിച്ച് സമാധാന പ്രക്രിയയില്‍ പങ്കുചേരാന്‍ സര്‍ക്കാര്‍ വിരുദ്ധ പോരാളികളും തയ്യാറാകണമെന്നും സിറിയയിലെ റഷ്യന്‍ അനുരഞ്ജന കേന്ദ്രം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ വിമതര്‍ ഈ നീക്കത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

തെക്കന്‍ ഇദ്‌ലിബിലെ ഖ്വെയ്ന്‍, സര്‍സൂര്‍, തുടങ്ങിയ മേഖലകള്‍ നേരത്തെ പിടിച്ചെടുത്ത റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സൈന്യം, ഇദ്‌ലിബ് പ്രവിശ്യയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്ക് കൂടുതല്‍ അടുത്തിരുന്നു. കഴിഞ്ഞയാഴ്ച ഹമാ പ്രവിശ്യയിലെ പ്രധാന വിമത പോക്കറ്റും സൈന്യം പിടിച്ചെടുത്തിരുന്നു. റഷ്യക്കൊപ്പം ഇറാന്റെയും ശക്തമായ പിന്തുണ അസദ് സര്‍കാരിനുണ്ട്.

മേഖലയില്‍ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സേന ആക്രമണം ശക്തമാക്കിയതായി കഴിഞ്ഞ ദിവസം പ്രദേശവാസികളും മനുഷ്യാവകാശപ്രവര്‍ത്തകരും കുറ്റപ്പെടുത്തിയിരുന്നു. ഇറാന്‍ പിന്തുണയുള്ള സായുധ സംഘങ്ങളും ആക്രമണത്തില്‍ സൈന്യത്തെ സഹായിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Read: ഭൂമിയിലെ സംഘര്‍ഷങ്ങള്‍ ബഹിരാകാശത്തേയ്ക്ക് കയറ്റി അയക്കരുത്, സ്വകാര്യമേഖലയുടെ വരവ് സംഘര്‍ഷമുണ്ടാക്കും: രാകേഷ് ശര്‍മ / അഭിമുഖം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍