UPDATES

വിദേശം

മാംസനിരോധനം ആവശ്യമോ? ചുവന്ന മാംസത്തിന് നികുതി കൂട്ടണോ? ചില പാരിസ്ഥിതിക പ്രശ്നങ്ങൾ

മാംസാഹാരം കുറയ്ക്കുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും ഏറെ ഗുണം ചെയ്യുമെന്ന നിഗമനവുമായി നിരവധി പഠനങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ നോക്കുമ്പോള്‍ മാംസാഹാരം നിരോധിക്കുന്ന കാലം അതിവിദൂരമല്ല. അതില്‍ ആശങ്കപ്പെടെണ്ട കാര്യവുമില്ല. ചുവന്ന മാംസത്തിന്റെയും മറ്റ് സംസ്‌കരിച്ച മാംസങ്ങളുടെയും (ബേക്കന്‍, ഹോട്ട് ഡോഗ് തുടങ്ങിയവ) ആഹരണം വര്‍ദ്ധിപ്പിക്കുന്നത് വന്‍കുടലിനെയോ മലാശയത്തെയോ ബാധിക്കുന്ന അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കും. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം കുറയ്ക്കുകയെന്നത് മാനവ കുലത്തിന്‍റെ തന്നെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്.

കാർഷിക മേഖലയില്‍നിന്ന് 60% ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നതും മാംസവും പാലും ഉല്‍പാദിപ്പിക്കുന്നതിലൂടെയാണെന്ന് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച, ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ കഴിഞ്ഞ വർഷം നടത്തിയ പഠനത്തില്‍ പറയുന്നു. ഇവ രണ്ടും കൃഷി ചെയ്യാനാണ് കൃഷിസ്ഥലത്തിന്റെ 83 ശതമാനവും ഉപയോഗിക്കുന്നത്. എന്നാല്‍ അതില്‍നിന്നും 18% കലോറിയും 37% പ്രോട്ടീനും മാത്രമേ ലഭിക്കുന്നൊള്ളൂ. അതുകൊണ്ട് സസ്യാഹാരമാണ് ഏറ്റവും ഫലപ്രദമായ പരിഹാരം. ഹരിതഗൃഹ വാതകങ്ങള്‍ മാത്രമല്ല, ആഗോള അസിഡിഫിക്കേഷൻ, യൂട്രോഫിക്കേഷൻ, ഭൂവിനിയോഗം, ജല ഉപയോഗം എന്നിവയെല്ലാം കുറക്കാന്‍ അത് സഹായിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ജോസഫ് പൂർ പറയുന്നു.

ചുവന്ന മാംസത്തിന് കൂടുതല്‍ നികുതി ഏർപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് മാത്രം ലക്ഷ്യം നേടാന്‍ കഴിയില്ല. കാർഷിക സബ്‌സിഡികളില്‍ മാറ്റംവരുത്തുന്നതിനെ കുറിച്ച്, വ്യാപാര നിയമങ്ങൾ മാറ്റുന്നതിനെ കുറിച്ച്, ആശുപത്രികളിലും സ്കൂളുകളിലും നല്‍കുന്ന ഭക്ഷണങ്ങളില്‍ മാറ്റംവരുത്തി ജനങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിനെ കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. എല്ലാംകൂടെ ഒത്തുചേര്‍ന്നാലേ പ്രശ്നപരിഹാരം ആവുകയുള്ളൂ. ‘അല്ലാതെ, മാംസം നിയമവിരുദ്ധമാക്കുമെന്ന് പറയുന്നത് ഒരു പരിധിവരെ അപഹാസ്യമാണ്’ എന്നാണ് ലീഡ്‌സ് സർവകലാശാലയിലെ പോപ്പുലേഷൻ ഇക്കോളജി പ്രൊഫസറായ ടിം ബെന്റൺ പറയുന്നത്.

മാംസം നിരോധിക്കലല്ല, അതിന്‍റെ സ്വാധീനം കുറച്ചുകൊണ്ടുവരികയാണ് വേണ്ടത്. അതിനായി കാർഷിക രീതികളില്‍ മാറ്റം വരുത്തുന്നതടക്കം പരിശോധിക്കണം. എന്നിരുന്നാലും, കുറഞ്ഞ അളവിലുള്ള ഇറച്ചി ഉൽപാദനം പോലും വലിയ അളവില്‍ ഹരിതഗൃഹ വാതക പുറന്തള്ളൽ ഉണ്ടാക്കുമെന്നത് വിസ്മരിക്കാനാവില്ല. ‘നമ്മൾ കഴിക്കുന്ന മാംസത്തിന്റെ അളവ് കുറയ്ക്കണോ എന്നതിനെക്കുറിച്ച് ആളുകളോട് ചോദിച്ചപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെന്ന്’ കാർഡിഫ് സർവകലാശാലയിലെ പരിസ്ഥിതി വിഭാഗം പ്രൊഫസറായ ലോറൻ വിറ്റ്മാർഷ് പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലധികംപേരും കുറയ്ക്കണമെന്ന് കരുതുന്നവരാണ്. നിരോധനമെന്നത് ഉത്തമപരിഹാരമാവില്ല. അത് പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായെക്കാം. പക്ഷെ, നിയന്ത്രണം അത്യാവശ്യമാണ്. ഈ ഭൂമി ഭാവി തലമുറക്ക്‌കൂടെ അവകാശപ്പെട്ടതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍