UPDATES

വിദേശം

റഷ്യൻ എൽജിബിടി പ്രവർത്തക കുത്തേറ്റ് മരിച്ച നിലയിൽ; വധഭീഷണികളിൽ പൊലീസ് നടപടിയുണ്ടായില്ലെന്ന് ആരോപണം

ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് ഔദ്യോഗിക വിശദീകരണം.

സെയിന്റ് പീറ്റേഴ്‌സ്ബർഗില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീ പ്രശസ്തയായ സാമൂഹ്യ പ്രവര്‍ത്തകയാണെന്ന് റിപ്പോര്‍ട്ട്. എൽ.‌ജി.ബി.ടി-ക്കാരുടെ സുരക്ഷക്കും സംരക്ഷണത്തിനുംവേണ്ടി നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച അവര്‍ക്ക് നിരവധി വധഭീഷണികള്‍ നേരിടേണ്ടി വന്നിരുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

കത്തി കൊണ്ടുള്ള ഒന്നിലധികം മുറിവുകളുമായി 41 കാരിയുടെ മൃതദേഹം സെന്റ് പീറ്റേഴ്‌സ്ബർഗിൽനിന്നും കണ്ടെത്തിയെന്നും, ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പ്രാദേശിക ആക്ടിവിസ്റ്റായ യെലീന ഗ്രിഗോറിയേവയുടെ മൃതദേഹമാണ് അതെന്ന് നഗരത്തിലെ മറ്റ് ആക്ടിവിസ്റ്റുകളും മാധ്യമ റിപ്പോർട്ടുകളും സാക്ഷ്യപ്പെടുത്തുന്നു. എൽ.ജി.ബി.ടി അവകാശങ്ങള്‍ക്കും, ഉക്രേനിയൻ രാഷ്ട്രീയ തടവുകാരുടെ സ്വാതന്ത്ര്യത്തിനും ഉള്‍പ്പടെ ആധുനിക റഷ്യയില്‍ പ്രസിദ്ധിനേടാത്ത നിരവധി സമരപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു അവര്‍.

ജനാധിപത്യവാദിയും, യുദ്ധവിരുദ്ധയും, എൽ.ജി.ബി.ടി ആക്ടിവിസ്റ്റുമായ യെലീന ഗ്രിഗോറിയേവയെ അവളുടെ വീടിനടുത്ത് ക്രൂരമായി കൊലപ്പെടുത്തിയതായി കണ്ടെത്തിയെന്ന് അവര്‍ക്കുവേണ്ടി ശബ്ദിക്കുന്ന പ്രധാന ആക്ടിവിസ്റ്റുകളില്‍ ഒരാളായ ദിനാർ ഇദ്രിസോവ് ഫേസ്ബുക്കിൽ കുറിച്ചു. അവര്‍ നേരിട്ട വധഭീഷണികളെകുറിച്ച് പോലീസിനെ കൃത്യസമയത്ത് അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടികളും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. അടുത്തിടെ റഷ്യയില്‍ നിരോധിച്ച ഒരു വെബ്സൈറ്റ് പ്രസിദ്ധീകരിച്ച എൽ.ജി.ബി.ടി പ്രവർത്തകരുടെ പട്ടികയിൽ ഗ്രിഗോറിയേവയുടെ പേരും ഉണ്ടായിരുന്നു. അവർക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് വെബ്സൈറ്റ് ആഹ്വാനം ചെയ്തിരുന്നത്.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് എകറ്റെറിൻബർഗ് നഗരത്തിലെ ഒരു എൽ.ജി.ബി.ടി റിസോഴ്‌സ് സെന്ററിലെ പ്രവർത്തകർക്കും ഭീഷണിക്കത്ത് ലഭിച്ചതായി അവര്‍ പറഞ്ഞു. സെന്‍റര്‍ അടച്ചുപൂട്ടിയില്ലെങ്കില്‍ ‘വളരെ മോശവും സങ്കടകരവുമായ എന്തെങ്കിലും’ സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന കത്തായിരുന്നു അത്. അടുത്ത കാലത്തായി ഗ്രിഗോറിയേവയുടെ ഫേസ്ബുക്ക് പോസ്റ്റുകളിലെല്ലാം പ്ലക്കാർഡുകളുമായി വിവിധ റാലികളിലും പ്രതിഷേധങ്ങളിലും അവര്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങളാണ് ഉള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍