UPDATES

ലണ്ടന്‍, ഷാങ്ഹായ്, ജക്കാര്‍ത്ത… മുങ്ങിക്കൊണ്ടിരിക്കുകയാണ് ലോകനഗരങ്ങൾ

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടാകുന്ന കടലേറ്റങ്ങളെ ഏറ്റവുമധികം ഭയപ്പെടേണ്ടത് ഏഷ്യാക്കാര്‍

മുതലാളിത്തവളർച്ച വെല്ലുവിളികളില്ലാതെ മുന്നേറുകയാണ്. കാര്യമായ തടസ്സങ്ങൾ സമീപഭാവിയിൽ ഈ വ്യവസ്ഥയുടെ അനുകൂലികള്‍ കാണുന്നില്ല. ഈ നിലയിൽ കാര്യങ്ങൾ പോകുകയാണെങ്കില്‍ രണ്ടായിരത്തി മുപ്പതാമാണ്ടോടെ ലോകജനസംഖ്യയുടെ 59 ശതമാനത്തിലധികവും ജീവിക്കുക നഗരങ്ങളിലായിരിക്കുമെന്നാണ് വിലയിരുത്തൽ. ഏഷ്യയെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിർണായകമാണ്. ഏഷ്യയില്‍ തീരപ്രദേശങ്ങളിലാണ് കൂടുതൽ നഗരങ്ങൾ സ്ഥിതി ചെയ്യുന്നത്. ഏഷ്യയുടെ നഗരജനസംഖ്യയുടെ 54% ജീവിക്കുന്നത് ഇത്തരം താഴ്ന്ന പ്രദേശങ്ങളിലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടാകുന്ന കടലേറ്റങ്ങളെ ഏറ്റവുമധികം ഭയപ്പെടേണ്ടത് ഏഷ്യാക്കാരാണെന്നു വേണമെങ്കിൽ പറയാം. കാലാവസ്ഥാ വ്യതിയാനം ഈ വൻകരയുടെ ജീവിതത്തെ അപകടകരമാംവിധം ബാധിച്ചു തുടങ്ങിയതിന്റെ സൂചനകൾ നമുക്ക് കിട്ടിക്കഴിഞ്ഞിട്ടുണ്ട്. മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളാണ് ഓരോ പ്രദേശവും നേരിട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പ്രശ്നപരിഹാരങ്ങൾക്ക് അടിസ്ഥാന ഘടന സൃഷ്ടിക്കാനുള്ള കോൺഫറൻസിന്റെ നിർദ്ദേശ പ്രകാരം ഇന്റർനാഷണൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ഈ പ്രശ്നത്തെ വളരെ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്. അതീവ നിർണായകമായ കണ്ടെത്തലുകളും നിർദ്ദേശങ്ങളുമാണ് ഈ റിപ്പോർട്ടിലുള്ളതെന്നാണ് അറിയുന്നത്. സുഡാനിൽ ഈ വരുന്ന എട്ടാംതിയ്യതി ചേരുന്ന സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിക്കപ്പെടും. കൂട്ടത്തിൽ സമീപഭാവിയിൽ തന്നെ മുങ്ങിപ്പോകാനിടയുള്ള നഗരങ്ങളെക്കുറിച്ചും റിപ്പോർട്ട് പറയുന്നുണ്ട്. കടല്‍ കയറിവരുന്നത് ഒറ്റയ്ക്കുള്ള ഒരു പ്രതിഭാസമായി നിൽക്കില്ല എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൊടുങ്കാറ്റുകളും പ്രളയവുമെല്ലാം ഈ പ്രതിഭാസത്തിനൊപ്പം എത്തിച്ചേരും.

ലോകത്തിലെ വൻനഗരങ്ങളില്‍ പലതും കടലിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകളും പഠനങ്ങളുമെല്ലാം വന്നു കൊണ്ടിരിക്കുന്നുണ്ട്. ലണ്ടൻ. ജകാർത്ത, ഷാങ്ഹായ്, ഹൂസ്റ്റൺ തുടങ്ങിയ വൻനഗരങ്ങൾക്കൊപ്പം നിരവധിയായ ചെറുനഗരങ്ങളെയും കടൽ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.

ജക്കാർത്തയാണ് ഇക്കൂട്ടത്തിൽ കെടുതികളെ ഏറ്റവും വേഗത്തിൽ നേരിടാൻ പോകുന്നത്. ലോകത്തിൽ ഏറ്റവും വേഗത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന നഗരമാണ് ജക്കാർത്ത. വർഷത്തിൽ 25.4 സെന്റിമീറ്റർ എന്ന ഭയാനകമായ നിലയിൽ കടൽ ഉയർന്നു കൊണ്ടിരിക്കുന്നു. നഗരത്തിന്റെ 40% പ്രദേശവും കടൽനിരപ്പിന് താഴെയാണ് കിടക്കുന്നത്. ഇന്തോനീഷ്യയുടെ പല തീരപ്രദേശങ്ങളും ഇതിനെക്കാളധികം വേഗത്തിൽ കടലെടുക്കുന്നുണ്ട്. അങ്ങേയറ്റം വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശം കൂടിയാണ് ജക്കാര്‍ത്ത നഗരം. ഈ നഗരത്തിലൂടെ 13 നദികളാണ് ഒഴുകുന്നത്.

ബാങ്കോക്ക് നാഗരത്തിന്റെ കാര്യവും ഗുരുതരമാണ്. വർഷത്തിൽ രണ്ട് സെന്റിമീറ്റർ എന്ന നിലയിലാണ് കടൽനിരപ്പ് ഉയർന്നു വരുന്നത്. വൻ കെട്ടിടങ്ങൾ കെട്ടിപ്പൊക്കാൻ ബാങ്കോക്ക് നഗരത്തിന്റെ ആസൂത്രകർ കാണിച്ച ഉത്സാഹം ഇപ്പോൾ ആ നഗരത്തിന് തിരിച്ചടിയായിരിക്കുയാണ്. 20 നിലകളോ അതിലധികമോ ഉള്ള 700 ആകാശക്കൊട്ടാരങ്ങൾ ഈ നഗരത്തിലുണ്ട്. നാലായിരത്തോളം കെട്ടിടങ്ങൾക്ക് 8 മുതൽ 20 വരെ നിലകളുണ്ട്. ഇവ ഭൂമിയിലുണ്ടാക്കുന്ന മർദ്ദം വളരെ വലുതാണ്. കടൽകയറ്റം ഈ നഗരത്തിന് കൂടുതൽ ദുരിതങ്ങൾ കൊണ്ടുവരുന്നതിന്റെ മറ്റൊരു കാരണം വിവേചനമില്ലാത് ഭൂഗർഭജല ചൂഷണമാണ്.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയും കടൽ‌കയറ്റത്തിന്റെ പ്രശ്നങ്ങൾ നേരിടുകയാണ്. ഇവിടെയും ഭൂഗർഭജല ചൂഷണമാണ് പ്രശ്നങ്ങളിലൊന്ന്. ഈ നഗരത്തിന്റെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ പലതും കടൽനിരപ്പിൽ നിന്ന് എട്ട് മീറ്റർ വരെ ഉയരത്തില്‍ മാത്രമാണ് നിൽക്കുന്നത്.

ലണ്ടൻ, ഷാങ്ഹായ്, ഹൂസ്റ്റൺ തുടങ്ങിയ നഗരങ്ങളും മുങ്ങിക്കൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ നഗരങ്ങൾ സ്വാഭാവികമായി നിർമിക്കപ്പെടുകയായിരുന്നു. തുറമുഖത്തിന്റെ സാന്നിധ്യവും അതുവഴിയുള്ള കച്ചവടവുമെല്ലാമാണ് പല നഗരങ്ങളും നിർമിക്കപ്പെട്ടതിന്റെ അടിസ്ഥാനം. കാലാവസ്ഥയോ ജീവിക്കാനുള്ള സൗകര്യങ്ങളോ ഒക്കെ പരിഗണിക്കപ്പെടുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇതോടൊപ്പം സുസ്ഥിരമല്ലാത്ത വികസന പരിപാടികൾ കാര്യങ്ങള്‍ ഏറെ വഷളാക്കിക്കഴിഞ്ഞു. താങ്ങി നിർത്താനുള്ള ഭൂമിയുടെ ശേഷിയും, ബിൽഡിങ്ങുകളുടെ വലിപ്പവും എണ്ണവും തമ്മിൽ കാര്യമായ ബന്ധമൊന്നുമില്ലെന്ന് കാണാൻ കഴിയും.

1.5 ഡിഗ്രി സെൽഷ്യസ് എന്ന പുതിയ മന്ത്രം

ആഗോളതാപനം സംബന്ധിച്ച് മുൻകാലത്ത് പുലർത്തിവന്ന പല ധാരണകളിലും നിർണായകമായ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. അവയിലൊന്നാണ് താപനിലയുടെ പരിധി എവിടെയായിരിക്കണം എന്നതുമായി ബന്ധപ്പെട്ടുള്ളത്. ശാസ്ത്രജ്ഞർ വാദിച്ചു വന്നിരുന്ന 2 സെൽഷ്യസ് താപനില എന്ന നിലപാടിനെ തള്ളുന്ന സിദ്ധാന്തങ്ങളും അനുഭവങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത്. 70കളിൽ തന്നെ വന്നുകൊണ്ടിരുന്ന ചില സാമ്പത്തിശാസ്ത്ര ധാരണകളെക്കൂടി ആസ്പദമായി രൂപപ്പെടുത്തിയതും പിന്നീട് 90കളിൽ യൂറോപ്പിലെ ചില രാജ്യങ്ങൾ ഒപ്പുവെച്ച ഉടമ്പടികളിൽ പരാമർശിക്കപ്പെട്ടതുമായ ധാരണയാണ് ഈ 2 ഡിഗ്രി സെൽഷ്യസ്. എന്നാൽ ലോകത്തിന് കുറെക്കൂടി സുരക്ഷിതമായ നില 1.5 ഡിഗ്രി സെൽഷ്യസ് ആണെന്ന ധാരണയിൽ ശാസ്ത്രലോകം എത്തിച്ചേർന്നിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന നഗരങ്ങളെ മുക്കിക്കൊണ്ടിരിക്കുന്ന മഞ്ഞുരുകലും മറ്റും നിരവധി രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയതോടെയാണ് തങ്ങളുടെ മുൻ കാഴ്ചപ്പാടുകൾ തിരുത്താൻ ശാസ്ത്രജ്ഞരും സാമ്പത്തികവിദഗ്ധരും പല രാജ്യങ്ങളും തയ്യാറായത്. 1.5 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് താപനില അധികരിക്കാതെ നോക്കാൻ സാധിച്ചാൽ മുങ്ങിക്കൊണ്ടിരിക്കുന്ന പല നാടുകൾക്കും പോരാടി നിൽക്കാനുള്ള ഒരു വലിയ സാധ്യതയാണ് തുറക്കപ്പെടുന്നത്.

എങ്കിലും ഇതത്ര എളുപ്പത്തിൽ കൈയെത്തിപ്പിടിക്കാവുന്ന ഒരു കാര്യമല്ലെന്ന ബോധ്യവും ശാസ്ത്രജ്ഞർക്കുണ്ട്. ഈ ലക്ഷ്യം നേടാൻ എന്തെല്ലാം ചെയ്യണമെന്നുള്ളതിലേക്ക് ഒരു ചൂണ്ടുപലക കൂടിയായിരിക്കും പുതിയ റിപ്പോർട്ട്. ലോകത്തിലെ വിവിധ സർക്കാരുകൾ എങ്ങനെയെല്ലാം സഹകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ലക്ഷ്യപ്രാപ്തി.

ലോകം ഇതിനകം തന്നെ ഒരു ഡിഗ്രിയോളം താപനിലയിലേക്ക് എത്തിക്കഴിഞ്ഞിട്ടുണ്ട്. 2040ാമാണ്ടോടെ 1.5 ഡിഗ്രി സെൽഷ്യസ് എന്ന നിലയിലേക്ക് നാമെത്തിച്ചേരും. കാർബൺ പുറന്തള്ളൽ പരമാവധി കുറയ്ക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട പോംവഴി. ഇതിന് സർക്കാരുകളോട് നേരിട്ടൊരു നിർദ്ദേശവും വെക്കാൻ ഇന്റർനാഷണൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന് പദ്ധതിയില്ല. നടപ്പാക്കിയാൽ നന്ന് എന്ന ഊന്നലോടെ ചില പദ്ധതികൾ മുമ്പോട്ടു വെക്കുക മാത്രം ചെയ്യും. ഏറ്റെടുക്കേണ്ടത് മുതലാളിത്തം പുലരുന്ന ലോകരാഷ്ട്രങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ചുമതലയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://goo.gl/nX5gNb , https://goo.gl/RmeA4S

കേരളം മുങ്ങും; ഭയക്കണം, ആഗോളതാപനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഈ മുന്നറിയിപ്പ്

കേരളത്തിലെ വെള്ളപ്പൊക്കം: ഒരു കാലാവസ്ഥാ ശാസ്ത്ര അവലോകനം

ദുരന്തങ്ങൾ ഇനിയും വരും; അവ പ്രളയത്തിന്റെ രൂപത്തിൽ തന്നെയാവണമെന്നില്ല!

ഉഷ്ണിക്കുന്ന ഉത്തരധ്രുവം; കാലാവസ്ഥയെന്ന വന്യമൃഗത്തെ കുത്തിനോവിച്ചതിന്റെ ഫലം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍