UPDATES

വിദേശം

പട്ടാള ഭരണത്തിനെതിരെ സുഡാനിൽ തൊഴിലാളികളുടെ ‘റൊട്ടി പ്രക്ഷോഭം’: 19 പേർ കൊല്ലപ്പെട്ടു

ഇന്റർനെറ്റ് സേവനങ്ങൾ ബന്ദാക്കിയിരിക്കുകയാണ് സർക്കാർ. പ്രക്ഷോഭത്തിൽ മരണ സംഖ്യ ഇതുവരെ 37 കടന്നു.

രാജ്യത്ത് റൊട്ടിയുടെ വില ഉയരുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ അടിച്ചമർത്താൻ സുഡാനിലെ കലാപവിരുദ്ധ സേന നടത്തിയ നടപടിയിൽ 17 പ്രക്ഷോഭകർ കൊല്ലപ്പെട്ടു. രണ്ട് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

സൈനിക നടപടിയിൽ 219 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സർക്കാർ വക്താവ് ബോഷണ ജുമ അറിയിച്ചു. ഡിസംബർ 19നാണ് റൊട്ടി പ്രക്ഷോഭം തുടങ്ങിയത്.

അതെസമയം റൊട്ടിവില കൂടുന്നതിനെതിവരെ സമരം നടത്തുന്നവർക്കൊപ്പം സുഡാനീസ് മാധ്യമപ്രവർത്തകരും ചേർന്നതായി റിപ്പോർട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർ സമരത്തിനിറങ്ങുകയും ചെയ്തു. മൂന്നു ദിവസത്തെ സമരമാണ് മാധ്യമപ്രവര്‍ത്തകർ പ്രഖ്യാപിച്ചത്. അതെസമയം പ്രക്ഷോഭകര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുന്ന ഒമർ അൽ ബാഷിർ സർക്കാരിന് ഈജിപ്ത് പിന്തുണ അറിയിച്ചിട്ടുണ്ട്.

പ്രക്ഷോഭം റൊട്ടിക്കു വേണ്ടി മാത്രമല്ല

റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ പ്രകാരം റൊട്ടിക്കു വേണ്ടിയുള്ള സമരം മാത്രമല്ല സുഡാനിൽ നടക്കുന്നതെന്നാണ് മനസ്സിലാക്കേണ്ടത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി രാജ്യത്ത് തുടരുന്ന പട്ടാളഭരണത്തിനെതിരായ ജനവികാരമാണ് ഉയരുന്നത്. ഈജിപ്ത് പിന്തുണയുമായി രംഗത്തെത്തിയതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. പ്രക്ഷോഭകരുടെ മുദ്രാവാക്യങ്ങളിലൊന്ന് “സ്വാതന്ത്ര്യം, സമാധാനം, നീതി; സർക്കാർ തുലയട്ടെ” എന്നിങ്ങനെയാണ്.

1989ലെ പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയയയാളാണ് പ്രസിഡണ്ട് ഒമർ ഹസ്സൻ അൽ ബാഷിർ. സമരക്കാർ ഇദ്ദേഹത്തിന്റെ പാർട്ടിയായ നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ ആസ്ഥാനമന്ദിരത്തിന് തീയിടുകയുണ്ടായി. ഇതിനോട് തോക്കു കൊണ്ടാണ് സൈന്യം പ്രതികരിച്ചത്. ഇതിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു.

രാജ്യത്തെ നഗരങ്ങളിൽ അടിയന്തിരാവസ്ഥയോ നിരോധനാജ്ഞയോ പ്രഖ്യാപിച്ച് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങൾ ബന്ദാക്കിയിരിക്കുകയാണ് സർക്കാർ. പ്രക്ഷോഭത്തിൽ മരണ സംഖ്യ ഇതുവരെ 37 കടന്നു.

സാമ്പത്തിക പ്രതിസന്ധി

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ പ്രതിസന്ധിയിലാണെന്നതാണ് റൊട്ടി സമരത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന്. നിലവിലെ ഭരണകക്ഷിയായ എൻസിപി അധികാരത്തിൽ നിന്നും പുറത്തിറങ്ങുകയാണ് സമരക്കാരുടെ പ്രധാന ആവശ്യം. പ്രതിപക്ഷത്തിലുള്ളവരടക്കം ചേരുന്ന രാഷ്ട്രീയക്കാരുടെയും സമ്പന്നരുടെയും ചെറിയൊരു സംഘമാണ് രാജ്യത്തെ ഇപ്പോൾ നിയന്ത്രിക്കുന്നതെന്നും ഇവരെ തൂത്തെറിയേണ്ടതുണ്ടെന്നും പ്രക്ഷോഭകർ കരുതുന്നു. അവശ്യവസ്കതുവായ റൊട്ടിയുടെ വില വൻതോതിൽ ഉയർന്നത് ഈ പ്രക്ഷോഭത്തിന്റെ പെട്ടെന്നുണ്ടായ പ്രചോദനങ്ങളിലൊന്നു മാത്രമാണ്. സാധാരണക്കാരായ തൊഴിലാളികളാണ് പ്രക്ഷോഭം നടത്തുന്നവരെന്നതും ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍