UPDATES

വിദേശം

ഭീകരാക്രമണത്തിന് പിന്നാലെ ശ്രീലങ്കയില്‍ മുസ്ലീം പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം; സോഷ്യല്‍ മീഡിയയ്ക്ക് പൂര്‍ണ വിലക്ക്

വൈബർ, ഐഎംഓ, സ്നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം, യൂടൂബ് തുടങ്ങിയ ആപ്പുകള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധനം ഏർപ്പാടാക്കണമെന്ന് അധികൃതരാവശ്യപ്പെട്ടതായി ശ്രീലങ്കയിലെ പ്രധാന മൊബൈൽ ഫോൺ ഓപ്പറേറ്ററായ ഡയലോഗ് പറഞ്ഞു.

ശ്രീലങ്കയിൽ വാട്സാപ്പ്, ഫേസ്ബുക്ക് എന്നീ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്ക് താൽക്കാലിക നിരോധനം. മുസ്ലിം പള്ളികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും നേരെ ആക്രമണമുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരെ നടന്ന ഭീകരാക്രമണത്തിനു പിന്നാലെയാണ് മുസ്ലിം പള്ളികളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചുള്ള, ചെറിയവയെങ്കിലും തുടർച്ചയായ ആക്രമണം നടക്കുന്നത്.

ക്രിസ്ത്യാനികൾ തിങ്ങിപ്പാർക്കുന്ന ചിലോ പട്ടണത്തിലാണ് മുസ്ലിം പള്ളികള്‍ക്കും വ്യാപാരസ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടന്നത്. ആളുകൾ കല്ലെറിയുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഒരാൾക്ക് മർദ്ദനമേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.

ഒരു ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. അബ്ദുൾ ഹമീദ് മൊഹമ്മദ് ഹംസർ എന്നയാളാണ് ഈ പോസ്റ്റിട്ടത്. ‘ഒരു ദിവസം നിങ്ങൾ കരയും’ എന്നായിരുന്നു പോസ്റ്റ്. ഇത് അക്രമത്തിനുള്ള ആഹ്വാനമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു.

ഇന്നലെയും ഇന്നുമായി നിരവധി പേരെ മുസ്ലിം സ്ഥാപനങ്ങളെ ആക്രമിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ തെരുവിലിറങ്ങുകയുണ്ടായി. ഇതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി പൊലീസ് കർഫ്യൂ പ്രഖ്യാപിച്ചു.

നിരവധി മുസ്ലിം വീടുകൾക്കു നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. ഇതിൽ അറസ്റ്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്തെ സോഷ്യൽ മീഡിയയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. വൈബർ, ഐഎംഓ, സ്നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം, യൂടൂബ് തുടങ്ങിയ ആപ്പുകള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധനം ഏർപ്പാടാക്കണമെന്ന് അധികൃതരാവശ്യപ്പെട്ടതായി ശ്രീലങ്കയിലെ പ്രധാന മൊബൈൽ ഫോൺ ഓപ്പറേറ്ററായ ഡയലോഗ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍