UPDATES

വിദേശം

വിവാഹമോചിതയായ വിവരം ഇനി ടെക്സ്റ്റ് മെസ്സേജ് വഴി അറിയിക്കും; സൗദിയിൽ പുതിയ നിയമം

ഭാര്യമാരെ രഹസ്യമായി വിവാഹമോചനം ചെയ്യുന്നതും കാരണം അറിയിക്കാതിരിക്കുന്നതും അവസാനിപ്പിച്ചു കൊണ്ട് സൗദി ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് പുറത്തുവന്നു. സ്ത്രീകൾ വിവാഹമോചിതരായാൽ പ്രസ്തുത വിവരം ഒരു ടെക്സ്റ്റ് മെസ്സേജ് വഴി അവരെ കോടതി അറിയിക്കും. ഞായറാഴ്ച മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് സൗദി അധികാരികൾ അറിയിച്ചു.

തങ്ങളുടെ വിവാഹമോചനം സംബന്ധിച്ച എല്ലാ പ്രമാണങ്ങളും സ്ത്രീകൾക്ക് സാമൂഹ്യനീതി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി കാണാൻ സാധിക്കും. സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽ‍മാൻ നടപ്പിലാക്കുന്ന നിരവധി പരിഷ്കാരങ്ങളിലൊന്നായാണ് ഈ നടപടി വരുന്നത്. നേരത്തെ സ്ത്രീകൾക്ക് വാഹനമോടിക്കാനുണ്ടായിരുന്ന വിലക്കും സൽമാൻ രാജകുമാരൻ നീക്കിയിരുന്നു. സ്പോര്‍ട്സ് സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീകൾക്ക് പ്രവേശനം നൽകുകയും ചെയ്തിരുന്നു സൗദി.

ഒരുവശത്ത് പരിഷ്കരണ നടപടികൾ‌ നടപ്പിലാക്കുമ്പോൾ മറുവശത്ത് സൽമാൻ രാജകുമാരൻ തന്റെ ഏകാധിപത്യ നിലപാടുകൾ ശക്തമാക്കുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്. പരിഷ്കരണ വാദികളായ സ്ത്രീപക്ഷ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നിരവധി നടപടികൾ ഈയടുത്ത കാലത്തായി സൗദിയിലുണ്ടായി. സൽമാൻ രാജകുമാരന്റെ പരിഷ്കാരി പ്രതിച്ഛായ വെറും പൊള്ളയാണെന്നും തന്റെ ഏകാധിപത്യപരമായ നിലപാടുകളെ മറയ്ക്കാനുള്ള പദ്ധതിയാണതെന്നും വിമർശനമുന്നയിച്ചിരുന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗിയെ തുർക്കിയിലെ സ്ഥാനപതി കാര്യാലയത്തിൽ വെച്ച് വാടകക്കൊലയാളികളെ ഉപയോഗിച്ച് സൽമാൻ രാജകുമാരൻ കൊലപ്പെടുത്തിയെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍