UPDATES

വിദേശം

“യുഎസ്സിൽ ഒരു സാമ്പത്തിക മഹാത്ഭുതം സംഭവിക്കുകയാണ്. അതിനെ തടുക്കാൻ കഴിയുന്ന ഒരേയൊരു കാര്യമേ ഇന്നുള്ളൂ”: സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തില്‍ ട്രംപ്

ഡെമോക്രാറ്റുകൾക്കെതിരെ കടുത്ത ഭാഷയിൽ ആക്രമണം നടത്തി ഏതാനും മണിക്കൂറുകൾക്കു ശേഷമാണ് ട്രംപ് ഈ പ്രസ്താവനകളും ആഹ്വാനങ്ങളും നടത്തിയതെന്നതാണ് വിശേഷം.

“യുഎസ്സിൽ ഒരു സാമ്പത്തിക മഹാത്ഭുതം സംഭവിക്കുകയാണ്. അതിനെ തടുക്കാൻ കഴിയുന്ന ഒരേയൊരു കാര്യമേ ഇന്നുള്ളൂ. അത് വിഡ്ഢിത്തം നിറഞ്ഞ രാഷ്ട്രീയ യുദ്ധങ്ങളും അപഹാസ്യമായ രാഷ്ട്രീയ ചായ്‌വുകളുള്ള അന്വേഷണങ്ങളുമാണത്.” —സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡണ്ട് ഡോണൾ‌ഡ് ട്രംപ് പറഞ്ഞു. മെക്സിക്കൻ അതിർത്തി പ്രശ്നവും തൊഴിലില്ലായ്മയും തുടങ്ങി നിരവധി പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ മൂർത്തമായ ഒരു മതിലിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. യുഎസ്-മെക്സിക്കോ അതിർത്തി ഒരു ‘അടിയന്തിര ദേശീയ പ്രതിസന്ധി’യാണെന്ന് ട്രംപ് പറഞ്ഞു. ദീർഘകാലത്തെ ആവശ്യമായ മെക്സിക്കോ അതിർത്തിയിലെ മതിലിന് അനുമതി നൽകണമെന്ന് കോൺഗ്രസ്സിനോട് ആഹ്വാനം ചെയ്തു.

മൂർത്തമായ ഒരു മതില്‍ അതിർത്തിയിൽ ആവശ്യമാണെന്നതിന് ഒരു ന്യായവും അദ്ദേഹം നൽകി. അമേരിക്കൻ തൊഴിലാളി വർഗമാണ് ഇതിൽ കഷ്ടപ്പെടാൻ പോകുന്നത്. അവർക്ക് തൊഴിൽ നഷ്ടപ്പെടും. കുറ്റകൃത്യങ്ങൾ വർധിക്കും. സ്കൂളുകളും ആശുപത്രികളും തിരക്ക് കൂടും.

തന്നിൽ പെരുമാറ്റദൂഷ്യമാരോപിച്ചും, ഭരണത്തിൽ അഴിമതിയാരോപിച്ചും, സാമ്പത്തിക ക്രമക്കേടുകളാരോപിച്ചും നടത്തുന്ന അന്വേഷണങ്ങളെ അപഹാസ്യമെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇതുകൊണ്ട് ബുദ്ധിമുട്ടുന്നത് സാധാരണക്കാരായ അമേരിക്കക്കാർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഹൗസ് സ്പീക്കർ നാൻസി പെലോസിയും ട്രംപിന്റെ പ്രസംഗം കേൾക്കാൻ സന്നിഹിതയായിരുന്നു.

നാൻസി പെലോസിയുടെ ഇരിപ്പിനെ ദി വാഷിങ്ടൺ പോസ്റ്റിന്റെ ലേഖകർ ‘കല്ലിന്റെ ഭാവ’മെന്നാണ് വിശേഷിപ്പിച്ചത്. ഹൗസ് സ്പീക്കറായി സ്ഥാനമേറ്റെടുത്തതിനു പിന്നാലെ ട്രംപുമായി നിരവധി പ്രശ്നങ്ങളിലേർപ്പെടേണ്ടി വന്നിരുന്നു നാൻസി പെലോസിക്ക്. ട്രംപിന്റെ മിക്ക പ്രസ്താവനകൾക്കും ഡെമോക്രാറ്റ്-റിപ്പബ്ലിക്കൻ സീറ്റുകളിൽ‌ നിന്നും വേറിട്ടാണ് പ്രതികരണങ്ങൾ എത്തിയതെങ്കിലും ചിലയിടങ്ങളിൽ അതിൽ വ്യത്യാസമുണ്ടായി. കുട്ടികളിലെ കാൻസറിനെയും എച്ചഐവിയെയും അടുത്ത പത്തു വർഷത്തിനുള്ളിൽ നിർമാർജനം ചെയ്യുമെന്ന പ്രസ്താവനയ്ക്ക് രണ്ട് വിഭാഗങ്ങളിൽ നിന്നും കൈയടി ലഭിച്ചു. തനിക്കെതിരായി നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ പകപോക്കലിന്റെ രാഷ്ട്രീയമാണെന്ന് ട്രംപ് വ്യാഖ്യാനിച്ചു. സഹകരണത്തിന്റെ അവധിയില്ലാത്ത സാധ്യതകളെ പുൽകാൻ കോൺഗ്രസ്സ് തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഡെമോക്രാറ്റുകൾക്കെതിരെ കടുത്ത ഭാഷയിൽ ആക്രമണം നടത്തി ഏതാനും മണിക്കൂറുകൾക്കു ശേഷമാണ് ട്രംപ് ഈ പ്രസ്താവനകളും ആഹ്വാനങ്ങളും നടത്തിയതെന്നതാണ് വിശേഷം. സെനറ്റ് മൈനോരിറ്റി ലീഡറായ ചാൾസ് ഇ ഷൂമറിനെ ‘പട്ടിക്ക് പിറന്ന കെട്ടവന്‍’ എന്ന് വിശേഷിപ്പിച്ചത് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം നടക്കുന്നതിന് എട്ട് മണിക്കൂർ മുമ്പ് മാത്രമായിരുന്നു. മുൻ വൈസ് പ്രസിഡണ്ട് ജോ ബിഡെനെ ട്രംപ് ‘പൊട്ടൻ’ എന്നും വിശേഷിപ്പിച്ചു ട്രംപ്. വിർജീനിയ ഗവർണർ റാൽഫ് നോർഥാം തനിക്കെതിരായ ഒരു വംശീയതാ ആരോപണത്തിൽ വിശദീകരണം നടത്താനായി വിളിച്ചു കൂട്ടിയ വാര്‍ത്താ സമ്മേളനത്തിലിരുന്ന് ‘പട്ടിയെപ്പോലെ അണയ്ക്കുകയായിരുന്നു’വെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു.

മെക്സിക്കൻ അതിർത്തിയിലെ ട്രംപിന്റെ സ്വപ്നമതിൽ യാഥാർത്ഥ്യമാക്കാൻ കോൺഗ്രസ്സിന്റെ അനുമതി ലഭിക്കാഞ്ഞതിനെ തുടർന്ന് 35 ദിവസത്തോളം നീണ്ട ഭാഗിക പ്രവർത്തന സ്തംഭനം പ്രഖ്യാപിച്ചിരുന്നു ട്രംപ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമുള്ള പ്രവർത്തന സ്തംഭനമായിരുന്നു ഇത്. ആയിരക്കണക്കിന് യുഎസ് സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത്രയും നാള്‍ തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ടു. മതിൽ നിർമാണത്തിന് പണം നൽകാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ഡെമോക്രാറ്റുകൾ. ഫെഡറൽ ഫണ്ടുകള്‍ വകമാറ്റുന്നതിനായി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതു വരെ ട്രംപ് ആലോചിക്കുകയുണ്ടായി. ഇതിനെക്കാൾ കുറഞ്ഞ പ്രാധാന്യമുള്ള വിഷയങ്ങളിൽ വരെ തന്റെ മുൻഗാമികൾ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ വാദം. ഇപ്പോഴും ഇക്കാര്യം ട്രംപിന്റെ സജീവ പരിഗണനയിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഇതിനോട് റിപ്പബ്ലിക്കൻ-ഡെമോക്രാറ്റ് അംഗങ്ങൾ ശക്തമായ എതിർപ്പാണ് ഉന്നയിക്കുന്നത്.

തന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം കേൾക്കാനായി ഗാലറിയിലിരിക്കുന്നവരെക്കുറിച്ചും ട്രംപ് ഒടുവിലായി സംസാരിക്കുകയുണ്ടായി. ഇക്കൂട്ടത്തില്‍ നെവാഡയിലെ ഒരു കുടുംബവുമുണ്ടായിരുന്നു. ഇവരുടെ ബന്ധുക്കളെ ഒരു അനധികൃത കുടിയേറ്റക്കാരൻ കൊലപ്പെടുത്തിയിരുന്നു. ഡെമോക്രാറ്റുകളും തങ്ങളുടെ രാഷ്ട്രീയ പ്രതിനിധാനങ്ങളെ ഗാലറിയിലെത്തിച്ചിരുന്നു. ഒരു ലൈംഗികാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടയാളും, പ്രവർത്തന സ്തംഭന കാലത്തിന്റെ ഇരകളും, ഒരു കാലാവസ്ഥാ വ്യതിയാന ശാസ്ത്രജ്ഞനും, ട്രംപിന്റെ ഗോൾഫ് ക്ലബ്ബുകളിലൊന്നിൽ നിന്നും പിരിച്ചുവിടപ്പെട്ട കുടിയേറ്റക്കാരനുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍