UPDATES

വിദേശം

സുഡാനിൽ സൈന്യവും പൊതുജന പ്രതിപക്ഷവും പരമാധികാര സമിതി രൂപീകരിച്ചു; 39 മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പിന് ഉടമ്പടി

പുതുതായി നിയമിതനായ പ്രധാനമന്ത്രി അബ്ദുല്ല ഹംഡോക്കിന് താൻ നേരിടാന്‍ പോകുന്ന വെല്ലുവിളിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ല.

സുഡാനില്‍ സൈനിക ഭരണകൂടവും പൊതുജന പ്രതിപക്ഷവും ചേർന്ന പരമാധികാര സമിതി രൂപീകൃതമായി. 5 പൊതുജന പ്രതിനിധികളും 5 സൈനീക പ്രതിനിധികളും ഉൾപ്പെട്ടതാണ് സമിതി. അദ്ധ്യക്ഷനായി പതിനൊന്നാമത് ഒരാളുമുണ്ടാകും. ആദ്യം സൈന്യത്തിന്റെ ഭാഗത്തു നിന്നും, പിന്നീട് പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്നും അയാളെ തിരഞ്ഞെടുക്കാനാണ് ധാരണ. അതോടെ 39 മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ നടപടികൾ ആരംഭിക്കാനുള്ള ഉടമ്പടി കഴിഞ്ഞയാഴ്ച ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു. ഇനി ഒരു ടെക്നോക്രാറ്റിക് സർക്കാർ രൂപീകരിക്കുകയും ഒരു ഇടക്കാല ദേശീയ അസംബ്ലി നിയമിക്കുകയും ചെയ്യും.

ഏകാധിപതിയായ പ്രസിഡന്റ് ഒമര്‍ അല്‍ ബാശിറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്ന് സൈന്യം അധികാരം ഏറ്റെടുക്കുകയായിരുന്നു. ഒരു ജനകീയ സര്‍ക്കാരിന് അധികാരം കൈമാറുന്നതിനുള്ള സമയപരിധി മെയ് മാസത്തില്‍ അവസാനിച്ചതാണ്. എന്നാല്‍, ഭരണമാറ്റത്തിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിന്റെ നേട്ടം സൈന്യം തട്ടിയെടുക്കാന്‍ ശ്രമിച്ചു. ശക്തമായ പോരാട്ടങ്ങള്‍ക്കൊടുവിലാണ് സുഡാന്‍ ജനത അവരുടെ ജാനാധിപത്യാവകാശങ്ങള്‍ പിടിച്ചു വാങ്ങിയത്.

സുഡാന്റെ ആഴത്തിലുള്ള രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് ഇപ്പോഴും ശ്രമകരമായ കാര്യമായി തുടരുകയാണ്. പുതുതായി നിയമിതനായ പ്രധാനമന്ത്രി അബ്ദുല്ല ഹംഡോക്കിന് താൻ നേരിടാന്‍ പോകുന്ന വെല്ലുവിളിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ല. ആഫ്രിക്കൻ വികസന ബാങ്കിലും ആഫ്രിക്കക്കുവേണ്ടി യുഎൻ ഇക്കണോമിക് കമ്മീഷനിലും ജോലി ചെയ്തിട്ടുള്ള ഒരു സാമ്പത്തിക വിദഗ്ധനാണ് അദ്ദേഹം. വരും ദിവസങ്ങളിൽ സമാനമായ, നിഷ്പക്ഷരും കഴിവുറ്റവരുമായ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന മന്ത്രിസഭ അദ്ദേഹം രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അധികാരമേറ്റ ശേഷം നടത്തിയ പ്രസംഗത്തിൽ രണ്ടു കാര്യങ്ങള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഹംഡോക്ക് പറഞ്ഞിരുന്നു. സമ്പദ്‌വ്യവസ്ഥയും, സമാധാനവുമാണത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സുഡാൻ. ദൈനംദിന ജീവിതച്ചെലവ് താങ്ങാവുന്നതിലും അപ്പുറമായതോടെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയതും, ബാശിറിനെ പുറത്താക്കിയതും. ജനങ്ങളുടെ ശമ്പളം റൊട്ടി വാങ്ങാന്‍ പോലും തികയുന്നില്ല. വ്യാപാരികൾക്കും കർഷകർക്കും ഇന്ധനം ലഭിക്കുന്നില്ല. ബാങ്കുകളും എടിഎമ്മുകളും തുച്ഛമായ തുകയാണ് നല്‍കുന്നത്. പണപ്പെരുപ്പവും ക്ഷാമവുംകൊണ്ട് സുഡാനികള്‍ വീര്‍പ്പുമുട്ടുകയാണ്. കറന്‍സിയുടെ മൂല്യവും കഴിഞ്ഞ കുറേക്കാലമായി കൂപ്പുകുത്തിയ നിലയില്‍തന്നെയാണ്. ഈ അവസ്ഥയെ തരണം ചെയ്യുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അബ്ദുല്ല ഹംഡോക്കിന്‍റെ മന്ത്രി സഭയുടെ മുന്‍പിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍