UPDATES

വിദേശം

റഷ്യ-ചൈന സംയുക്ത വിമാന പട്രോളിങ്: ഉടന്‍ പ്രതികരിച്ച് ജപ്പാനും ദക്ഷിണ കൊറിയയും

രണ്ടുതവണ വ്യോമാതിർത്തി ലംഘിച്ചുകൊണ്ട് ചൊവ്വാഴ്ച രാവിലെ കൊറിയയുടെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷൻ സോണിലേക്ക് റഷ്യൻ യുദ്ധവിമാനമായ എ -50 പ്രവേശിച്ചതായി ദക്ഷിണകൊറിയ ആരോപിച്ചു.

ചൈനയുമായി ചേർന്ന് ആദ്യമായി വിമാന പട്രോളിങ് നടത്തിയതായി റഷ്യ. ജപ്പാൻ കടലിനും കിഴക്കൻ ചൈനാ കടലിനും മുകളിലൂടെ മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ നാല് ബോമ്പറുകള്‍ പട്രോളിംഗ് നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. ഇത് ജപ്പാനേയും ദക്ഷിണ കൊറിയയെയും പ്രകോപിപ്പിച്ചതായും മറുപടിയായി ഇരു രാജ്യങ്ങളും ജെറ്റ് വിമാനങ്ങളയച്ച് നിരീക്ഷണം നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. റഷ്യക്കും ദക്ഷിണകൊറിയയ്‌ക്കുമിടയിൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാവുന്നത്.

ദക്ഷിണകൊറിയയും ജപ്പാനും അവകാശമുന്നയിക്കുന്ന ഡോക്ഡോ/തകേഷിമ ദ്വീപിന്റെ വ്യോമാതിർത്തിയിലേക്കാണ് ചൈനീസ്-റഷ്യന്‍ യുദ്ധവിമാനങ്ങള്‍ പറന്നത്. രണ്ടുതവണ വ്യോമാതിർത്തി ലംഘിച്ചുകൊണ്ട് ചൊവ്വാഴ്ച രാവിലെ കൊറിയയുടെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷൻ സോണിലേക്ക് റഷ്യൻ യുദ്ധവിമാനമായ എ -50 പ്രവേശിച്ചതായി ദക്ഷിണകൊറിയ ആരോപിച്ചു. എന്നാല്‍ റഷ്യ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. തങ്ങളുടെ പോർവിമാനങ്ങൾ പതിവ് പരിശീലനം നടത്തുകയായിരുന്നെന്നും മറ്റുരാജ്യങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്നും റഷ്യൻ അധികൃതർ കൂട്ടിച്ചേർത്തു. റഷ്യയുടെയും ദക്ഷിണകൊറിയയുടെയും നടപടികൾക്കെതിരേ രൂക്ഷമായ വിമര്‍ശമാണ് ജപ്പാൻ ഉയര്‍ത്തിയത്.

റഷ്യയുടെ രണ്ട് ടി.യു-95 ബോംബറുകളും ഒരു എ-50 നിരീക്ഷണവിമാനവും ചൈനയുടെ എച്ച്-6 ബോംബറുകളുമാണ് മേഖലയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയത്. അന്താരാഷ്ട്ര വ്യോമാതിര്‍ത്തിക്കുള്ളില്‍ മാത്രമാണ് പതിവ് അഭ്യാസ പ്രകടനം നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു. ഡോക്ഡോ/തകേഷിമ ദ്വീപില്‍നിന്നും 25 കിലോമീറ്റർ അകലെയായാണ്‌ തങ്ങളുടെ വിമാനങ്ങള്‍ ഉണ്ടായതെന്ന് റഷ്യ അവകാശപ്പെടുന്നു. എന്നാല്‍ ദ്വീപിന്റെ വ്യോമാതിർത്തി റഷ്യൻവിമാനങ്ങൾ പലതവണ ലംഘിച്ചുവെന്നും തങ്ങളുടെ എഫ്-15, എഫ്-16 പോർവിമാനങ്ങൾ ഇടപെട്ടാണ് അവയെ തുരത്തിയതെന്നും ദക്ഷിണകൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍