സൈന്യത്തിന്‍റെ നീക്കം തീര്‍ത്തും നിരാശാജനകമാണെന്ന് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ‘അലയന്‍സ് ഫോര്‍ ഫ്രീഡം ആന്‍റ് ചെയ്ഞ്ചി’ന്‍റെ നേതാക്കള്‍ പറഞ്ഞു.
സുഡാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. ഏകാധിപതിയായ പ്രസിഡന്‍റ് ഒമര്‍ അല്‍ ബാശിറിനെ ജനകീയ പ്രക്ഷോപത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്ന് സൈന്യം അധികാരം ഏറ്റെടുത്തു. എന്നാല്‍ ഒരു ജനകീയ സര്‍ക്കാരിന് അധികാരം കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൈന്യത്തിനെതിരെ ജനകീയ സമരം തുടരുകയാണ്. പലയിടങ്ങളിലും അത് അക്രമങ്ങളില്‍ കലാശിച്ചിരുന്നു. അതോടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 72 മണിക്കൂര്‍ സമയത്തേക്ക് മരവിപ്പിക്കാനുള്ള തീരുമാനത്തിലാണ് സൈന്യം.
ഭരണമാറ്റത്തിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിന്‍റെ നേട്ടം സൈന്യം തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി തുടക്കംമുതല്‍ ആക്ഷേപമുണ്ട്. പട്ടാളവും പ്രക്ഷോഭകരും തമ്മില്‍ മൂന്നു വർഷത്തേക്ക് സുഡാനിൽ പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള കരാര്‍ കഴിഞ്ഞ ദിവസമായിരുന്നു ഒപ്പുവക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് അടുത്ത 72 മണിക്കൂര്‍ ചര്‍ച്ചകള്‍ ഒന്നും നടത്തുന്നില്ല എന്ന് പട്ടാള മേധാവി ജനറൽ അബ്ദുൽ ഫത്താഹ് ബുർഹാൻ പ്രഖ്യാപിക്കുകയായിരുന്നു.
സൈന്യത്തിന്‍റെ നീക്കം തീര്‍ത്തും നിരാശാജനകമാണെന്ന് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ‘അലയന്‍സ് ഫോര്‍ ഫ്രീഡം ആന്‍റ് ചെയ്ഞ്ചി’ന്‍റെ നേതാക്കള്‍ പറഞ്ഞു. നടപടിയില്‍ പ്രകോപിതരായ ജനങ്ങള്‍ പട്ടാള ആസ്ഥാനത്തടക്കം പ്രതിഷേധവുമായി രംഗത്തെത്തി. സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പ് നടന്നതായും വാര്‍ത്തകളുണ്ട്. അക്രമത്തെ തുടര്‍ന്ന് സൈന്യവും പ്രതിപക്ഷവും പരസ്പരം കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തി.
പൂര്‍ണ സിവിലിയന്‍ നിയന്ത്രിത സര്‍ക്കാര്‍ വേണമെന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. അതിനിടെ, പുറത്താക്കപ്പെട്ട പ്രസിഡന്റ് ഒമർ അൽ ബഷീറിനെ ഉത്തര ഖാർതൂമിലെ കോബർ ജയിലിലേക്കു മാറ്റി. മൂന്ന് പതിറ്റാണ്ടോളം അദ്ദേഹം ഏകാധിപതിയായി ഭരിക്കുകയായിരുന്നു. പ്രക്ഷോഭത്തില്‍ ഇതുവരെ 90 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് സുഡാനിലെ ഡോക്ടർമാരുടെ സെൻട്രൽ കമ്മിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.