UPDATES

വിദേശം

സുഡാൻ മുൻ പ്രസിഡണ്ടിന് സൗദി 9 കോടി ഡോളർ നൽകി; എങ്ങനെ ചെലവഴിച്ചെന്ന് ഓർമ്മയില്ലെന്ന് ഒമർ അൽ ബഷീർ

അനധികൃതമായി വിദേശ കറൻസി കൈവശം വച്ചതിനും, അനൗദ്യോഗികമായി സമ്മാനങ്ങൾ സ്വീകരിച്ചതിനുമാണ് നിലവിൽ കേസ് നടക്കുന്നത്.

സുഡാന്‍ മുന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിന് സൗദി ഭരണകൂടം കോടിക്കണക്കിന് ഡോളർ നല്‍കിയതായി വെളിപ്പെടുത്തൽ. അഴിമതിക്കേസുകളിലും വിദേശ കറന്‍സി കൈവശം വെച്ചതിനും മുന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിന്റ വിചാരണ സുഡാനില്‍ പുരോഗമിക്കുകയാണ്. അതിനിടെ, അന്വേഷണ ഉദ്യോഗസ്ഥനാണ് കോടതിയെ ഇക്കാര്യം ധരിപ്പിച്ചത്. അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ ജനകീയ പ്രതിഷേധത്തെ തുടർന്ന് സൈന്യം അട്ടിമറിയിലൂടെ സുഡാനിൽ അധികാരം പിടിച്ചെടുതിരുന്നു.

അനധികൃതമായി വിദേശ കറൻസി കൈവശം വച്ചതിനും, അനൗദ്യോഗികമായി സമ്മാനങ്ങൾ സ്വീകരിച്ചതിനുമാണ് നിലവിൽ കേസ് നടക്കുന്നത്. 90 മില്ല്യണ്‍ ഡോളര്‍ പണം സൗദിയില്‍ നിന്ന് ലഭിച്ചുവെന്ന് ഒമര്‍ അല്‍ ബഷീര്‍ സമ്മതിച്ചതായി പൊലീസ് ബ്രിഗേഡിയര്‍ അഹ്മദ് അലി പറഞ്ഞു. ഏഴ് ദശലക്ഷം യൂറോയും (7.8 മില്യൺ ഡോളർ) കുറച്ച് അമേരിക്കൻ ഡോളറുകളും സുഡാനീസ് പൗണ്ടും അദ്ദേഹത്തിന്റെ വസതിയിൽനിന്നും പോലീസ് പിടിച്ചെടുത്തു. സംസ്ഥാന ബജറ്റിന് പുറമെ ചെലവഴിക്കാനായി മുഹമ്മദ് ബിൻ സൽമാൻ 25 മില്യൺ ഡോളർ പണം അയച്ചിരുന്നതായി ബഷീർ പറഞ്ഞുവെന്ന് അലി വ്യക്തമാക്കി. 2015ൽ മരണമടഞ്ഞ സൗദി അറേബ്യയുടെ മുൻ രാജാവ് അബ്ദുല്ലയിൽ നിന്നും രണ്ടുതവണയായി 35, 30 മില്യൺ ഡോളറും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

‘ഈ പണം സംസ്ഥാന ബജറ്റിന്റെ ഭാഗമല്ല, അതെങ്ങനെ ചെലവഴിക്കണമെന്ന് എനിക്കു തീരുമാനിക്കാമായിരുന്നു’ എന്നാണ് ബഷീർ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്. പണമെല്ലാം കൃത്യമായി ചെലവഴിച്ചുവെങ്കിലും ഒന്നിനും കൃത്യമായ രേഖകളില്ല. എന്തിനാണ് ചെലവഴിച്ചത് എന്ന് ഓർമയുമില്ല. എന്നാൽ ഈ ഏറ്റുപറച്ചിലുകളോട് സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്ത ശനിയാഴ്ച വീണ്ടും കോടതി വാദം കേൾക്കും.

1989 ജൂണ്‍ 30ന് അട്ടിമറിയിലൂടെ സുഡാന്റെ ഭരണം പിടിച്ച ഒമര്‍ അല്‍ ബഷീര്‍ 2019 ഏപ്രില്‍ 11നാണ് സ്ഥാനഭ്രഷ്ടനായത്. ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. അവസരം മുതലെടുത്ത സൈന്യം അധികാരം പിടിച്ചെടുത്തു. ഒരു ജനാധിപത്യ സർക്കാരിന് അധികാരം കൈമാറുമെന്ന് അവർ നേരത്തെ ഉറപ്പു നൽകിയിരുന്നുവെങ്കിലും പിന്നീട് അതിനു വിസമ്മതിച്ചു. ജനം വീണ്ടും തെരുവിലിറങ്ങി. സൈന്യവുമായി പലപ്പോഴും ഏറ്റുമുട്ടലുകളും രക്തച്ചൊരിച്ചിലും ഉണ്ടായി. അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായതോടെ ഒടുവിൽ രാജ്യത്തെ പ്രതിപക്ഷ കക്ഷികളുമായി ധാരണയിലെത്താൻ സൈന്യം നിർബന്ധിതരായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍