UPDATES

വിദേശം

പ്രായം കണക്കാക്കുന്ന പുരാതന രീതി മാറ്റണമെന്ന് ദക്ഷിണ കൊറിയൻ പാർലമെന്റിൽ ബില്ല്

കൊറിയയിൽ ഒരു വ്യക്തിയുടെ നിയമപരമായ പ്രായവും ദൈനംദിന ജീവിതത്തിൽ പറയുന്ന പ്രായവും രണ്ടാണ്.

പ്രായം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ഒരു പുരാതന നിയമം തിരുത്തിക്കുറിക്കുവാനുള്ള ശ്രമത്തിലാണ് ഒരു ദക്ഷിണ കൊറിയൻ എംപി. ഓരോ കുഞ്ഞും ജനിക്കുന്ന ദിവസം ഒരു വയസ്സ് തികഞ്ഞതായും, അടുത്ത പുതു വർഷത്തിൽ കുഞ്ഞിന് രണ്ടു വയസ്സും കണക്കാക്കുന്ന വിചിത്രമായ രീതിയാണ് ദക്ഷിണ കൊറിയയിലുള്ളത്. അതായത്, പുതുവർഷത്തിന്റെ തലേദിവസം വൈകുന്നേരം ഒരു കുഞ്ഞു ജനിച്ചാൽ അന്ന് രാത്രി പന്ത്രണ്ടു മണിയാവുമ്പോൾ ആ കുഞ്ഞിന് 2 വയസ്സാകും എന്നു സാരം.

വിദേശികളാരെങ്കിലും ഒരു കൊറിയാക്കാരന്റെ വയസ്സു ചോദിച്ചാൽ അവർ ‘അന്താരാഷ്ട്ര പ്രായം’ പറയണോ ‘കൊറിയൻ പ്രായം’ പറയണോ എന്നു തിരിച്ചു ചോദിക്കും. എന്നുമുതലാണ് ഈ ആചാരം തുടങ്ങിയതെന്ന് വ്യക്തമല്ല. ഒരു സിദ്ധാന്ത പ്രകാരം, ഒരു സ്ത്രീ കുഞ്ഞിനെ ഗർഭം ധരിക്കുന്ന കാലംമുതൽതന്നെ പ്രായം കണക്കാക്കി തുടങ്ങുമെന്നും അതുകൊണ്ടാണ് ജനിച്ച അന്ന് ഒരു വയസ്സായി കണക്കാക്കുന്നത് എന്നുമാണ്. മറ്റുചിലർ പൂജ്യം എന്ന ആശയം ഇല്ലാതിരുന്ന ഒരു പുരാതന ഏഷ്യൻ സംഖ്യാ സമ്പ്രദായവുമായി ഇതിനെ ബന്ധിപ്പിക്കുന്നു. എന്നാൽ അതിന്റെകൂടെ ജനുവരി ഒന്നാം തിയ്യതിയും കൂട്ടി അധികമായി ഒരു വയസ്സ് കൂട്ടിച്ചേർക്കുന്നതിനെ കുറിച്ച് ലഭിക്കുന്ന വിശദീകരണങ്ങൾ അതിലും സങ്കീർണമാണ്.

എന്തായാലും ഈ പരിപാടി അവസാനിപ്പിക്കുവാനുള്ള കാലമായെന്നാണ് ജനപ്രതിനിധിയായ ഹുവാംഗ് ജു-ഹാംഗ് പറയുന്നത്. ഒരു വ്യക്തിയുടെ നിയമപരമായ പ്രായവും ദൈനംദിന ജീവിതത്തിൽ പറയുന്ന പ്രായവും രണ്ടാണ് എന്നതാണ്‌ വലിയ പ്രശ്‌നമെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് അന്താരാഷ്ട്ര തലത്തിൽ പിന്തുടരുന്ന അതേ രീതിതന്നെ സർക്കാരിന്റെ ഔദ്യോഗിക രേഖകളിലും ഉപയോഗിക്കണമെന്നാണ് ജു-ഹാംഗ് അവതരിപ്പിച്ച ബില്ലിന്റെ കാതൽ.

പൊതുജനങ്ങളും മറ്റുള്ള എംപി-മാരും ഈ ആശയത്തെ പിന്തുണക്കണമെന്ന്‌ ജു-ഹാംഗ് ആവശ്യപ്പെടുന്നു. കുട്ടികളെ സ്‌കൂളിൽ ചേർക്കുന്ന സമയത്തെല്ലാം എന്തെങ്കിലും പ്രശ്‌നം നേരിടേണ്ടി വരുമോ എന്ന ആശങ്കയാണ് എല്ലാവർക്കും. അതാണ് പുതിയ നീക്കത്തോട് പലരും തണുപ്പൻ മട്ടിൽ പ്രതികരിക്കുന്നത് എന്നാണ് ജു-ഹാംഗ് വിലയിരുത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍