UPDATES

വിദേശം

ഖഷോഗിയുടെ തിരോധാനം: സിറിയയിലൊഴുക്കാനായി സൗദി വാഗ്ദാനം ചെയ്ത 100 ദശലക്ഷം ഡോളർ യുഎസ് അക്കൗണ്ടിലെത്തി

ഇന്നലെ റിയാദിൽ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പോംപിയോ തുർ‌ക്കിയിലെത്തി എർദോഗനുമായി ചർച്ച നടത്തിയത്.

ജമാൽ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന നയതന്ത്ര പ്രതിസന്ധിയിൽ അമേരിക്കയുടെ ഇടപെടൽ ഉറപ്പാക്കാൻ സൗദി അറേബ്യ തങ്ങൾ നേരത്തെ വാഗ്ദാനം ചെയ്ത 100 ദശലക്ഷം ഡോളറിന്റെ സഹായം യുഎസ് അക്കൗണ്ടിലെത്തിച്ചു. ചൊവ്വാഴ്ച അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സൗദി കിരീടാവകാശി സൽമാൻ രാജകുമാരനെ കാണാനെത്തിയതിനു പിന്നാലെയാണ് പണം യുഎസ്സിന് കിട്ടിയത്.

ജമാൽ ഖഷോഗിയുടെ തിരോധാനം സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുന്നവയാണ്. അന്തർദ്ദേശീയമായി വലിയ സമ്മർദ്ദം സൗദിക്കെതിരെ ഉയർന്നിട്ടുമുണ്ട്. സൗദിയിൽ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിൽ നിന്നും നിരവധി നിക്ഷേപകർ പിന്മാറിയ സാഹചര്യവുമുണ്ട്.

ഇന്നലെ റിയാദിൽ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പോംപിയോ തുർ‌ക്കിയിലെത്തി എർദോഗനുമായി ചർച്ച നടത്തിയത്.

തുർക്കിയിലെ സൗദി കോൺസുലേറ്റിൽ പൊലീസ് നടത്തിയ പരിശോധനകളിൽ‌ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ചില വിഷവസ്തുക്കൾ കോൺസുലേറ്റിനുള്ളിൽ‌ കണ്ടെത്തിയെന്നാണ് വിവരം. കൂടാതെ ഖഷോഗിയെ അവസാനമായി ജീവനോടെ കണ്ട കോൺസുലേറ്റിലെ ചിലയിടങ്ങളിൽ റീപെയിന്റ് ചെയ്തിട്ടുണ്ട്. കോൺസുലേറ്റിനുള്ളിൽ വെച്ച് കൊല നടത്തിയതിനു ശേഷം കൗൺസൽ ജനറലിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നും പിന്നീട് നശിപ്പിച്ചെന്നുമെന്നാണ് തുർക്കി പറയുന്നത്.

സംഭവം പുറത്തുവന്നതിനു ശേഷം കൗൺസൽ ജനറലായ മൊഹമ്മദ് അൽ ഒറ്റൈബിയെ പുറത്തു കണ്ടിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇയാൾ തുർക്കി വിട്ടെന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. വീട് പരിശോധിക്കാൻ പൊലീസ് വരുന്നുണ്ടെന്ന വിവരം കിട്ടിയതോടെയാണ് ഇയാൾ മുങ്ങിയതെന്നാണ് അറിയുന്നത്.

എർദോഗനെ കാണുന്നതിനു മുമ്പു തന്നെ സൗദി അറേബ്യയുടെ സൽമാൻ രാജകുമാരനുമായി പോംപിയോ സംസാരിച്ചിരുന്നു. ഖഷോഗിയുടെ തിരോധാനത്തിൽ സൗദിക്ക് സംശയത്തിന്റെ ആനുകൂല്യം നൽകണമെന്ന അമേരിക്കയുടെ നിലപാട് സ്ഥാപിക്കുകയാണ് പോംപിയോയുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യം. അതെസമയം യൂറോപ്യൻ യൂണിയൻ അടക്കമുള്ളവർ സൗദിക്കുമേൽ അതിശക്തമായ സമ്മർദ്ദമാണ് ചെലുത്തി വരുന്നത്.

സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെ എതിരിട്ട് തിരിച്ചുപിടിച്ച കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾക്കായി സൗദി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്ന പണമാണ് ഇന്നലെ ഒറ്റയടിക്ക് അമേരിക്ക വാങ്ങിച്ചെടുത്തിരിക്കുന്നത്. തുർക്കിയും സൗദി അറേബ്യയും തമ്മിൽ ദീർഘനാളായി നയതന്ത്രപ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് സൗദി അമേരിക്കയെ ഇടപെടീച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍