UPDATES

വിദേശം

ഖഷോഗിയെ കോൺസുലേറ്റിൽ വെച്ച് വെട്ടിനുറുക്കിയെന്ന് സൗദി അറേബ്യ സമ്മതിച്ചു; സൽമാൻ രാജകുമാരന് പങ്കില്ലെന്നും വിശദീകരണം

ഖഷോഗിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തുർക്കി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സൗദി ഈ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ തുർക്കി തലസ്ഥാനത്തെ സൗദി സ്ഥാനപതി കാര്യാലയത്തിൽ വെച്ച് വെട്ടി നുറുക്കിയെന്ന് സൗദി സമ്മതിച്ചു. ഈ കൃത്യം നടത്തിയതിന് അഞ്ച് സൗദി ഉദ്യോഗസ്ഥർ മരണശിക്ഷയെ അഭിമുഖീകരിക്കുകയാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടറാണ് ഇക്കാര്യം അറിയിച്ചത്. കൊല നടത്തിയത് സൗദിയുടെ ഇന്റലിജൻസി വിഭാഗത്തിലെ ‘അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥർ’ ആണെന്ന് നേരത്തെ തന്നെ സൗദി സമ്മതിച്ചിരുന്നു.

ഖഷോഗിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തുർക്കി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സൗദി ഈ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ഖഷോഗിയെ വെട്ടിമുറിച്ചതിനു ശേഷം ആസിഡിൽ ലയിപ്പിച്ച് ഓടയിൽ ഒഴുക്കിയിരിക്കാമെന്നാണ് തുർക്കിയുടെ അവസാനത്തെ നിഗമനം. ഓടയിൽ നിന്നും ആസിഡിന്റെ അംശങ്ങൾ കിട്ടിയ വിവരവും തുർക്കി സ്ഥിരീകരിച്ചിട്ടുണ്ട്.

സൗദിയിൽ നിന്നും എത്തിയ ‘ഹിറ്റ് ടീം’ കൊണ്ടുവന്ന ഉപകരണങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒരു തുര്‍ക്കി സർക്കാർ അനുകൂല പ്രസിദ്ധീകരണമാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത്.

ഇപ്പോൾ സൗദി കുറ്റം ചാർത്തിയ അഞ്ച് ഉദ്യോഗസ്ഥരാണ് ഖഷോഗിയെ മരുന്ന് കുത്തിവെച്ച് വെട്ടിമുറിച്ച് കൊലപ്പെടുത്തിയതിന് ഉത്തരവാദികളെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിന്റെ വക്താവ് പറഞ്ഞു. കോൺസുലേറ്റിനു പുറത്ത് നിൽക്കുകയായിരുന്ന ഒരു ഏജന്റിന് ഈ ശരീരാവശിഷ്ടങ്ങൾ കൈമാറിയതായും ഇദ്ദേഹം വെളിപ്പെടുത്തി. ഇതാദ്യമായാണ് സൗദി ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് ഇത്രയും വിശദമായ വെളിപ്പെടുത്തൽ നടത്തുന്നത്.

അതെസമയം സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പങ്കിനെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് നിഷേധിച്ചു. സൗദി രാജകുമാരന് ഈ കൃത്യത്തെക്കുറിച്ച് അറിവില്ലായിരുന്നെന്ന് വക്താവ് പറഞ്ഞു. ഖഷോഗിയെ നാട്ടിലെത്തിക്കാൻ സൗദി ഇന്റലിജൻസ് തലവൻ ജനറൽ അഹ്മദ് അൽ അസ്സിരി ഉത്തരവിട്ടിരുന്നെന്നും എന്നാൽ കൊല ചെയ്യാൻ ഉത്തരവിട്ടത് ഇസ്താംബുളിലേക്ക് പോയ സംഘത്തിന്റെ തലവനായിരുന്നെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍