UPDATES

വിദേശം

ചൈനയിലെ അമേരിക്കൻ വിപ്ലവകാരി അന്തരിച്ചു; യാത്രയായത് മാവോയുടെ സ്വന്തം യുഎസ് ദൂതൻ

മാവോയുടെ പ്രിയപ്പെട്ട രണ്ട് ഹാസ്യനടന്മാരായ സ്റ്റാൻ ലോറലിന്റെയും ഒലിവർ ഹാർഡിയുടെയും ഇംഗ്ലീഷ് ഭാഷാ സിനിമകൾ ഒരുമിച്ചിരുന്ന് കണ്ടു. റിട്ടൻബെർഗ് അതെല്ലാം മാവോയ്ക്ക് പരിഭാഷപ്പെടുത്തി നല്‍കുമായിരുന്നു. എന്നിട്ട് ഇരുവരും ആര്‍ത്തു ചിരിക്കും.

രണ്ടാം ലോകയുദ്ധ കാലത്താണ് സൈനിക സേവനത്തിനായി അമേരിക്കയിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള യുവ തൊഴിലാളി സംഘടനാ പ്രവർത്തകന്‍ സിഡ്നി റിട്ടൻബെർഗ് ചൈനയിലെത്തുന്നത്. പിന്നീട് തുടര്‍ച്ചയായി 35 വർഷക്കാലം മാവോയുടെ സന്തത സഹചാരിയും, കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ഉപദേശകനും രാഷ്ട്രീയ തടവുകാരനുമായി അദ്ദേഹം ചൈനയില്‍ കഴിഞ്ഞു. ഒരുപക്ഷെ മറ്റൊരു വിദേശിക്കും ചൈനയില്‍ ഇത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. റിട്ടൻബർഗ് കഴിഞ്ഞ ശനിയാഴ്ച അന്തരിച്ചു. 98 വയസ്സായിരുന്നു.

ചെയർമാൻ മാവോ സേതൂങ്ങിന്റെയും പ്രീമിയർ ഷൂ എന്‍ലായ്യുടേയും സമർപ്പിത സഹായിയായിരുന്നു റിട്ടൻബെർഗ്. മാവോ സർക്കാരിലെ നിഗൂഢനായ വിദേശി. പക്ഷേ, മാവോയുടെ ഭാര്യയെ ഉപദ്രവിച്ചുവെന്ന് സംശയിക്കപ്പെട്ടതോടെ 16 വർഷം ജയിലില്‍ കഴിയേണ്ട ദുര്യോഗവും അദ്ദേഹത്തിനുണ്ടായി. ഒപ്പം, ചാരവൃത്തി, വിപ്ലവത്തിനെതിരായ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളും അദ്ദേഹത്തിനുമേല്‍ ചുമത്തെപ്പെട്ടു.

1950 കളിലും 60 കളിലും ചൈനീസ് സർക്കാരിന്റെ ഉപദേശകരില്‍ ഏറ്റവും ശക്തനായയ പാശ്ചാത്യന്‍ എന്ന നിലയില്‍ അദ്ദേഹം ഖ്യാതി നേടിയിരുന്നു. തീവ്ര നിലപാടുകളോടും ആശയങ്ങളോടും ഒട്ടും പ്രതിപത്തി പുലര്‍ത്തിയിരുന്നില്ലെങ്കിലും, ജിം ക്രോ നിയമങ്ങളോടും അധികാരത്തോടുമുള്ള അദ്ദേഹത്തിന്റെ പുച്ഛം അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ രൂഢമൂലമായി ഉണ്ടായിരുന്നു. അതാണ്‌ അമേരിക്കൻ സൗത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാകുന്നതിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്.

മാവോയെ കണ്ടുമുട്ടുന്നു

ചൈനയിലെ ജനങ്ങളുടെ ദാരിദ്ര്യവും കഷ്ടപ്പാടും കണ്ടുകൊണ്ടിരിക്കുന്ന കാലം. എങ്ങിനെയെങ്കിലും വിപ്ലവ നേതാവായ മാവോയെ നേരില്‍ കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു റിട്ടൻബെർഗിന്റെയുള്ളില്‍. 1946-ൽ ആകസ്മികമായി അതു സംഭവിച്ചു. ചൈനയുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ആ കണ്ടുമുട്ടലിനെകുറിച്ച് ഒരിക്കല്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ഞാനൊരു വാതില്‍ കടന്ന് നടന്നുപോവുകയായിരുന്നു. അപ്പോഴതാ മാവോ മുന്നില്‍!. ചരിത്രത്തിന് പുറത്തുള്ള ഒരു ചിത്രം പോലെയായിരുന്നു ആ കണ്ടുമുട്ടല്‍. അന്നുമുതല്‍ ഞാനും ചരിത്രത്തിന്റെ ഭാഗമായി”.

ആ ബന്ധം പനപോലെ വളര്‍ന്നു. അവർ അമേരിക്കയിലെ ജീവിതങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. മാവോയുടെ പ്രിയപ്പെട്ട രണ്ട് ഹാസ്യനടന്മാരായ സ്റ്റാൻ ലോറലിന്റെയും ഒലിവർ ഹാർഡിയുടെയും ഇംഗ്ലീഷ് ഭാഷാ സിനിമകൾ ഒരുമിച്ചിരുന്ന് കണ്ടു. റിട്ടൻബെർഗ് അതെല്ലാം മാവോയ്ക്ക് പരിഭാഷപ്പെടുത്തി നല്‍കുമായിരുന്നു. എന്നിട്ട് ഇരുവരും ആര്‍ത്തുചിരിയ്ക്കും.

അമേരിക്കന്‍ പിന്തുണയോടെ രാജ്യംഭരിച്ചിരുന്ന അഴിമതിക്കാരായ നാഷണലിസ്റ്റ് പാർട്ടിയെ പുറത്താക്കി 1949-ൽ മാവോ അധികാരം പിടിച്ചെടുത്തു. ചൈനീസ് വാർത്താ പ്രചാരണ ഏജൻസികളുടെ ചുമതല റിട്ടൻബർഗിന് ലഭിച്ചു. പക്ഷെ, തന്‍റെ നിലപാടുകളും ബന്ധങ്ങളുമൊന്നും പിന്നീട് അദ്ദേഹത്തിന്‍റെ രക്ഷ’ക്കെത്തിയില്ല എന്നത് മറ്റൊരു ചരിത്രസത്യം.

അക്രമമില്ലാതെ പിന്നെന്ത് വിപ്ലവം!

ഭരണകൂടത്തിന്‍റെ ശക്തനായ വക്താവായിരുന്നു സിഡ്നി റിട്ടൻബെർഗ്. വിപ്ലവത്തിൽ ചെറിയ രീതിയിലെങ്കിലും അക്രമം അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. “വിപ്ലവം അതിഥികളെ അത്താഴത്തിന് ക്ഷണിക്കുന്നതുപോലെയല്ല. അത് പരിഷ്കൃതവും, മര്യാദയുള്ളതും, കൃപയും സൌമ്യതയും ഉള്ളതായിരിക്കരുത്” എന്നാണ് അദ്ദേഹത്തെ കുറിച്ച് 2012-ല്‍ പുറത്തിറങ്ങിയ ‘റെവല്യൂഷണറി’യെന്ന ഡോക്യുമെന്ററിയിൽ അദ്ദേഹംതന്നെ പറയുന്നത്.

ജീവിതകാലം മുഴുവൻ ചൈനയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകളുടെ അനൌദ്യോഗിക അംബാസഡറായിരുന്നു അദ്ദേഹം. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ശീലങ്ങളിലും ചിന്തകളിലും പ്രാവീണ്യമുള്ള ‘സംസ്കാരങ്ങളുടെ വിവർത്തകൻ’ എന്ന നിലയില്‍ പിന്നീട് അദ്ദേഹം നിറഞ്ഞുനിന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍