UPDATES

വിദേശം

തമിഴ് ന്യൂനപക്ഷത്തെ കൂട്ടക്കൊല ചെയ്തതിൽ ആരോപണമേറ്റ ശവേന്ദ്ര സിൽവ ഇനി ശ്രീലങ്കൻ കരസേനാ മേധാവി

യുദ്ധത്തിന്‍റെ അവസാനമാസങ്ങളിൽ മാത്രം 45000-ത്തോളം തമിഴ് വംശജർ കൊല്ലപ്പെട്ടതായാണ് യു.എൻ. റിപ്പോര്‍ട്ട്.

ഇരുപത്താറുവർഷം നീണ്ട ആഭ്യന്തരയുദ്ധത്തിൽ ക്രൂരമായ മനുഷ്യാവകാശലംഘനങ്ങൾ നടത്തിയെന്ന് മേജര്‍ ജനറല്‍ ശവേന്ദ്ര സിൽവയെ ശ്രീലങ്കയുടെ പുതിയ കരസേനാ മേധാവിയായി പ്രസിഡന്റ് മൈത്രിപാല സിരിസേന നിയമിച്ചു. നിലവിലെ സൈനികമേധാവി ലെഫ്റ്റനന്റ് ജനറൽ മഹേഷ് സേനാനായകെയിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുക്കുക. തമിഴ് പുലികളുമായി 2009 ലെ അന്തിമയുദ്ധത്തിൽ കരസേനയുടെ 58-ാം ഡിവിഷൻ നയിച്ചത് ശവേന്ദ്ര സിൽവയായിരുന്നു. തമിഴ് ന്യൂനപക്ഷത്തെ കൂട്ടക്കൊല ചെയ്തുവെന്നതിന്റെ പേരിൽ അന്ന് ഏറെ പഴികേട്ട സൈനികോദ്യോഗസ്ഥനാണ്.

യുദ്ധത്തിന്‍റെ അവസാനമാസങ്ങളിൽ മാത്രം 45000-ത്തോളം തമിഴ് വംശജർ കൊല്ലപ്പെട്ടതായാണ് യു.എൻ. റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്. ആശുപത്രികളില്‍പോലും ഷെല്ലാക്രമണം നടത്തി എല്ലാ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിച്ചുവെന്ന കടുത്ത ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നത്. എന്നാല്‍ എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചിട്ടുമുണ്ട്.

‘സിൽവയെ ശ്രീലങ്കൻ ആർമിയുടെ കമാൻഡറായി നിയമിച്ചതിൽ ഞാൻ ദുഃഖിതനാണ്. യുദ്ധകാലത്ത് അന്താരാഷ്ട്ര മനുഷ്യാവകാശവും മാനുഷിക നിയമങ്ങളും ലംഘിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹത്തിനും മറ്റു സൈനികർക്കുമെതിരെ ഉന്നയിക്കപ്പെട്ടിരുന്നത്’ എന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ (ഒഎച്ച്സിഎച്ച്ആർ) മിഷേൽ ബാച്ചലെറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ശ്രീലങ്കൻ സേനയുടെ മനുഷ്യാവകാശധ്വംസനങ്ങൾ പുറത്തുകൊണ്ടുവന്ന, 2013-ൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ പാസാക്കിയ, പ്രമേയത്തിലും ശവേന്ദ്രയുടെ പേര് പ്രതിപാദിക്കുന്നുണ്ട്.

സിൽവയുടെ നിയമനം രാജ്യത്തിന് വളരെയധികം നഷ്ടമാണ് ഉണ്ടാക്കുകയെന്നാണ് യുദ്ധകാല കുറ്റകൃത്യങ്ങളെകുറിച്ച് അന്വേഷിക്കുന്ന സംഘടനയായ ഇന്റർനാഷണൽ ട്രൂത്ത് ആൻഡ് ജസ്റ്റിസ് പ്രോജക്റ്റ് പറഞ്ഞത്. ‘ഒരുപാട് രക്തച്ചൊരിച്ചിലുകള്‍ക്ക് ശേഷം ഇനിയും ആവർത്തിച്ചുള്ള അക്രമങ്ങൾ ഉണ്ടാവാതിരിക്കണമെങ്കില്‍ ഉത്തരവാദികളായ നേതാക്കള്‍ക്കെതിരെയാണ് ശ്രീലങ്ക നടപടിയെടുക്കേണ്ടത്. എന്നാല്‍ അതിനുപകരം സില്‍വയെപോലുള്ളവര്‍ക്ക് നല്‍കുന്ന സ്ഥാനക്കയറ്റം ആ ശിക്ഷാനടപടികള്‍ എങ്ങിനെ ആയിരിക്കുമെന്നതിന്‍റെ വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്’ എന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ യാസ്മിൻ സൂക പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍